ഇംഗ്ലണ്ട് ടോപ് ഓര്‍ഡറിൽ മൂന്ന് പേര്‍ക്ക് ശതകം, അഞ്ഞൂറ് നേടാനാകാതെ ഇംഗ്ലണ്ട്

നെതര്‍ലാണ്ട്സിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. ഇന്ന് മത്സരത്തിൽ ടോസ് ലഭിച്ച നെതര്‍ലാണ്ട്സ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ രണ്ടാം ഓവറിൽ ജേസൺ റോയിയെ പുറത്താക്കി നെതര്‍ലാണ്ട്സ് ശക്തമായ തുടക്കമാണ് നേടിയത്.

എന്നാൽ പിന്നീട് ഇംഗ്ലണ്ടിന്റെ സര്‍വ്വാധിപത്യമാണ് മത്സരത്തിൽ കണ്ടത്. ഫിലിപ്പ് സാള്‍ട്ട്, ദാവിദ് മലന്‍, ജോസ് ബട്‍ലര്‍ എന്നിവര്‍ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇംഗ്ലണ്ട് 498 റൺസാണ് നേടിയത്. ഈ സ്കോറോട് കൂടി ഇംഗ്ലണ്ട് തങ്ങളുടെ തന്നെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡ് മറികടന്നു.

222 റൺസ് ആണ് ഫിലിപ്പ് സാള്‍ട്ടും ദാവിദ് മലനും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയത്. 93 പന്തിൽ 122 റൺസ് നേടിയ സാള്‍ട്ട് പുറത്തായ ശേഷം ക്രീസിലെത്തിയ ജോസ് ബട്‍ലര്‍ സംഹാര താണ്ഡവം ആടിയപ്പോള്‍ താരം 47 പന്തിൽ തന്റെ ശതകം നേടി.

മൂന്നാം വിക്കറ്റിൽ 184 റൺസാണ് മലനും ജോസ് ബട്‍ലറും ചേര്‍ന്ന് നേടിയത്. 125 റൺസ് നേടിയ ദാവിദ് മലനെ പുറത്താക്കി പീറ്റര്‍ സീലാര്‍ തൊട്ടടുത്ത പന്തിൽ ഓയിന്‍ മോര്‍ഗനെയും വീഴ്ത്തുകയായിരുന്നു. മലന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റൺ 46ാം ഓവറിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 32 റൺസ് പറത്തിയപ്പോള്‍ ഫിലിപ്പ് ബോയിസ്സേവെയിന്‍ തന്റെ പത്തോവറിൽ നിന്ന് 108 റൺസാണ് വഴങ്ങിയത്.

17 പന്തിൽ നിന്നാണ് തന്റെ ഫിഫ്റ്റി ലിയാം ലിവിംഗ്സ്റ്റൺ പൂര്‍ത്തിയാക്കിയത്. ജോസ് ബട്‍ലര്‍ 70 പന്തിൽ 162 റൺസ് നേടിയപ്പോള്‍ 22 പന്തിൽ 66 റൺസാണ് ലിയാം ലിവിംഗ്റ്റൺ നേടിയത്. ഇരുവരും പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാം വിക്കറ്റിൽ 32 പന്തിൽ നിന്ന് 91 റൺസാണ് ഇംഗ്ലണ്ട് നേടിയത്.

47 പന്തിൽ നിന്ന് ജോസ് ബട്‍ലര്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇംഗ്ലണ്ടിനായി ഏറ്റവും വേഗത്തിൽ നേടിയ ശതകങ്ങളുടെ പട്ടികയിൽ ഈ ഇന്നിംഗ്സ് രണ്ടാം സ്ഥാനത്താണ്. ആദ്യ സ്ഥാനവും 46 പന്തിൽ ശതകം നേടിയ ജോസിന് തന്നെയാണ്. മൂന്നാം സ്ഥാനവും ജോസിന്റെ കൈയ്യിൽ ഭദ്രം.