രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്, ഇംഗ്ലണ്ടിനു ജയിക്കാന്‍ മൂന്ന് വിക്കറ്റ്, ശ്രീലങ്ക നേടേണ്ടത് 75 റണ്‍സ്

- Advertisement -

ശ്രീലങ്ക-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ലങ്ക 226/7 എന്ന നിലയില്‍ വിജയത്തിനു 75 റണ്‍സ് അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ഇംഗ്ലണ്ടിനു വിജയിക്കുവാന്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നേടിയാല്‍ മതി. 65.2 ഓവറുകള്‍ രണ്ടാം ഇന്നിംഗ്സില്‍ പിന്നിട്ടപ്പോള്‍ നിരോഷന്‍ ഡിക്ക്വെല്ലയാണ്(27) ശ്രീലങ്കയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

ദിമുത് കരുണാരത്നേയും ആഞ്ചലോ മാത്യൂസും നടത്തിയ പോരാട്ടമാണ് ശ്രീലങ്കയുടെ മത്സരത്തിലെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തിയത്. 26/3 എന്ന നിലയില്‍ ദിമുത് കരുണാരത്നേയും മാത്യൂസും ചേര്‍ന്ന് 77 റണ്‍സ് നാലാം വിക്കറ്റില്‍ നേടി ശ്രീലങ്കയെ മികച്ച നിലയിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ലഞ്ച് കഴിഞ്ഞ് ഉടനെ ആദില്‍ റഷീദ് 57 റണ്‍സ് നേടിയ കരുണാരത്നേയെ പുറത്താക്കി.

73 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ചേര്‍ത്ത് റോഷെന്‍ സില്‍വയും മാത്യൂസിനൊപ്പം ശ്രീലങ്കയെ മുന്നോട്ട് നയിച്ചു. എന്നാല്‍ ഇരു താരങ്ങളെയും പുറത്താക്കി മോയിന്‍ അലി ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിക്കുകയായിരുന്നു. സില്‍വ 37 റണ്‍സ് നേടി പുറത്തായപ്പോള്‍ ആഞ്ചലോ മാത്യൂസ് 88 റണ്‍സാണ് നേടിയത്. നിരോഷന്‍ ഡിക്ക്വല്ലയ്ക്കൊപ്പം ആറാം വിക്കറ്റില്‍ 45 റണ്‍സ് കൂടി നേടിയ ശേഷമാണ് മാത്യൂസിന്റെ മടക്കം.

ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് നാല് വിക്കറ്റ് നേടിയപ്പോള്‍ മോയിന്‍ രണ്ടും ആദില്‍ റഷീദ് ഒരു വിക്കറ്റും നേടി. അവസാന ദിവസത്തേക്ക് മത്സരം കടക്കുമ്പോള്‍ ഇരു ടീമുകള്‍ക്കും ജയസാധ്യതയുണ്ടെങ്കിലും ഇംഗ്ലണ്ടിനാണ് മത്സരത്തില്‍ മേല്‍ക്കൈ.

Advertisement