ലക്ഷ്യം 5 ഓവറില്‍ 47 റണ്‍സ്, റഷീദ് ഖാന്റെ ഓവറില്‍ 17 റണ്‍സ് നേടി വിജയം സ്വന്തമാക്കി സൂക്ക്സ്

മഴ മൂലം ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ആദ്യ ഇന്നിംഗ്സ് 18.1 ഓവറില്‍ 131/7 എന്ന നിലയില്‍ അവസാനിച്ച ശേഷം കളി പുനരാരംഭിക്കുവാനുള്ള സാഹചര്യം വന്നപ്പോള്‍ സെയിന്റ് ലൂസിയ സൂക്ക്സിന് 5 ഓവറില്‍ വിജയത്തിനായി 47 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. ലക്ഷ്യം 5 പന്തുകള്‍ അവശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ടീം മറികടക്കുകയായിരുന്നു.

ആദ്യ ഓവര്‍ എറിഞ്ഞ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ മൂന്ന് തവണ അതിര്‍ത്തി കടത്തിയ റഖീം കോണ്‍വാല്‍ നല്‍കിയ തുടക്കത്തിന്റെ ചുവട് പിടിച്ചാണ് സെയിന്റ് ലൂസിയ് സൂക്ക്സ് തങ്ങളുടെ വിജയം ഉറപ്പാക്കിയത്. 8 പന്തില്‍ നിന്ന് 14 റണ്‍സ് നേടിയ കോണ്‍വാല്‍ റഷീദ് ഖാന്റെ ഓവറില്‍ പുറത്തായപ്പോള്‍ നജീബുള്ള സദ്രാനെ(5) റെയ്മണ്‍ റീഫര്‍ മടക്കി.

ലക്ഷ്യം അവസാന രണ്ടോവറില്‍ 12 റണ്‍സെന്നിരിക്കെ റഷീദ് ഖാന്‍ എറിഞ്ഞ ഓവറിന്റെ ആദ്യത്തെ പന്ത് തന്നെ സിക്സര്‍ പറത്തിയ മുഹമ്മദ് നബി അടുത്ത പന്തില്‍ ബൗണ്ടറി നേടി കാര്യങ്ങള്‍ സൂക്ക്സിനെ എളുപ്പമാക്കുമെന്ന് കരുതിയെങ്കിലും മൂന്നാമത്തെ പന്തില്‍ നബിയെ മടക്കി റഷീദ് ഖാന്‍ തിരിച്ചടിയ്ക്കുകയായിരുന്നു. 6 പന്തില്‍ നിന്ന് 15 റണ്‍സാണ് മുഹമ്മദ് നബി നേടിയത്.

എന്നാല്‍ ഓവറിന്റെ അഞ്ചാം പന്തില്‍ റഷീദ് ഖാനെ വീണ്ടും സിക്സര്‍ പറഞ്ഞ് ആന്‍ഡ്രേ ഫ്ലെച്ചര്‍ മത്സരം സൂക്ക്സിന് അനുകൂലമാക്കി മാറ്റുകയായിരുന്നു. ഓവറില്‍ നിന്ന് നേടിയ 17 റണ്‍സിന്റെ പിന്തുണയോടെ അവസാന ഓവറില്‍ വെറും ഒരു റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സൂക്ക്സ് അത് അനായാസം നേടുകയായിരുന്നു.

ആന്‍ഡ്രേ ഫ്ലെച്ചര്‍ പുറത്താകാതെ 16 റണ്‍സുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.