മാക്സ്വെല്‍ മികവില്‍ സെമി ഉറപ്പാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്, ബിഗ് ബാഷ് സെമി ലൈനപ്പുകള്‍ ആയി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബിഗ് ബാഷ് എട്ടാം സീസണിന്റെ സെമി ഫൈനല്‍ ലൈനപ്പുകള്‍ ആയി. ഫെബ്രുവരി 14നു നടക്കുന്ന ആദ്യ സെമിയില്‍ ഹോബാര്‍ട്ട് ഹറികെയ്ന‍സ് മെല്‍ബേണ്‍ സ്റ്റാര്‍സിനു നേരിടും. വെള്ളിയാഴ്ച, ഫെബ്രുവരി 15നു മെല്‍ബേണ്‍ റെനഗേഡ്സും സിഡ്നി സിക്സേര്‍സും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍. പോയിന്റ് ടേബിളില്‍ 20 പോയിന്റുമായി ഹോബാര്‍ട്ട് ഹറികെയന്‍സ് ഒന്നാം സ്ഥാനത്ത് എത്തിയാണ് സെമി യോഗ്യത നേടിയത്.

രണ്ടാം സ്ഥാനക്കാരായ മെല്‍ബേണ്‍ റെനഗേഡ്സിനും സിഡ്നി സിക്സേര്‍സിനു പോയിന്റുകള്‍ ഒപ്പമായിരുന്നുവെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ റെനഗേഡ്സ് മുന്നിലെത്തി. 16 പോയിന്റുകളാണ് ഇരു ടീമുകളും നേടിയത്. നാലാം സ്ഥാനക്കാരായ മെല്‍ബേണ്‍ സ്റ്റാര്‍സ് 14 പോയിന്റോടെയാണ് സെമി ഉറപ്പാക്കിയത്.

അവസാന മത്സരത്തില്‍ ജയം അനിവാര്യമായിരിക്കെ സിഡ്നി സിക്സേര്‍സിനെ 94 റണ്‍സിനു പരാജയപ്പെടുത്തിയാണ് മെല്‍ബേണ്‍ സെമിയില്‍ കടന്നത്. ഇതോടെ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ സാധ്യതകളാണ് ഇല്ലാതായത്. ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ സ്റ്റാര്‍സിനെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് 168/6 എന്ന സ്കോറിലേക്ക് നയിച്ചത്.

43 പന്തില്‍ 4 ബൗണ്ടറിയും 6 സിക്സും അടക്കം 82 റണ്‍സ് നേടിയ മാക്സ്വെല്ലിനു പിന്തുണയായി സ്റ്റോയിനിസ്(34), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(35) എന്നിവരും തിളങ്ങി. സന്ദീപ് ലാമിച്ചാനെയും ആഡം സംപയും സ്പിന്‍ കുരുക്കൊരുക്കിയപ്പോള്‍ 74 റണ്‍സിനു സിക്സേര്‍സ് പുറത്തായി. നേരത്തെ തന്നെ സെമി സിക്സേര്‍സ് ഉറപ്പാക്കിയിരുന്നു. ലാമിച്ചാനെ 3.4 ഓവറില്‍ 3 വിക്കറ്റാണ് 11 റണ്‍സിനു വീഴ്ത്തിയത്. ആഡം സംപ 15 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് നേടി. ഡാനിയേല്‍ വോറാലിനു 2 വിക്കറ്റ് ലഭിച്ചു.