പുൽമേട് കയ്യടക്കാൻ തയ്യാറായി ആട്!

ഇന്ന് ടെന്നീസ് അനുവാചകരെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് വരുന്നത്. താൻ വിംബിൾഡണിൽ കളിച്ചേക്കും എന്ന സൂചന നൽകിയിരിക്കുകയാണ് റാഫ. അടുത്ത തിങ്കളാഴ്‌ച്ച ലണ്ടിനിലേക്ക് തിരിക്കുന്ന നദാൽ, ഹർലിംഗമിൽ ഒരു എക്സിബിഷൻ മാച്ച് കളിച്ചേക്കും. ഫ്രഞ്ച് ഓപ്പൺ കഴിഞ്ഞു ലഭിച്ച ചികിത്സയും, പരിശീലനവും നൽകുന്ന സൂചന, തനിക്ക് ഗ്രാസ് കോർട്ടിൽ കളിക്കാൻ സാധിക്കും എന്നു തന്നെയാണ് എന്നു നദാൽ ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. അടുത്ത ഒരാഴ്ച്ചത്തെ പരിശീലനം കൂടി കഴിഞ്ഞു മാത്രമേ കളിക്കുന്ന കാര്യം ഉറപ്പിക്കാൻ സാധിക്കൂ എന്നും നദാൽ കൂട്ടിച്ചേർത്തു.

ഫ്രഞ്ച് ഓപ്പണിൽ വേദന സംഹാരികളുടെ സഹായത്തോടെയാണ് താൻ കളിച്ചതെന്ന് ട്രോഫി നേടിയ ശേഷം നദാൽ പറഞ്ഞിരുന്നു. ഇത്തവണ വിംബിൾഡണിൽ കളിക്കുകയാണെങ്കിൽ, 2010 ശേഷം ഒരിക്കൽ കൂടി ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ട്രോഫി ഉയർത്താൻ ടെന്നീസിലെ എക്കാലത്തെയും മികച്ച ഈ കളിക്കാരന് സാധിച്ചേക്കും എന്നാണ് ടെന്നീസ് പ്രേമികളുടെ അനുമാനം.