ആദ്യ മിനുട്ടിൽ തന്നെ അനസിന് പരിക്ക്, ഇന്ത്യക്ക് വൻ തിരിച്ചടി

ഏഷ്യൻ കപ്പിലെ നിർണായക പോരാട്ടത്തിൽ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി‌. കളിയുടെ ആദ്യ മിനുട്ടിൽ തന്നെ മലയാളി ഡിഫൻഡർ അനസ് എടത്തൊടികയ്ക്ക് പരിക്കേറ്റു. ബഹ്റൈനെതിരായ മത്സരത്തിൽ ആദ്യ മിനുട്ടിൽ തന്നെ പരിക്ക് അനുഭവപ്പെട്ട അനസ് എടത്തൊടിക രണ്ടാം മിനുട്ടിൽ തന്നെ കളം വിട്ടു. അനസ് എടത്തൊടികയ്ക്ക് പകരം സലാം രഞ്ജൻ സിംഗാണ് പകരക്കാരനായി എത്തിയത്.

മുട്ടിനേറ്റ പരിക്കാണ് അനസിന് വിനയായത്. അവസാന രണ്ട് സീസണുകളിലായി നിരവധി തവണ അനസിനെ പരിക്ക് അലട്ടിയിരുന്നു. അനസും ജിങ്കനും തമ്മിലുള്ള സെന്റർ ബാക്ക് കൂട്ടുകെട്ട് ആയിരുന്നു ഇന്ത്യയുടെ പ്രധാന ശക്തി. അനസിന്റെ അഭാവം എങ്ങനെ ഈ നിർണായക മത്സരത്തിൽ ഇന്ത്യ നേരിടും എന്നത് കണ്ടറിയണം.