ടെസ്റ്റിലും ടി20യിലും അഫ്ഗാനിസ്ഥാന് വ്യത്യസ്തമായ ടീമുകള്‍, അത് ക്രിക്കറ്റ് ഇവിടെ എത്രമാത്രം ശക്തമാണെന്ന് സൂചിപ്പിക്കുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റ് ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും വ്യത്യസ്തമായ ടീമുകളാണ് അഫ്ഗാനിസ്ഥാനുള്ളതെന്നും വെറും മൂന്ന് താരങ്ങളാണ് ഇരു ഫോര്‍മാറ്റിലും കളിക്കുന്നതെന്നും വ്യക്തമാക്കി റഷീദ് ഖാന്‍. ഇത് രാജ്യത്ത് ക്രിക്കറ്റ് എത്ര മാത്രം വളരുന്നു എന്നതിന്റെ സൂചനയാണെന്നും താരം പറഞ്ഞു. താനും നബിയും അസ്ഗര്‍ അഫ്ഗാനും മാത്രമാണ് ഇരു ഫോര്‍മാറ്റിലും കളിക്കുന്നത്, ബാക്കി താരങ്ങളെല്ലാം വ്യത്യസ്തരാണെങ്കിലും രണ്ട് ഫോര്‍മാറ്റിലേക്കും മാറുന്നതില്‍ ടീമിന് വലിയ പ്രയാസം ഇല്ലെന്ന് റഷീദ് ഖാന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുവാനുള്ള പ്രാപ്തി ഒരു താരത്തിന് ഉണ്ടാകണമെന്നും താരം പറഞ്ഞു. തങ്ങളുടെ മത്സര പരിചയമാണ് ഈ വിഷയത്തില്‍ തങ്ങളെ സഹായിക്കുന്നതെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി. ഈ പരമ്പരയില്‍ അരങ്ങേറ്റം നടത്തിയ പല താരങ്ങളും മികവ് പുലര്‍ത്തി എന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് അഫ്ഗാന്‍ താരം വ്യക്തമാക്കി.

ഇബ്രാഹിം സദ്രാന്റെ ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണിയമായിരുന്നു. സഹീര്‍ ഖാനും ഖൈസ് അഹമ്മദും ടെസ്റ്റില്‍ അരങ്ങേറ്റം നടത്തി. തന്റെ ആദ്യ പരമ്പര കളിച്ച റഹ്മാനുള്ള ഗുര്‍ബാസ് മികവ് പുലര്‍ത്തി. ഫരീദും നവീന്‍-ഉള്‍-ഹക്കും എല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. യുവ താരങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ശ്രദ്ധേയമായ കാര്യമാണെന്നും റഷീദ് ഖാന്‍ പറഞ്ഞു.

ടി20 പരമ്പരയ്ക്ക് മുമ്പ് മികച്ചൊരു ക്യാമ്പ് നാട്ടില്‍ നടന്നിരുന്നു. ടെസ്റ്റ് ടീമിന്റെ തയ്യാറെടുപ്പുകള്‍ അബുദാബിയിലാണ് നടന്നത്. വിവിധ ഫോര്‍മാറ്റില്‍ വിവിധ ടീമുകള്‍ ഉള്ളത് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും ക്യാപ്റ്റനും കോച്ചിനും ഇത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും റഷീദ് ഖാന്‍ അഭിപ്രായപ്പെട്ടു.