ലോകകപ്പിനു ശേഷം പദവി ഒഴിയുമെന്നറിയിച്ച് ന്യൂസിലാണ്ട് മുന്‍ താരം

ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ച് എന്ന പദവി ലോകകപ്പിനു ശേഷം ഒഴിയുമെന്ന് അറിയിച്ച് മുന്‍ താരം ക്രെയിഗ് മക്മില്ലന്‍. 2014ല്‍ നിയമിക്കപ്പെട്ട ശേഷം ന്യൂസിലാണ്ട് ക്രിക്കറ്റ് പരിശീലക സെറ്റപ്പിലെ അവിഭാജ്യ ഘടകമായിരുന്നു മക്മില്ലന്‍. വിന്‍ഡീസ് പരമ്പരയിലായിരുന്നു താരം ആദ്യമായി ഈ ചുമതല ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ ഷെഡ്യൂളുകള്‍ കടുത്തതായതിനാലാണ് താന്‍ ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ക്രെയിഗ് പറയുന്നത്. കുടുംബത്തോടൊപ്പം അധിക കാലം ചെലവഴിക്കുവാന്‍ ഇത്തരം ചുമതലകള്‍ തടസ്സമാകുന്നു അതിനാല്‍ തന്നെ ഇനിയങ്ങോട്ട് കൂടുതല്‍ ക്രിക്കറ്റ് വരുമെന്നതിനാല്‍ ഇതാണ് പദവി ഒഴിയുന്നതിനു മികച്ച സമയമെന്ന് തനിക്ക് തോന്നുന്നുവെന്നും ക്രെയിഗ് പറഞ്ഞു.

ഓഗസ്റ്റില്‍ ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് പകരം കോച്ചിനെ ന്യൂസിലാണ്ട് നിയമിക്കുമെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ സിഇഒ ഡേവിഡ് വൈറ്റ് അറിയിച്ചു.