ഷിന്‍വാരിയും ഫഹീം അഷ്റഫും ബിഗ് ബാഷില്‍ നിന്ന് പിന്മാറി

ബിഗ് ബാഷ് 2019-20 സീസണില്‍ നിന്ന് അവസാന നിമിഷം പിന്മാറി റെനഗേഡ്സിന്റെ പാക്കിസ്ഥാന്‍ താരങ്ങളായ ഫഹീം അഷ്റഫും ഉസ്മാന്‍ ഷിന്‍വാരിയും. ഇവര്‍ക്ക് പകരം ഇംഗ്ലീഷ് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണെ ടീം സ്വന്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ റാവല്‍പിണ്ടി ടെസ്റ്റില്‍ തിര‍ഞ്ഞെടുത്തതാണ് ഷിന്‍വാരി പിന്മാറുവാന്‍ കാരണം. അതേ സമയം അഷ്റഫ് പ്രാദേശിക ടൂര്‍ണ്ണമെന്റ് കളിക്കുവാനായി പാക്കിസ്ഥാനില്‍ തന്നെ തുടരുകയായിരുന്നു. അതേ സമയം ഉസ്മാന്‍ ഷിന്‍വാരിയ്ക്ക് പകരം ഹാരി ഗുര്‍ണേ മുഴുവന്‍ മത്സരങ്ങള്‍ക്കും ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.

റിച്ചാര്‍ഡ് മികച്ച പേസില്‍ പന്തെറിയുന്ന താരമാണെന്നാണ് റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ അവകാശപ്പെടുന്നത്. പവര്‍പ്ലയില്‍ ഡെത്ത് ഓവറുകളില്‍ കണിശതയോടെ പന്തെറിയുവാന്‍ കഴിവുള്ള താരം ടി20 ബ്ലാസ്റ്റിലെ മികച്ച ബൗളര്‍മാരില്‍ ഒരാളാണെന്നും ക്ലിംഗര്‍ പറഞ്ഞു.