വാര്‍ണറുടെ പുറത്താകലില്‍ കൂകിവിളിച്ചും സാന്‍ഡ്പേപ്പര്‍ ഉയര്‍ത്തിയും ഇംഗ്ലീഷ് ആരാധകര്‍

ആഷസിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം വെറും രണ്ട് റണ്‍സ് നേടിയ ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്‍ണറെ(2) നഷ്ടമാകുമ്പോള്‍ താരത്തിനെ തിരികെ പവലിയനിലേക്ക് ഇംഗ്ലീഷ് ആരാധകര്‍ ആനയിച്ചത് കൂകി വിളിച്ചും സാന്‍ഡ്പേപ്പര്‍ വീശികാണിച്ചുമായിരുന്നു. കേപ് ടൗണ്‍ ടെസ്റ്റിലെ വിവാദമായ പന്ത് ചുരണ്ടല്‍ സംഭവത്തിന് ശേഷം ഇന്ന് ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലേക്ക് അന്ന് വിലക്ക് നേരിട്ട മറ്റു സഹതാരങ്ങള്‍ക്കൊപ്പം ടീമിലേക്ക് തിരികെ എത്തിയ വാര്‍ണറുടെ വിക്കറ്റ് സ്റ്റുവര്‍ട് ബ്രോഡാണ് നേടിയത്.

ഇന്നിംഗ്സിലെ നാലാം ഓവറിലെ അഞ്ചാം പന്തില്‍ ഡേവിഡ് വാര്‍ണറെ സ്റ്റുവര്‍ട് ബ്രോഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ തീരുമാനം റിവ്യൂ പോലും ചെയ്യുവാന്‍ വാര്‍ണര്‍ മുതിര്‍ന്നിരുന്നില്ല. എന്നാല്‍ റിപ്ലേകളില്‍ പന്ത് ലെഗ് സ്റ്റംപില്‍ തട്ടാതെ പോകുമെന്നാണ് കാണിച്ചിരുന്നത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ വാര്‍ണര്‍ പന്ത് നിക് ചെയ്തുവെങ്കിലും ഇംഗ്ലണ്ട് റിവ്യൂ ചെയ്യുവാന്‍ തീരുമാനിക്കാതിരുന്നതോടെ താരം രക്ഷപ്പെടുകയായിരുന്നു.