ഏകദിനത്തിനു പിന്നാലെ ടി20യിലും വിജയം കുറിച്ച് ന്യൂസിലാണ്ട്

ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ടി20 പരമ്പരയിലും വിജയം കുറിച്ച് ന്യൂസിലാണ്ട്. ഇന്നലെ നടന്ന ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 179 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 16.5 ഓവറില്‍ 144 റണ്‍സിനു ഓള്‍ഔട്ട് ആയി. 19 പന്തുകള്‍ അവശേഷിക്കെയാണ് ശ്രീലങ്ക 35 റണ്‍സ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.

179/7 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി ബാറ്റ്സ്മാന്മാരായ ഡഗ് ബ്രേസ്‍വെല്ലും സ്കോട്ട് കുജ്ജെലൈനും നടത്തിയ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. 26 പന്തില്‍ നിന്ന് 44 റണ്‍സാണ് ഡഗ് ബ്രേസ്‍വെല്‍ നേടിയത്. സ്കോട്ട് 15 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. റോസ് ടെയിലര്‍ 33 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ 27/4 എന്നും 55/5 എന്ന നിലയിലും വീണ ശേഷമാണ് മികച്ച സ്കോര്‍ നേടുവാന്‍ ന്യൂസിലാണ്ടിനു സാധിച്ചത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിത മൂന്നും ലസിത് മലിംഗ രണ്ടും വിക്കറ്റ് നേടി.

ഏകദിനത്തിലേത് പോലെ തിസാര പെരേര 24 പന്തില്‍ 43 റണ്‍സുമായി തിളങ്ങിയതാണ് ശ്രീലങ്കന്‍ നിരയിലെ മികച്ച പ്രകടനം. കുശല്‍ പെരേര 12 പന്തില്‍ 23 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ ലങ്കന്‍ നിരയില്‍ സാധിച്ചില്ല. ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി എന്നിവര്‍ മൂന്ന് വിക്കറ്റ് ന്യൂസിലാണ്ട് ബൗളര്‍മാരില്‍ തിളങ്ങി.