താഹിറിന്റെ മാസ്മരിക സ്പെല്‍, സൂക്ക്സ് നിരയില്‍ പിടിച്ച് നിന്നത് റോസ്ടണ്‍ ചേസ് മാത്രം

റോസ്ടണ്‍ ചേസ് നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 144 റണ്‍സ് നേടി സെയിന്റ് ലൂസിയ സൂക്ക്സ്. ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് തുടക്കം മുതലെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ ഇമ്രാന്‍ താഹിറിന്റെ മാസ്മരിക സ്പെല്ലാണ് മത്സരം തുടക്കത്തില്‍ മാറ്റി മറിച്ചത്.

റോസ്ടണ്‍ ചേസിന്റെ അര്‍ദ്ധ ശതകമില്ലായിരുന്നുവെങ്കില്‍ സൂക്ക്സ് നാണംകെട്ട സ്കോറില്‍ അവസാനിക്കേണ്ടതായിരുന്നു. താഹിറിന്റെ അവസാന ഓവറില്‍ റോസ്ടണ്‍ ചേസ് ഒരു സിക്സ് നേടുകയും ചെയ്തപ്പോള്‍ തന്റെ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റാണ് താഹിര്‍ നേടിയത്.

ചേസ് 66 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നബി 27 റണ്‍സ് നേടി പുറത്തായി. ഇരുവരും തമ്മിലുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 57 റണ്‍സാണ് സൂക്ക്സിന് ആശ്വാസമായി മാറിയത്. ആറാം വിക്കറ്റില്‍ ചേസും ജാവെല്ലേ ഗ്ലെനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 43 റണ്‍സ് കൂട്ടുകെട്ടും ഇന്നിംഗ്സിന്റെ അവസാനത്തോടെ ടീമിന് തുണയായി. അവസാന ഓവറിലെ നാലാം പന്തില്‍ 19 റണ്‍സ് നേടിയ ഗ്ലെന്‍ പുറത്തായി.

തൊട്ടടുത്ത പന്തില്‍ ചേസും പുറത്താകുകയായിരുന്നു. 51 പന്തില്‍ നിന്നാണ് ചേസിന്റെ 66 റണ്‍സ്. ഇരു വിക്കറ്റുകളും നേടിയത് ഒഡിയന്‍ സ്മിത്ത് ആയിരുന്നു. 7 വിക്കറ്റാണ് സൂക്ക്സിന് നഷ്ടമായത്.