ആവേശപ്പോരില്‍ വിജയം നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 15 റണ്‍സിന്റെ വിജയം കുറിച്ച് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. മഴ മൂലം 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 198/4 എന്ന സ്കോര്‍ നേടുകയായിരുന്നു. 47 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയ ജേക്ക് വെത്തറാള്‍ഡ്, 24 പന്തില്‍ 55 റണ്‍സ് നേടിയ അലെക്സ് കാറെ 22 പന്തില്‍ നിന്ന് 34 റണ്‍സുമായി മാത്യൂ ഷോര്‍ട്ട് എന്നിവരാണ് സ്ട്രൈക്കേഴ്സിനായി തിളങ്ങിയത്. പെര്‍ത്തിന് വേണ്ടി ജൈ റിച്ചാര്‍ഡ്സണ്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് 183/7 എന്ന സ്കോര്‍ മാത്രമേ 18 ഓവറില്‍ നേടാനായുള്ളു. ഓപ്പണിംഗ് കൂട്ടുകെട്ട് 8.4 ഓവറില്‍ 124 റണ്‍സ് നേടിയെങ്കിലും അവര് പുറത്തായ ശേഷം കാര്യങ്ങള്‍ പെര്‍ത്തിന് എതിരായി മാറി. 27 പന്തില്‍ 50 റണ്‍സ് നേടിയ ജോഷ് ഇന്‍ഗ്ലിസും 26 പന്തില്‍ 69 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റണും ആണ് പെര്‍ത്തിനായി പൊരുതിയത്.

ഇരുവരെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി റഷീദ് ഖാന്‍ ആണ് അഡിലെയ്ഡിന്റെ വിജയം സാധ്യമാക്കിയത്. റഷീദ് ഖാന്‍ മൂന്ന് വിക്കറ്റും ഹാരി കോണ്‍വേ, വെസ് അഗര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും അഡിലെയ്ഡിനായി നേടി.