സിംബാബ്‍വേയ്ക്കെതിരെയുള്ള തോൽവി, ബംഗ്ലാദേശ് കോച്ചിംഗ് സ്റ്റാഫിന്റെ അവലോകന യോഗം വിളിച്ച് ബോര്‍ഡ്

Sports Correspondent

Bangladesh

ബംഗ്ലാദേശ് കോച്ചിംഗ് സ്റ്റാഫിനോട് സിംബാബ്‍വേ പരമ്പരയ്ക്ക് ശേഷം ധാക്കയിൽ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ബോര്‍ഡ്. സിംബാബ്‍വേയോട് ടി20, ഏകദിന പരമ്പര കൈവിട്ട ടീമിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ അവലോകനം ആണ് ലക്ഷ്യമെന്നാണ് അറിയുന്നത്.

നാട്ടിൽ ഓസ്ട്രേലിയയെയും ന്യൂസിലാണ്ടിനെയും സ്പിന്‍ സൗഹൃദ പിച്ചൊരുക്കി വിജയിച്ച ശേഷം ടി20യിൽ യാതൊരുവിധ ഫലവും ടീമിന് കൊണ്ട് വരുവാനായിട്ടില്ല. 19 മത്സരങ്ങളിൽ 15ലും ടീം തോൽക്കുകയായിരുന്നു.

മുന്‍ കോച്ച് ചന്ദിക ഹതുരുസിംഗ കൊണ്ടു വന്ന ശൈലിയിൽ നിന്ന് പുതിയ കോച്ചിംഗ് സ്റ്റാഫിലെ റസ്സൽ ഡൊമിംഗോയും മറ്റു കോച്ചുമാരും പിന്നോട്ട് പോയി എന്നാണ് ബോര്‍ഡിന്റെ വിലയിരുത്തൽ.

സപ്പോര്‍ട്ട് സ്റ്റാഫ് എല്ലാവരും ആത്മാര്‍ത്ഥതയോടെയാണ് ജോലിയെ സമീപിക്കുന്നതെന്നും എന്നാൽ ചിലര്‍ ആക്രമോത്സുക ശൈലിയും ചിലര്‍ അതില്ലാതെയും ആണ് എത്തുന്നതെന്നും ഹതുരുസിംഗ ആക്രമോത്സുക ശൈലിയുള്ള കോച്ചായിരുന്നു പക്ഷേ റസ്സൽ ഡൊമിംഗോ അത്തരത്തിൽ അല്ല എന്നും ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ ജലാൽ യൂനുസ് വ്യക്തമാക്കി.