പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടം, ട്രാവിസ് ഹെഡിന് അര്‍ദ്ധ ശതകം

പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. മാര്‍നസ് ലാബൂഷാനെയും(143) ട്രാവസ് ഹെഡും(56) അടുത്തടുത്ത് പുറത്തായതാണ് രണ്ടാം ദിവസം ന്യൂസിലാണ്ടിന് നല്‍കുന്ന പ്രതീക്ഷ. ആറാം വിക്കറ്റില്‍ ലാബൂഷാനെ-ഹെഡ് കൂട്ടുകെട്ട് വലിയ സ്കോറിലേക്ക് ടീമിനെ നയിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ലാബൂഷാനെയെ പുറത്താക്കി വാഗ്നറും ഹെഡിനെ പുറത്താക്കി സൗത്തിയും ന്യൂസിലാണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കി. 76 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത്. ട്രാവിസ് ഹെഡ് തന്റെ ഏഴാം ടെസ്റ്റ് ശതകമാണ് നേടിയത്.

ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 117 ഓവറില്‍ 337/6 എന്ന നിലയിലാണ്. 15 റണ്‍സുമായി ടിം പെയിനും 5 റണ്‍സ് നേടി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍ നില്‍ക്കുന്നത്. നീല്‍ വാഗ്നര്‍ മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റാണ് ന്യൂസിലാണ്ടിനായി നേടിയിട്ടുള്ളത്.