തന്റേത് മികച്ചൊരു കരിയര്‍ – ഡ്വെയിന്‍ ബ്രാവോ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐസിസിയുടെ ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം തന്റെ അന്താരാഷ്ട്ര റിട്ടയര്‍മെന്റ് ഉണ്ടാകുമെന്ന് അറിയിച്ച് ഡ്വെയിന്‍ ബ്രാവോ പറയുന്നത് തന്റേത് മികച്ചൊരു കരിയര്‍ ആയിരുന്നുവെന്നാണ്. താന്‍ വിന്‍ഡീസിനെ 18 വര്‍ഷത്തോളം പ്രതിനിധാനം ചെയ്തിട്ടുണ്ടെന്നും തന്റെ കരിയറിന് വിരാമം ഇടുവാന്‍ സമയമായി എന്ന് കരുതുന്നുവെന്നും ഇന്നലെ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സര ശേഷം ബ്രാവോ വ്യക്തമാക്കി.

2018ൽ താരം ഒരിക്കൽ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച ശേഷം 2019ൽ അത് പുനഃപരിശോധിച്ച ശേഷമാണ് വീണ്ടും കളിക്കളത്തിൽ സജീവമായത്.

ഏതൊരാള്‍ക്കും സംഭവിച്ചത് പോലെ തന്റെ കരിയറിൽ ഉയര്‍ച്ച താഴ്ചകളുണ്ടായിട്ടുണ്ടെന്നും എന്നാൽ തിരിഞ്ഞ് നോക്കുമ്പോള്‍ ഏറെ സംതൃപ്തി തോന്നുന്നുണ്ടെന്നും തന്റെ പ്രദേശത്തെയും കരീബിയന്‍ ആളുകളെയും പ്രതിനിധാനം ചെയ്യുവാന്‍ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും ബ്രാവോ കൂട്ടിചേര്‍ത്തു.

നേരത്തെ പാക്കിസ്ഥാന്‍ വിന്‍ഡീസിൽ ടി20 കളിക്കാനെത്തിയപ്പോള്‍ ക്യാപ്റ്റന്‍ കീറൺ പൊള്ളാര്‍ഡ് ബ്രാവോ കരീബിയന്‍ മണ്ണിൽ തന്റെ അവസാന ടി20 അന്താരാഷ്ട്ര മത്സരം ആണ് കളിക്കുന്നതെന്ന് പറഞ്ഞിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലുള്ള തീരുമാനം ആണ് ബ്രാവോയിൽ നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

വിന്‍ഡീസിനായി 90 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ബ്രാവോ 1245 റൺസും 78 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2012, 2016 ടി20 ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമിന്റെ ഭാഗവുമായിരുന്നു താരം.