മഴ, പത്തോവറാക്കി ചുരുക്കിയ ടി20 മത്സരത്തില്‍ വിജയം ദക്ഷിണാഫ്രിക്കയ്ക്ക്

- Advertisement -

ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ടീമുകള്‍ തമ്മിലുള്ള ഏക ടി20 മത്സരത്തില്‍ വിജയം സന്ദര്‍ശകര്‍ക്ക്. ക്യൂന്‍സ്‍ലാന്‍ഡില്‍ ഓസ്ട്രേലിയെ 21 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഇവര്‍ തമ്മിലുള്ള ഏക ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കിയത്. മഴ മൂലം മത്സരം 10 ഓവറായി ചുരുക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 108/6 എന്ന സ്കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 87/7 എന്ന സ്കോര്‍ മാത്രമേ 10 ഓവറില്‍ നിന്ന് നേടാനായുള്ളു.

ക്വിന്റണ്‍ ഡിക്കോക്ക്(22), റീസ ഹെന്‍ഡ്രിക്സ്(19), ഫാഫ് ഡു പ്ലെസി(27) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക 108 റണ്‍സ് പത്തോവറില്‍ നിന്ന് നേടിയത്. ഓസ്ട്രേലിയയ്ക്കായി ആന്‍ഡ്രൂ ടൈ, നഥാന്‍ കോള്‍ട്ടര്‍-നൈല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഗ്ലെന്‍ മാക്സ്വെല്‍ 38 റണ്‍സ് നേടിയെങ്കിലും മറ്റാര്‍ക്കും തന്നെ വേണ്ടത്ര റണ്‍സ് കണ്ടെത്താനാകാതെ പോയത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. അവസാന പന്തില്‍ മാക്സ്വെല്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് 87 റണ്‍സ് മാത്രമേ നേടാനായുള്ളു. ക്രിസ് ലിന്‍(14) ആണ് രണ്ടക്കം കടന്ന മറ്റൊരു ഓസ്ട്രേലിയന്‍ താരം.

ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയില്‍ ലുംഗിസാനി ഗിഡി, ക്രിസ് മോറിസ്, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. തന്റെ 2 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് നേടയി തബ്രൈസ് ഷംസിയാണ് കളിയിലെ താരം.

Advertisement