ടര്‍ണര്‍ തിരികെ സ്കോര്‍ച്ചേര്‍സിലേക്ക് മടങ്ങുന്നു

ഓസ്ട്രേലിയയുടെ ഏകദിന ടീമിന്റെ അവസാന ഇലവനില്‍ ഇടം ലഭിയ്ക്കാതിരുന്ന ആഷ്ടണ്‍ ടര്‍ണറെ റിലീസ് ചെയ്ത് ടീം ഓസ്ട്രേലിയ. മിച്ചല്‍ മാര്‍ഷിനു പകരം കരുതല്‍ താരമായി ടീമിലേക്ക് എത്തിയ താരത്തിനു ഒന്നാം ഏകദിനത്തിനുള്ള ആദ്യ ഇലവനില്‍ ഇടം പിടിയ്ക്കാനായിരുന്നില്ല. ഇതോടെ താരത്തിനു തിരികെ ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു വേണ്ടി കളിയ്ക്കാനായി മടങ്ങാം. ടീമിന്റെ നായകന്‍ കൂടിയാണ് ആഷ്ടണ്‍ ടര്‍ണര്‍.

നിലവില്‍ അവസാന സ്ഥാനത്തുള്ള പെര്‍ത്തിനു ടര്‍ണറുടെ മടങ്ങി വരവ് ഏറെ ഗുണം ചെയ്യുമെന്ന് വേണം കരുതുവാന്‍. മികച്ച ഫോമില്‍ കളിയ്ക്കുന്ന ടര്‍ണര്‍ ബിഗ് ബാഷിലെ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് 43*, 47, 60* എന്ന സ്കോറാണ് നേടിയിട്ടുള്ളത്. 200നടുത്ത് സ്ട്രൈക്ക് റേറ്റോടു കൂടിയാണ് താരത്തിന്റെ ബാറ്റിംഗ് പ്രകടനം.

ഞായറാഴ്ച് സിഡ്നി സിക്സേര്‍സുമായാണ് സ്കോര്‍ച്ചേര്‍സിന്റെ അടുത്ത മത്സരം.