സഞ്ജുവിനും ശ്രേയസ്സിനും അര്‍ദ്ധ ശതകം, അക്സര്‍ പട്ടേലിന്റെ മികവിൽ 2 വിക്കറ്റ് വിജയം നേടി ഇന്ത്യ

സഞ്ജുവിന്റെ കന്നി ഏകദിന അര്‍ദ്ധ ശതകം

 

വെസ്റ്റിന്‍ഡീസിനെതിരെ 2 പന്ത് അവശേഷിക്കെ 2 വിക്കറ്റ് വിജയവുമായി ഇന്ത്യ. അക്സര്‍ പട്ടേൽ പുറത്താകാതെ 35 പന്തിൽ 64 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

ശിഖര്‍ ധവാനെ വേഗത്തിൽ പുറത്തായെങ്കിലും ശുഭ്മന്‍ ഗില്ലും(43) ശ്രേയസ്സ് അയ്യരും മികച്ച രീതിയില്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു. സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ 79/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ ശ്രേയസ്സ് അയ്യരും സഞ്ജു സാംസണും ചേര്‍ന്ന് 4ാം വിക്കറ്റിൽ 99 റൺസ് നേടിയാണ് തിരികെ ട്രാക്കിലെത്തിച്ചത്.

അയ്യര്‍ 63 റൺസ് നേടി പുറത്തായപ്പോള്‍ 54 റൺസ് നേടിയ സഞ്ജു റണ്ണൗട്ടായാണ് പുറത്തായത്. 45ാം ഓവറിന്റെ ആദ്യ പന്തിൽ ദീപക് ഹൂഡയെ(33) നഷ്ടമാകുമ്പോള്‍ ഇന്ത്യ 256/6 എന്ന നിലയിലായിരുന്നു.

അവിടെ നിന്ന് വാലറ്റത്തെക്കൂട്ടുപിടിച്ച് അക്സര്‍ പട്ടേലിന്റെ ഒറ്റയാള്‍ പ്രകടനം ആണ് ഇന്ത്യയെ അവസാന ഓവറിൽ വിജയത്തിലേക്ക് നയിച്ചത്. 5 സിക്സ് ഉള്‍പ്പെടെയായിരുന്നു അക്സര്‍ പട്ടേലിന്റെ നിര്‍ണ്ണായക ഇന്നിംഗ്സ്.