പൊരുതി നോക്കി ദിനേശ് കാര്‍ത്തിക്ക്, ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് സ്റ്റോയിനിസ്

- Advertisement -

ആദ്യ ടി20യില്‍ വിജയം നേടുവാന്‍ കഴിയാതെ ഇന്ത്യ. ഒരു വശത്ത് ശിഖര്‍ ധവാന്‍ അടിച്ച് തകര്‍ത്ത ശേഷം അപ്രാപ്യമായ ലക്ഷ്യം മുന്നില്‍ നില്‍ക്കെ ഋഷഭ്  പന്തും ദിനേശ് കാര്‍ത്തിക്കും പൊരുതി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും 17 ഓവറില്‍ നിന്ന് വിജയത്തിനായി 174 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയ്ക്ക് 169 റണ്‍സ് മാത്രമേ നേടാനായുള്ളു. ഓസ്ട്രേലിയ 4 റണ്‍സിന്റെ വിജയം മത്സരത്തില്‍ സ്വന്തമാക്കി.

രോഹിത് ശര്‍മ്മയെ(7) ജേസണ്‍ ബെഹെന്‍ഡ്രോഫ് പുറത്താക്കിയപ്പോള്‍ ആഡം സംപ ലോകേഷ് രാഹുലിനെയും(13) വിരാട് കോഹ്‍ലിയെയും(4) പുറത്താക്കി. 14ാം ഓവറില്‍ 25 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക്ക് മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കി. 2 സിക്സും 2 ബൗണ്ടറിയുമാണ് ആന്‍ഡ്രൂ ടൈ എറിഞ്ഞ ഓവറില്‍ നിന്ന് കാര്‍ത്തിക്ക് നേടിയത്. ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം 18 പന്തില്‍ 35 റണ്‍സായി മാറിയിരുന്നു.

മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ 15ാം ഓവറില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തും 11 റണ്‍സ് നേടി മത്സരത്തില്‍ ഇന്ത്യയ്ക്കും സാധ്യത സൃഷ്ടിച്ചു. അവസാന രണ്ടോവറില്‍ 24 റണ്‍സെന്ന ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് 20 റണ്‍സ് നേടിയ ഋഷഭ് പന്തിനെ ഓവറിന്റെ മൂന്നാം പന്തില്‍ നഷ്ടമായി. ആന്‍ഡ്രൂ ടൈയ്ക്കാണ് വിക്കറ്റ്.

ഓവറില്‍ നിന്ന് 11 റണ്‍സ് വന്നപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം അവസാന ഓവറില്‍ 13 റണ്‍സായി മാറി. ഓവറിന്റെ മൂന്നാം പന്തില്‍ ക്രുണാല്‍ പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തി സ്റ്റോയിനിസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. തൊട്ടടുത്ത പന്തില്‍ കാര്‍ത്തിക്കിനെയും പുറത്താക്കി ഓസ്ട്രേലിയയെ വിജയത്തിലേക്ക് സ്റ്റോയിനിസ് നയിച്ചു. 13 പന്തില്‍ നിന്ന് 30 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്.

മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസും ആഡം സംപയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രൂ ടൈ വളരെയധികം റണ്‍സ് വഴങ്ങി. ഓസ്ട്രേലിയ വ്യക്തമായ മേല്‍ക്കൈ സ്വന്തമാക്കിയ മത്സര സ്ഥിതിയില്‍ നിന്ന് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് ടൈയുടെ ഓവറില്‍ പിറന്ന 25 റണ്‍സാണ്.

Advertisement