മാഞ്ചസ്റ്ററിലെ ഏഴാം നമ്പറിന് പുതുജീവൻ നൽകാൻ സാഞ്ചസ്

- Advertisement -

അലക്സിസ് സാഞ്ചസ് അണിയാൻ പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം നമ്പറിന് പറയാൻ വലിയ ചരിത്രങ്ങൾ തന്നെ ഉണ്ട്. ജോർജ് ബെസ്റ്റ് മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ അണിഞ്ഞ ജേഴ്സി. എന്നാൽ ക്രിസ്റ്റ്യാനോയ്ക്ക് ശേഷം ഏഴാം നമ്പർ ജേഴ്സി അണിഞ്ഞവർക്ക് മാഞ്ചസ്റ്ററിൽ നല്ല കാലമല്ല‌.

റൊണാൾഡോയ്ക്ക് ശേഷം മൈക്കിൾ ഓവനായിരുന്നു ഏഴാം നമ്പറിൽ ഇറങ്ങിയത്. ഓവന്റെ നല്ല കാലം കഴിഞ്ഞ ശേഷമാണ് മാഞ്ചസ്റ്ററിൽ എത്തിയത് എന്നതു കൊണ്ട് തന്നെ ഏഴാം നമ്പറിനു വേണ്ട തിളക്കം ഓവന് മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്നില്ല. ഓവനു ശേഷം ഒരു സീസണിൽ അന്റോണിയോ വലൻസിയ ഏഴാം നമ്പർ അണിഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം മികച്ച പ്രകടനങ്ങൾ നടത്തി വന്നിരുന്ന ടോണി വിക്ക് ഏഴാം നമ്പർ ജേഴ്സിയുടെ ഭാരം വന്നതോടെ കാലിടറി. വലൻസിയയുടെ കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു അത്. അവസാനം ആ‌ സീസണ് ഒടുവിൽ വലൻസിയ ഏഴാം നമ്പർ ജേഴ്സി ക്ലബിന് മടക്കി കൊടുത്തു.

വലൻസിയയ്ക്കു ശേഷം ഏഴാം നമ്പർ അണിയാൻ എത്തിയത് മാഞ്ചസ്റ്ററിന്റെ വൻ സൈനിംഗ് ആയ അർജന്റീന താരം ഡി മറിയ ആയിരുന്നു. ഡി മറിയ വന്നതോടെ ഏഴാം നമ്പറിന്റെ പ്രൗഡി തിരിച്ചെത്തും എന്ന് പ്രതീക്ഷിച്ച യുണൈറ്റഡ് ആരാധകർക്ക് തെറ്റി. മാഞ്ചസ്റ്റർ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ലോപ്പ് സൈനിംഗുകളിൽ ഒന്നായി ഡി മറിയയും ക്ലബ് വിട്ടു.

മെംഫിസ് ഡിപായ് എന്ന യുവ ഡച്ച് താരത്തിനാണ് പിന്നീട് ഏഴാം നമ്പർ ലഭിച്ചത്. മികച്ച പൊട്ടൻഷൻ ഉള്ള ഡിപായ്ക്കും വലിയ ഭാവി യുണൈറ്റഡിൽ ഫുട്ബോൾ നിരീക്ഷകർ പ്രവചിച്ചതായിരുന്നു എന്നാൽ ഡിപായും ഏഴാം നമ്പറിൽ പരാജയപ്പെട്ടു. ഡിപായ്ക്കു ശേഷം ഏഴാം നമ്പർ ആർക്കും യുണൈറ്റഡ് നൽകിയില്ല.

അലക്സിസ് സാഞ്ചസിന് ഏഴാം നമ്പറിന്റെ നല്ല കാലം തിരിച്ച് കൊണ്ടുവരാൻ കഴിയുമെന്നാണ് മാഞ്ചസ്റ്റർ ആരാധകർ പ്രതീക്ഷിക്കുന്നത്. റൊണാൾഡോയ്ക്ക് മുന്നേ ഏഴാം നമ്പർ അണിഞ്ഞത് ബെക്കാമും അതിനു മുന്നേ കാന്റോണയും ആയിരുന്നു. ആ ഇതിഹാസങ്ങളുടെ പ്രകടനങ്ങൾ സാഞ്ചസ് ആവർത്തിക്കുമെന്ന് കരുതാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement