ഈ തിരിച്ചുവരവ് അവിശ്വസനീയം: ജഡേജ

തന്റെ മടങ്ങിവരവ് തനിക്ക് തന്നെ വിശ്വാസം വരുന്നില്ലെന്ന് അഭിപ്രായപ്പെട്ട് രവീന്ദ്ര ജഡേജ. താന്‍ വീണ്ടും ഇന്ത്യയുടെ നീല ജഴ്സി അണിയാനാവുമെന്ന് തനിക്ക് ഇപ്പോളും വിശ്വാസം വരുന്നില്ലെന്നും താരം പറഞ്ഞു. എന്നാലും ഈ കാലഘട്ടത്തിലും താന്‍ തിരികെ ടീമിലേക്ക് വരുമെന്നും ഇന്ത്യയ്ക്കായി മികവ് പുലര്‍ത്താനാകുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും തന്റെ ബൗളിംഗ് മാറ്റം വരുത്തുവാന്‍ ഏറെ കാലമായി ശ്രമിക്കുകയായിരുന്നുവെന്നും രവീന്ദ്ര ജഡേജ പറഞ്ഞു.

ഓവലിലെ തന്റെ പ്രകടനം തനിക്ക് ടീമിലേക്ക് തിരികെ എത്തുവാന്‍ സാധിച്ചിട്ടുണ്ടെന്നാണ് രവീന്ദ്ര ജഡേജ പറഞ്ഞത്. ഒരു വര്‍ഷത്തിനു ശേഷം തിരികെ എത്തിയപ്പോള്‍ തനിക്ക് അല്പം സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും രവീന്ദ്ര ജഡേജ പറഞ്ഞു. ബംഗ്ലാദേശിനെതിരെ 4 വിക്കറ്റാണ് ജഡേജ നേടിയത്.

അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ലോകത്തിലെ മികച്ചവര്‍: സര്‍ഫ്രാസ് അഹമ്മദ്

അഫ്ഗാനിസ്ഥാന്‍ നിരയിലെ സ്പിന്നര്‍മാര്‍ ലോകത്തിലെ ഏറ്റവും മികച്ചവരെന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. ഇന്നലെ തന്റെ ടീമിന്റെ അഫ്ഗാനിസ്ഥാനെതിരെയുള്ള പടപൊരുതി നേടിയ വിജയത്തിനു ശേഷമാണ് സര്‍ഫ്രാസിന്റെ പരമാര്‍ശം. തങ്ങള്‍ തകര്‍ന്നിരുന്നുവെന്ന് തുറന്ന് സമ്മതിച്ച പാക്കിസ്ഥാന്‍ നായകന്‍ വിജയത്തിനു ബാബര്‍ അസം, ഇമാം ഉള്‍ ഹക്ക്, ഷൊയ്ബ് മാലിക്ക് എന്നിവര്‍ക്ക് നന്ദി നല്‍കി.

അവരുടെ സ്പിന്നര്‍മാര്‍ക്കെതിരെ ഈ സാഹചര്യങ്ങളില്‍ 250നു മേലെ റണ്‍സ് ചേസ് ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. ഈ വിജയം ടീമിന്റെ ആത്മവിശ്വാസത്തെ ഏറെയുയര്‍ത്തുന്നുവെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങളുടെ ഫീല്‍ഡിംഗ് ഏറെ മെച്ചപ്പെട്ടുവെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ നായകന്‍ എന്നാല്‍ ഇന്നലെ തങ്ങള്‍ ഈ മേഖലയില്‍ മോശമായിരുന്നുവെന്നും പറഞ്ഞു.

മാലിക്കിന്റെ മികവില്‍ വിജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍

പാക്കിസ്ഥാനു ഏഷ്യ കപ്പില്‍ ആവേശകരമായ ജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് പരാജയമേറ്റു വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാനെ സൂപ്പര്‍ 4 മത്സരത്തില്‍ നേരിടാനിറങ്ങിയ പാക്കിസ്ഥാന് 3 പന്ത് ശേഷിക്കെയാണ് 3 വിക്കറ്റ് ജയം പിടിച്ചെടുത്തത്. ഇമാം-ഉള്‍-ഹക്ക്(80), ബാബര്‍ അസം(66) എന്നിവര്‍ക്കൊപ്പം ഷൊയ്ബ് മാലിക്കും(51*) അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ഒരുക്കിയ ശ്രമകരമായ ലക്ഷ്യം ആവേശകരമായ രീതിയില്‍ മറികടക്കുകയായിരുന്നു.

അവസാന മൂന്നോവറില്‍ 29 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന്റെ വിജയ ശില്പിയെന്ന് വിശേഷിപ്പിക്കാവുന്നത് ഷൊയ്ബ് മാലിക് തന്നെയാണ്. 43 പന്തില്‍ നിന്നാണ് ഈ സീനിയര്‍ താരത്തിന്റെ 51 റണ്‍സ് ഇന്നിംഗ്സ്. വാലറ്റത്തില്‍ മാലിക്കിനൊപ്പമെത്തിയ താരങ്ങളും സമയോചിതമായി നേടിയ സിക്സറുകളും പാക്കിസ്ഥാന്‍ വിജയത്തിനു നിര്‍ണ്ണായകമായി.

ഫകര്‍ സമന്‍ പൂജ്യത്തിനു പുറത്തായ ശേഷം ബാബര്‍ അസവും ഇമാം-ഉള്‍-ഹക്കും ചേര്‍ന്ന് പതിഞ്ഞ തുടക്കമാണ് പാക്കിസ്ഥാനു നല്‍കിയത്. രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് മികച്ച കൂട്ടുകെട്ടുമായി പാക്കിസ്ഥാനെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിനിടയില്‍ 80 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്ക് റണ്ണൗട്ടായത് പാക്കിസ്ഥാനു തിരിച്ചടിയായി.

തുടര്‍ന്ന് ബാബര്‍ അസമും ഏതാനും ഓവറുകള്‍ക്ക് ശേഷം പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ 158/3 എന്ന നിലയിലായിരുന്നു. ഷൊയ്ബ് മാലിക്കിന്റെ ഒറ്റയാള്‍ പ്രകടനമാണ് പിന്നീട് അബു ദാബിയില്‍ കണ്ടത്. അവസാന നാലോവറില്‍ ജയത്തിനായി 39 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാനായി ക്രീസില്‍ ഷൊയ്ബ മാലിക്കും ആസിഫ് അലിയുമായിരുന്നു.

അടുത്ത ഓവര്‍ എറിയാനെത്തിയ റഷീദ് ഖാനെ സിക്സര്‍ പറത്തിയ ആസിഫ് അലിയെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി റഷീദ് ഖാന്‍ പാക്കിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. അടുത്ത ഓവറില്‍ 11 റണ്‍സ് നേടി ഷൊയ്ബ് മാലിക്കും-മുഹമ്മദ് നവാസും ചേര്‍ന്ന് ലക്ഷ്യം 12 പന്തില്‍ 18 റണ്‍സായി കുറച്ച് പാക് ക്യാമ്പില്‍ പ്രതീക്ഷ നല്‍കി.

റഷീദ് ഖാന്‍ മുഹമ്മദ് നവാസിനെ(10) 49ാം ഓവറില്‍ പുറത്താക്കിയെങ്കിലും തൊട്ടടുത്ത പന്തില്‍ സിക്സര്‍ പറത്തി ഹസന്‍ അലി ലക്ഷ്യം 8 പന്തില്‍ 10 റണ്‍സാക്കി കുറച്ചു. എന്നാല്‍ അടുത്ത രണ്ട് പന്തുകളില്‍ റണ്‍സ് വിട്ട് നല്‍കാതെ റഷീദ് ഖാന്‍ മത്സരം അവസാന ഓവറിലേക്ക് നയിച്ചു. അഫ്താബ് അലം എറിഞ്ഞ അവസാന ഓവറില്‍ സിക്സും ബൗണ്ടറിയും നേടി ഷൊയ്ബ് മാലിക് തന്റെ അര്‍ദ്ധ ശതകവും മൂന്ന് പന്ത് അവശേഷിക്കെ പാക്കിസ്ഥാനെ വിജയത്തിലേക്കും നയിച്ചു.

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് രോഹിത്, ടൂര്‍ണ്ണമെന്റില്‍ ഹിറ്റ്മാന്റെ രണ്ടാം അര്‍ദ്ധ ശതകം

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കായി രണ്ടാം അര്‍ദ്ധ ശതകം നേടി രോഹിത് ശര്‍മ്മ. ഷാക്കിബ് അല്‍ ഹസനെ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ രോഹിത്തിനു പിന്തുണയായി ശിഖര്‍ ധവാന്‍(40) ആണ് മികവ് പുലര്‍ത്തിയ പ്രധാന താരം. അമ്പാട്ടി റായിഡു 14 റണ്‍സ് നേടി പുറത്തായി. ഇന്ത്യ 36.2 ഓവറില്‍ നിന്ന് ബംഗ്ലാദേശിന്റെ 174 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇന്ത്യയുടെ ഈ വിജയം.

ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനാണ് മികച്ച രീതിയില്‍ തുടങ്ങിയതെങ്കിലും രോഹിത് സ്കോറിംഗ് മെല്ലെയാണ് ആരംഭിച്ചത്. ശിഖര്‍ പുറത്തായ ശേഷമാണ് അല്പം കൂടി വേഗത്തില്‍ രോഹിത് ശര്‍മ്മ ബാറ്റ് വീശിയത്. രോഹിത്തിനു പിന്തുണയായി നാലാം നമ്പറില്‍ എത്തിയ എംഎസ് ധോണി 33 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 83 റണ്‍സുമായി പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മഷ്റഫേ മൊര്‍തസ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ രവീന്ദ്ര ജഡേജ(4)യോടൊപ്പം പേസര്‍മാരായ ഭുവിയും ബുംറയും(മൂന്ന് വിക്കറ്റ് വീതം) ഒത്തുകൂടിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തി 42 റണ്‍സ് നേടി മെഹ്ദി ഹസന്‍ ആണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് നയിച്ചത്.

257 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍, ഇനി എല്ലാം ബൗളര്‍മാരുടെ കൈയ്യില്‍

ഹസ്മത്തുള്ള ഷഹീദിയുടെയും അസ്ഗര്‍ അഫ്ഗാനിന്റെയും ചെറുത്ത് നില്പിന്റെ ബലത്തില്‍ പാക്കിസ്ഥാനെതിരെ സൂപ്പര്‍ 4 മത്സരത്തില്‍ 257 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. 10.1 ഓവറില്‍ 21/2 എന്ന സ്ഥിതിയില്‍ നിന്ന് മെല്ലെയെങ്കിലും അഫ്ഗാനിസ്ഥാനെ മുന്നോട്ട് നയിച്ചത് റഹ്മത് ഷായും(36) ഹസ്മത്തുള്ള ഷഹീദിയും ചേര്‍ന്നാണ്. റഹ്മത് ഷാ പുറത്തായ ശേഷം അസ്ഗര്‍ അഫ്ഗാന്‍ ക്രീസിലെത്തിയപ്പോളാണ് അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിനു വേഗത കൈവന്നത്.

56 പന്തില്‍ നിന്ന് 5 സിക്സും 2 ബൗണ്ടറിയും സഹിതം 67 റണ്‍സാണ് അസ്ഗര്‍ നേടിയത്. താരത്തെ പുറത്താക്കി ഷഹീന്‍ അഫ്രീദി തന്റെ കന്നി ഏകദിന വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് നബിയെയും അഫ്രീദി തന്നെ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റില്‍ ഹസ്മത്തുള്ള ഷഹീദിയും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് 45 റണ്‍സ് നേടിയതും അഫ്ഗാന്‍ ഇന്നിംഗ്സില്‍ വഴിത്തിരിവായി. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ഹസ്മത്തുള്ള ഷഹീദ് തന്റെ ശതകത്തിനു മൂന്ന് റണ്‍സ് അകലെ വരെയെത്തിയെങ്കിലും അര്‍ഹമായ ശതകം താരത്തിനു നേടാനായില്ല.

വ്യക്തിഗത സ്കോര്‍ 77ല്‍ നില്‍ക്കെ ഷഹീദിയെ ഹസന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും ഫ്രണ്ട് ഫുട്ട് നോബോള്‍ കാരണം ഷഹീദി രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം മാത്രം ഷഹീദി 4 ബൗണ്ടറി നേടകുയായിരുന്നു. ഇന്നിംഗ്സില്‍ ഷഹീദി ഏഴ് ബൗണ്ടറിയാണ് നേടിയത്.

പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് നലാസ് മൂന്നും ഷഹീന്‍ അഫ്രീദി രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഹസന്‍ അലിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

മടങ്ങിവരവ് ഗംഭീരമാക്കി ജഡേജ, ബംഗ്ലാദേശിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് മെഹ്ദി ഹസന്‍

ഏകദിന ടീമിലേക്കുള്ള തന്റെ മടങ്ങി വരവ് ഗംഭീരമാക്കി രവീന്ദ്ര ജഡേജ. ബംഗ്ലാദേശ് മധ്യനിരയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സ്പിന്നറുടെ ബൗളിംഗ് പ്രകടനത്തിന്റെയും മറ്റു ബൗളര്‍മാരുടെയും സഹായത്തോടെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 173 റണ്‍സിനു പുറത്താക്കി ഇന്ത്യ ശക്തമായ ബൗളിംഗ് പ്രകടനം മത്സരത്തില്‍ പുറത്തെടുക്കുകയായിരുന്നു.

ഓപ്പണര്‍മാരെ പേസര്‍മാര്‍ പുറത്താക്കിയ ശേഷം ചെറുത്ത്നില്പിനു ശ്രമിച്ച ഷാക്കിബ് അല്‍ ഹസന്‍(17), മുഷ്ഫിക്കുര്‍ റഹിം(21) തുടങ്ങിയ ബംഗ്ലാദേശ് മധ്യനിരയിലെ സീനിയര്‍ താരങ്ങളെ പുറത്താക്കി രവീന്ദ്ര ജഡേജ മത്സരത്തിലെ ആദ്യ ഇന്നിംഗ്സ് ഇന്ത്യയുടെ പക്ഷത്തേക്ക് ആക്കുകയായിരുന്നു. മുഹമ്മദ് മിഥുന്റെ(9) വിക്കറ്റും ജഡേജ നേടി.

36 റണ്‍സ് കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടി മഹമ്മദുള്ള(25)-മൊസ്ദൈക്ക് കൂട്ടുകെട്ട് ബംഗ്ലാദേശിന്റെ സ്കോര്‍ നൂറ് കടത്തിയ ഉടനെ മഹമ്മദുള്ളയെ ഭുവനേശ്വര്‍ കുമാറും മൊസ്ദൈക്കിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി. തന്റെ പത്തോവറില്‍ നിന്ന് 29 റണ്‍സ് മാത്രം വിട്ട് നല്‍കി ജഡേജ 4 വിക്കറ്റാണ് വീഴ്ത്തിയത്.

എട്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മഷ്റഫേ മൊര്‍തസയെ ഒരു വശത്ത് നിര്‍ത്തി പൊരുതിയ മെഹ്ദി ഹസന്റെ ബാറ്റിംഗാണ് ബംഗ്ലാദേശിനു ആശ്വാസമായത്. 42 റണ്‍സ് നേടിയ മെഹ്ദി ഹസനാണ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 66 റണ്‍സ് നേടിയത് ബംഗ്ലാദേശിനു ഏറെ നിര്‍ണ്ണായകമായി. തുടര്‍ന്ന് മെഹ്ദി ഹസനെയും മുസ്തഫിസുറിനെയും പുറത്താക്കി ബുംറ ബംഗ്ലാദേശ് ചെറുത്ത് നില്പിനു  49.1 ഓവറില്‍ വസാനം കുറിച്ചു.

രവീന്ദ്ര ജഡേജയുടെ നാല് വിക്കറ്റിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

മൂന്ന് മാറ്റങ്ങളോടെ പാക്കിസ്ഥാന്‍, ഷഹീന്‍ അഫ്രീദിയ്ക്ക് അരങ്ങേറ്റം, അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യയില്‍ നിന്ന് നേരിട്ട കനത്ത പ്രഹരത്തില്‍ നിന്ന് കരകയറുവാനുള്ള ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പാക്കിസ്ഥാന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. ഫഹീം അഷ്റഫിനു പകരം ഹാരിസ് സൊഹൈലും മുഹമ്മദ് അമീറിനു പകരം ഷഹീന്‍ അഫ്രീദിയും കളിക്കുമ്പോള്‍ ഷദബ് ഖാനു പകരം മുഹമ്മദ് നവാസ് ടീമിലെത്തുന്നു. അഫ്ഗാനിസ്ഥാന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. സമിയുള്ള ഷെന്‍വാരിയ്ക്ക് പകരം നജീബുള്ള സദ്രാന്‍ ടീമിലെത്തുന്നു. ഷഹീന്‍ അഫ്രീദി തന്റെ ഏകദിന അരങ്ങേറ്റം നടത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

തങ്ങളുടെ രണ്ട് മത്സരവും ജയിച്ച് അഫ്ഗാനിസ്ഥാന്‍ എത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തകരുകയായിരുന്നു. ബംഗ്ലാദേശിനെതിരെ 160/7 എന്ന സ്ഥിതിയിലേക്ക് വീണ ശേഷം റഷീദ് ഖാന്റെയും ഗുല്‍ബാദിന്‍ നൈബിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവും ബൗളര്‍മാരുടെ കൂട്ടായ പ്രയത്നവും കൂടിയായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ തങ്ങളെ വിലക്കുറച്ച് കാണേണ്ടതില്ലെന്ന സൂചനയാണ് പാക്കിസ്ഥാനു നല്‍കുന്നത്. എന്നാല്‍ പാക് നിരയുടെ ബാറ്റിംഗും ബൗളിംഗും കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിപ്പോകുകയായിരുന്നു.

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷെഹ്സാദ്, ഇഹ്സാനുള്ള ജനത്, റഹ്മത് ഷാ, ഗുല്‍ബാദിന്‍ നൈബ്, ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, റഷീദ് ഖാന്‍, അഫ്താബ് അലം, മുജീബ് ഉര്‍ റഹ്മാന്‍

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് സൊഹൈല്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഉസ്മാന്‍ ഖാന്‍

ബംഗ്ലാദേശിനെതിരെ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു, ഹാര്‍ദ്ദിക്കിനു പകരം ജഡേജ ഇലവനില്‍

ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളിലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുവാന്‍ ഒരുങ്ങി ഇന്ത്യയും ബംഗ്ലാദേശും. മത്സരത്തില്‍ ടോസ് നേടിയ രോഹിത്ത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുത്തു. ടീമില്‍ ഒരു മാറ്റമാണ് ഇന്ത്യ വരുത്തിയിട്ടുള്ളത്. പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം രവീന്ദ്ര ജഡേജ ഇന്ത്യന്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്.

നിദാഹസ് ട്രോഫി ഫൈനലില്‍ ദിനേശ് കാര്‍ത്തിക്ക് തട്ടിത്തെറിപ്പിച്ച ഫൈനല്‍ വിജയത്തിന്റെ മോശം ഓര്‍മ്മകള്‍ക്ക് ഒരു അറുതി വരുത്തുക എന്ന ലക്ഷ്യവുമായാവും ബംഗ്ലാദേശ് മത്സരത്തിനിറങ്ങുകയങ്കിലും കാര്യങ്ങള്‍ അത്ര അനുകൂലമല്ല ടീമിനു. ഇന്ത്യ ഹോങ്കോംഗിനെതിരെ നിരങ്ങി നീങ്ങിയാണ് വിജയം നേടിയതെങ്കില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞാണ് സൂപ്പര്‍ ഫോറിലേക്ക് എത്തുന്നത്.

അതേ സയമം ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്തുവെങ്കിലും അഫ്ഗാനിസ്ഥാനോട് തോറ്റത് ബംഗ്ലാദേശിന്റെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കും. തമീം ഇക്ബാലിന്റെ പരിക്കു് ടോപ് ഓര്‍ഡറില്‍ വലിയ വിടവാണ് ബംഗ്ലാദേശ് നിരയില്‍ തീര്‍ത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന മുഷ്ഫിക്കുര്‍, മുസ്താഫിസുര്‍ എന്നിവര്‍ തിരികെ എത്തുന്നു എന്നത് ടീമിനു ആശ്വാസം നല്‍കുന്നു.

ഇന്ത്യ: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, നസ്മുള്‍ ഹൊസൈന്‍ ഷാന്റോ, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, മൊസ്ദൈക്ക് ഹൊസൈന്‍ സൈക്കത്, മെഹ്ദി ഹസന്‍, മഷ്റഫേ മൊര്‍തസ്, റൂബല്‍ ഹൊസൈന്‍, മുസ്താഫിസുര്‍ റഹ്മാന്‍

 

 

ബംഗ്ലാദേശും അഫ്ഗാനിസ്ഥാനു മുന്നില്‍ വീണു

ഏഷ്യ കപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിനെ 136 റണ്‍സിനു പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍. എട്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 95 റണ്‍സിന്റെ ബലത്തില്‍ മത്സരം കീഴ്മേല്‍ മറിച്ച അഫ്ഗാനിസ്ഥാന്‍ ആ ആത്മവിശ്വാസം ബൗളിംഗിലേക്കും നീട്ടി. 43/4 എന്ന നിലയിലേക്ക് ബംഗ്ലാദേശിനെ തള്ളിയിട്ട അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും ബംഗ്ലാദേശിനു മേല്‍ക്കൈ നല്‍കിയില്ല. 42.1 ഓവറുകളില്‍ ബംഗ്ലാദേശ് 119 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഷാക്കിബ് അല്‍ ഹസന്‍ 32 റണ്‍സ് നേടി ടോപ് സ്കോററായി പുറത്തായപ്പോള്‍ മഹമ്മദുള്ള 27 റണ്‍സ് നേടി. 26 റണ്‍സുമായി മൊസ്ദൈക്ക് ഹുസൈന്‍ സൈക്കത്ത് പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാനു വേണ്ടി ഗുല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ രണ്ടും റഹ്മത് ഷാ, മുഹമ്മദ് നബി, അഫ്താബ് അലം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

20ാം പിറന്നാള്‍ അവിസ്മരണീയമാക്കി റഷീദ് ഖാന്‍, അര്‍ദ്ധ ശതകം നേടി യുവ താരം

160/7 എന്ന നിലയില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനു വേണ്ടി ക്രീസിലെത്തി നില്‍ക്കുമ്പോള്‍ തന്റെ 20ാം പിറന്നാള്‍ ഇന്ന് ആഘോഷിക്കുന്ന റഷീദ് ഖാന്‍ ഇത്തരം ഒരു ഇന്നിംഗ്സ് സ്വയം പോലും പ്രതീക്ഷിച്ച് കാണില്ല. തുടക്കത്തില്‍ വിക്കറ്റ് നഷ്ടത്തിനു ശേഷം ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ തകര്‍ത്ത മധ്യനിരയുടെ പരാജയത്തിനു ശേഷം റഷീദ് ഖാനും ഗുല്‍ബാദിന്‍ നൈബും ടീമിന്റെ രക്ഷകരായി അവതരിച്ചപ്പോള്‍ റഷീദ് ഖാന് ഇന്നത്തെ ഇന്നിംഗ്സ് ഇരട്ടി മധുരമുള്ളതായിരുന്നു.

95 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. അതില്‍ റഷീദ് ഖാന്‍ ആണ് തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചത്. ഇരുവരും ഒത്തുചേര്‍ന്നപ്പോള്‍ 200 എന്ന സ്കോര്‍ മറികടക്കുക എന്നത് മാത്രമായിരുന്നു അഫ്ഗാനിസ്ഥാന്റെ ലക്ഷ്യമെങ്കിലും അവസാന ഓവറുകളില്‍ കത്തിക്കയറിയ കൂട്ടുകെട്ട് ടീം സ്കോര്‍ 250 കടത്തുകയായിരുന്നു.

32 പന്തില്‍ 8 ബൗണ്ടറിയും 1 സിക്സും സഹിതം റഷീദ് ഖാന്‍ തന്റെ പിറന്നാള്‍ അര്‍ദ്ധ ശതകം നേടി ആഘോഷിച്ചപ്പോള്‍ ഗുല്‍ബാദിന്‍ നൈബ് 38 പന്തില്‍ നിന്ന് 42 റണ്‍സ് നേടി. 220 റണ്‍സ് പ്രതീക്ഷിച്ച അഫ്ഗാനിസ്ഥാനു 255 റണ്‍സ് നേടിയതിലൂടെ അധിക ബോണ്‍സ് ലഭിക്കുകയും ചെയ്തു. 55 പന്തുകളില്‍ നിന്നാണ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ വീരോചിതമായ പോരാട്ടം.

20ാം വയസ്സില്‍ തന്റെ മൂന്നാം അര്‍ദ്ധ ശതകമാണ് ഇന്ന് റഷീദ് ഖാന്‍ തികച്ചത്. അവസാന ഓവറില്‍ ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസയെ നാല് ബൗണ്ടറിയടക്കം 19 റണ്‍സാണ് റഷീദ് ഖാനും നൈബും ചേര്‍ന്ന് അടിച്ച് കൂട്ടിയത്. ഇതില്‍ നൈബിന്റെ റോള്‍ ആദ്യ പന്തില്‍ സിംഗിള്‍ എടുത്ത് നല്‍കി എന്നത് മാത്രമായിരുന്നു.

പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധ ശതകം നേടിയ 24 താരങ്ങളാണ് ഏകദിനത്തിലുള്ളത്. ഡാമിയന്‍ മാര്‍ട്ടിനും ഡാരെന്‍ ബ്രാവോയും ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. യൂസഫ് പത്താന്‍ ഇംഗ്ലണ്ടിനെതിരെ തന്റെ പിറന്നാള്‍ ദിനത്തില്‍ നേടിയ 29 പന്തില്‍ നിന്നുള്ള 50* പിറന്നാളുകാരിലെ വേഗതയേറിയ അര്‍ദ്ധ ശതകം. റഷീദ് ഖാന്റെ ഇന്നത്തെ ഇന്നിംഗ്സ് ഈ ഗണത്തില്‍ രണ്ടാം സ്ഥാനത്തെത്തും.

അഫ്ഗാനിസ്ഥാന്റെ രക്ഷയ്ക്കെത്തി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

ബംഗ്ലാദേശിനെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് ബി മത്സരത്തില്‍ 255 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍255 റണ്‍സ് നേടുകയായിരുന്നു. ബംഗ്ലാദേശിനെതിരെ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ അഫ്ഗാന്‍ ബാറ്റിംഗ് നിര 160/7 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിന്റെ സ്കോര്‍ 200 കടത്തിയത്. 95 റണ്‍സാണ് കൂട്ടുകെട്ടില്‍ റഷീദ് ഖാനും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് നേടിയത്. റഷീദ് ഖാന്‍ 32 പന്തില്‍ നിന്ന് 57 റണ്‍സും നൈബ് 42 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഹസ്മത്തുള്ള ഷഹീദിയുടെ അര്‍ദ്ധ ശതകവും(58) മുഹമ്മദ് ഷെഹ്സാദിന്റെ 37 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ അഫ്ഗാന്‍ നിര പരാജയപ്പെടുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കുവാന്‍ ബംഗ്ലാദേശിനു സാധിച്ചുവെങ്കിലും അവസാന ഓവറുകളില്‍ ശക്തമായ തിരുച്ചുവരവാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്.

എട്ടാം വിക്കറ്റില്‍ 95 റണ്‍സ് നേടി ഗുല്‍ബാദിന്‍ നൈബ്-റഷീദ് ഖാന്‍ കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ബംഗ്ലാദേശിനു വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ നാല് വിക്കറ്റും അബു ഹൈദര്‍ റോണി രണ്ടും വിക്കറ്റ് നേടി. റൂബല്‍ ഹൊസൈനാണ് ഒരു വിക്കറ്റ്.

ഇന്ത്യയ്ക്കെതിരെ പദ്ധതികളെല്ലാം പാളി: മിക്കി ആര്‍തര്‍

ഏഷ്യ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ കനത്ത പരാജയമേറ്റു വാങ്ങിയ പാക്കിസ്ഥാന്‍ ടീമിന്റെ പാളിച്ചകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുഖ്യ കോച്ച് മിക്കി ആര്‍തര്‍. ഏവരും കപ്പ് നേടുമെന്നും ഇന്ത്യയ്ക്കെതിരെ വ്യക്തമായ മേല്‍ക്കൈയുമായി മത്സരത്തിലേക്ക് എത്തുന്നു എന്ന മുന്‍കൈയും നല്‍കിയത് പാക്കിസ്ഥാനായിരുന്നുവെങ്കിലും നിറം മങ്ങിപ്പോകുകയായിരുന്നു ഇന്ത്യയുടെ അയര്‍ക്കാര്‍.

പൊതുവേ നങ്കൂരമിട്ട് ബാറ്റ് വീശുന്ന ഇമാം-ഉള്‍-ഹക്കും സര്‍ഫ്രാസ് അഹമ്മദുമെല്ലാം വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു. സര്‍ഫ്രാസ് അഹമ്മദ് പാര്‍ട്ട് ടൈം ബൗളര്‍ കേധാര്‍ ജാഥവിനെ കടന്നാക്രമിച്ച് മനീഷ് പാണ്ടേയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗില്‍ പുറത്താകുകയായിരുന്നുവെങ്കില്‍ ഇമാം തീര്‍ത്തും നിരുത്തരവാദിത്വ പരമായ ബാറ്റിംഗായിരുന്നു.

ഇവരുടെ റോളുകള്‍ ഇതല്ല എന്നാണ് മിക്കി ആര്‍തര്‍ പറഞ്ഞത്. ഇമാമിന്റെ റോള്‍ ഒരു ബൗളറെ ഇറങ്ങിയടിക്കുകയല്ലെന്നും സര്‍ഫ്രാസില്‍ നിന്ന് കൂറ്റന്‍ സിക്സുകളല്ല ടീം പ്രതീക്ഷിക്കുന്നതെന്നും കോച്ച് പറഞ്ഞു. ഫകര്‍ സമനും ആസിഫ് അലിയും ഇത്തരത്തില്‍ പുറത്തായാല്‍ പ്രശ്നമില്ല, അത് ടീമിന്റെ ആവശ്യം ഗെയിം പ്ലാനാണ്, അവരുടെ റോളുകളും അതാണ്. എന്നാല്‍ മറ്റു നാല് ബാറ്റ്സ്മാന്മാര്‍ക്കും വേറെ ഉത്തരവാദിത്വം ആണ് ടീം നല്‍കിയിട്ടുള്ളതെന്ന്.

ബൗളിംഗിനും കാര്യമായി ഒന്നും ചെയ്യാനായില്ലെന്ന പറഞ്ഞ മിക്കി ടീമിന്റെ സ്കോര്‍ തീരെ ചെറുതായിരുന്നുവെന്നും അറിയിച്ചു. 162 റണ്‍സ് എറിഞ്ഞു പിടിക്കുക ശ്രമകരമാണ് എന്നാല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ബൗളര്‍മാര്‍ക്കായില്ല. ചെറിയ ടോട്ടലുകള്‍ വിജയിക്കുവാന്‍ ആദ്യം തന്നെ വിക്കറ്റ് നേടേണ്ടതുണ്ട് എന്നാല്‍ ആ ലക്ഷ്യത്തോടെയല്ല ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്നും കോച്ച് അഭിപ്രായപ്പെട്ടു.

Exit mobile version