ഡാര്‍സി ഷോര്‍ട്ടിന്റെ ശതകം തട്ടിയെടുത്ത് അമ്പയര്‍, ഹോബാര്‍ട്ടിനു വലിയ ജയം

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 59 റണ്‍സിന്റെ ജയം കരസ്ഥമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ 20 ഓവറില്‍ നിന്ന് 2 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് ഹോബാര്‍ട്ട് നേടിയത്. മാത്യൂ വെയിഡ്(41), ബെന്‍ മക്ഡര്‍മട്ട്(27*) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിനൊപ്പം പുറത്താകാതെ 96 റണ്‍സ് നേടിയ ഡാര്‍സി ഷോര്‍ട്ടും ചേര്‍ന്നപ്പോള്‍ ഹോബാര്‍ട്ട് ബാറ്റിംഗ് മിന്നി തിളങ്ങുകയായിരുന്നു.

57 പന്തില്‍ നിന്ന് 8 ബൗണ്ടറിയും 4 സിക്സും അടക്കമായിരുന്നു ഷോര്‍ട്ടിന്റെ തിളക്കമാര്‍ന്ന ബാറ്റിംഗ്. 18ാം ഓവറില്‍ ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ അഞ്ചാം പന്ത് താരം ബൗണ്ടറി പായിച്ചുവെങ്കിലും അമ്പയര്‍ അത് നാല് ലെഗ്ബൈ എന്നാണ് സിഗ്നല്‍ ചെയ്തത്. ആ നാല് റണ്‍സിനാണ് താരത്തിനു ശതകം നഷ്ടമായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍സ് 17.1 ഓവറില്‍ 126 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 35 റണ്‍സ് നേടിയ സെബ് ഗോച്ച് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഹോബാര്‍ട്ടിനായി റിലീ മെറേഡിത്ത് നാലും ജോഫ്ര ആര്‍ച്ചര്‍ , ജോഹന്‍ ബോത്ത എന്നിവര്‍ രണ്ടും വിക്കറ്റ് നേടുകയായിരുന്നു.