താരമായി തിസാര, ധാക്കയെ വീഴ്ത്തി കോമില്ല വിക്ടോറിയന്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തുടര്‍ തോല്‍വികളേറ്റു വാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ആദ്യ നാല് മത്സരങ്ങളില്‍ നാലും വിജയിച്ച ശേഷം അടുത്ത നാലില്‍ മൂന്ന് മത്സരങ്ങളിലും ധോക്ക തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. കോമില്ല വിക്ടോറിയന്‍സ് ആണ് ഏറ്റവും പുതുതായി ധാക്കയെ തോല്‍വിയിലേക്ക് തള്ളി വിട്ടത്. അവസാന നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും ലീഗില്‍ ഒന്നാം സ്ഥാനത്താണ് ധാക്ക ഇപ്പോളും. അതേ സമയം ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ചിറ്റഗോംഗ് വൈക്കിംഗ്സും പത്ത് പോയിന്റുമായി ധാക്കയുടെ തൊട്ടുപുറകെയുണ്ട്.

ഇന്നലെ ഏഴ് റണ്‍സിന്റെ വിജയമാണ് കോമില്ല വിക്ടോറിയന്‍സ് ധാക്കയ്ക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കോമില്ല 153/8 എന്ന സ്കോര്‍ നേടുകയായിരുന്നു. 48 റണ്‍സ് നേടിയ ഷംസുര്‍ റഹ്മാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 34 റണ്‍സ് നേടിയ തമീം ഇക്ബാലിനൊപ്പം 2 പന്തില്‍ നിന്ന് 26 റണ്‍സ് നേടി തിസാര പെരേരയും നിര്‍ണ്ണായക പ്രകടനം നടത്തി. ധാക്കയ്ക്കായി ഷാക്കിബ് മൂന്ന് വിക്കറ്റും ആന്‍ഡ്രേ റസ്സല്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ധാക്കയ്കകായി 24 പന്തില്‍ നിന്ന് 46 റണ്‍സ് നേടി ആന്‍ഡ്രേ റസ്സല്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും റസ്സലിന്റെയും മറ്റു താരങ്ങളുടെയും വിക്കറ്റ് നേടി തിസാര പെരേര മത്സര ഗതി മാറ്റുകയായിരുന്നു. തുടര്‍ ഓവറുകളില്‍ ഈ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ധാക്കയുടെ പ്രയാണത്തിനു തടസ്സം വരുകയായിരുന്നു. 20 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 146 റണ്‍സ് മാത്രമേ ധാക്കയ്ക്ക് നേടാനായുള്ളു.

തിസാരയ്ക്ക് പുറമെ കണിശതയോടെ പന്തെറിഞ്ഞ ഷാഹിദ് അഫ്രീദിയും രണ്ട് വിക്കറ്റ് നേടി. ഷാക്കിബ്, സുനില്‍ നരൈന്‍ എന്നിവര്‍ 20 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ പോന്നതായിരുന്നില്ല ഈ സംഭാവനകള്‍.