ഇംഗ്ലണ്ട് ടീമിലേക്ക് ജോഫ്ര ആര്‍ച്ചര്‍ എത്തുമെന്ന് സൂചനകള്‍ നല്‍കി ട്രെവര്‍ ബെയിലിസ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലേക്കുള്ള തന്റെ സ്ഥാനം ഉറപ്പിക്കുവാനുള്ള അവസരം ജോഫ്ര ആര്‍ച്ചറിനു ലഭിയ്ക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. വരുന്ന അയര്‍ലണ്ട് പാക്കിസ്ഥാന്‍ പരമ്പരകളിലെ പ്രകടനത്തിലൂടെ താരത്തിനു ലോകകപ്പിനു വേണ്ടിയുള്ള തന്റെ അവകാശവാദം ഉന്നയിക്കാമെന്നാണ് ബെയിലിസ്സ് നല്‍കിയ സൂചന. താരം ഉടന്‍ ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് എത്തുമെന്നും ആദ്യ അവസരം മേയില്‍ നടക്കുന്ന അയര്‍ലണ്ട് പാക്കിസ്ഥാന്‍ പരമ്പരയാവുമെന്നും ബെയലിസ്സ് സൂചിപ്പിച്ചു.

ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമയായ ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ ഏതാനും ആഴ്ചകള്‍ക്കകം ഇംഗ്ലണ്ടിനു വേണ്ടി കളിക്കുവാന്‍ അര്‍ഹനായി മാറും. താരത്തെ ഇംഗ്ലണ്ട് ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ട് കോച്ച് മനസ്സ് തുറന്നത്. മേയ് 22നു ആണ് ഇംഗ്ലണ്ടിന്റെ അന്തിമ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കേണ്ടത്. അതേ സമയം ഏപ്രില്‍ 23 ആണ് സാധ്യത സ്ക്വാഡ് പ്രഖ്യാപിക്കുവാനുള്ള അവസാന തീയ്യതി.

താരം അസാമാന്യ പ്രതിഭയാണെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തുന്ന പക്ഷം ടീമിന്റെ ഇപ്പോളത്തെ ഘടനയെ ബാധിക്കുവാനുള്ള സാധ്യതയും വളരെയേറെയാണെന്നാണ് ബെയിലിസ്സ് പറഞ്ഞത്. ഇംഗ്ലണ്ടിന്റെ ഇപ്പോളത്തെ ടീം നാല് വര്‍ഷത്തോളം എടുത്ത് രൂപപ്പെടുത്തിയെടുത്താണ്. ഈ സാഹചര്യം വലിയൊരു പ്രശ്നമാണെന്ന് താന്‍ പറയില്ലെങ്കിലും അത് ഗൗനിക്കേണ്ട ഒന്നാണെന്ന് ബെയിലിസ്സ് പറഞ്ഞു.

ജോഫ്ര ആര്‍ച്ചറെ പോലൊരു താരം അത്ര എളുപ്പം ലഭിക്കുന്ന ഒരാളല്ല. മത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയുവാന്‍ പ്രാപ്തനായ വ്യക്തിയാണ് ജോഫ്ര. ന്യൂ ബോളും ഡെത്ത് ഓവറുകളും മാത്രമല്ല മധ്യ ഓവറുകളിലും ഉപയോഗിക്കാവുന്ന അപൂര്‍വ്വം ചില ബൗളര്‍മാരില്‍ ഒരാളാണ് ജോഫ്രയെന്നും ഇംഗ്ലണ്ട് കോച്ച് പറഞ്ഞു.