പത്ത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി കരീബിയന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ വിജയക്കുതിപ്പ് തുടര്‍ന്ന് ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിനെയാണ് ആമസോണ്‍ വാരിയേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ 89/9 എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 14.2 ഓവറില്‍ ഗയാന മറികടന്നു.
ഈ തോല്‍വിയോടെ ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ സെമി സാധ്യതകള്‍ അസ്തമിച്ചു. നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് ബാര്‍ബഡോസ് ട്രിഡന്റ്സ്. കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് നിലവിലെ ചാമ്പ്യന്‍മാര്‍ നോക്കൗട്ട് ലീഗില്‍ ഇടം ലഭിയ്ക്കാതെ പുറത്താകുന്നത്.
മൂന്ന് വീതം വിക്കറ്റ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡും ഇമ്രാന്‍ താഹിറുമാണ് ബാര്‍ബഡോസിന്റെ അന്തകരായത്. ബാര്‍ബഡോസിന് വേണ്ടി സാന്റനറും നയീം യംഗും 18 റണ്‍സ് വീതം നേടി ടോപ് സ്കോറര്‍മാരാകുകയായിരുന്നു.
ഷിമ്രണ്‍ ഹെറ്റ്മ്യര്‍(32*), ചന്ദ്രപോള്‍ ഹേംരാജ്(29) എന്നിവരാണ് ഗയാനയുടെ ബാറ്റിംഗില്‍ തിളങ്ങിയത്. റോസ് ടെയിലര്‍ 16 റണ്‍സ് നേടി ഹെറ്റ്മ്യറിനൊപ്പം വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. ബാര്‍ബഡോസിന് വേണ്ടി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് നേടി.