അവസാന പന്തില്‍ സിഡ്നി ഡെര്‍ബി ജയിച്ച് സിക്സേര്‍സ്, ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം

സിഡ്നി ഡെര്‍ബി ജയിച്ച് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ കരുത്തുറ്റ പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടര്‍ നേടിയ 156 റണ്‍സ് അവസാന പന്തിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സ് മറികടന്നത്. അവസാന മൂന്നോവറില്‍ 25 റണ്‍സും അവസാന ഓവറില്‍ 9 റണ്‍സും ആയിരുന്നു സിക്സേര്‍സ് നേടേണ്ടിയിരുന്നത്. മറുവശത്ത് തണ്ടറിനായി ക്രിസ് ഗ്രീന്‍ മികച്ചൊരു സ്പെല്ലാണ് എറിഞ്ഞതെങ്കിലും അവസാന ഓവറില്‍ സിക്സേര്‍സിനെ പിടിച്ചുകെട്ടാന്‍ ഗ്രീനിനുമായില്ല. അവസാന പന്തില്‍ വേണ്ടിയിരുന്ന 2 റണ്‍സ് നേടി ഹെന്‍റികസ് ആണ് ടീമിന്റെ വിജയ റണ്‍ സ്വന്തമാക്കിയത്.

ഡാനിയേല്‍ ഹ്യൂജ്സ്(66*), ജോ ഡെന്‍ലി(43), നിക് മാഡിന്‍സണ്‍(28), മോയിസസ് ഹെന്‍റികസ്(18*) എന്നിവരുടെ പ്രകടനമാണ് ആധികാരിക ജയം സ്വന്തമാക്കാന്‍ സിഡ്നി സിക്സേര്‍സിനെ സഹായിച്ചത്. ഫവദ് അഹമ്മദിനും അര്‍ജ്ജുന്‍ നായരിനുമാണ് തണ്ടറിനായി വിക്കറ്റ് ലഭിച്ചത്. 29 പന്തില്‍ 43 റണ്‍സ് നേടിയ ജോ ഡെന്‍ലിയാണ് പുറത്തായത്.

നേരത്തെ ക്രിസ് ഗ്രീനിന്റെ(49) ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ തണ്ടര്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടുകയായിരുന്നു. ജെയിംസ് വിന്‍സ്(34), ജേ ലെന്റണ്‍(18*) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial