കളിച്ചത് മൂന്ന് ടെസ്റ്റില്‍ നിന്ന് നാല് ഇന്നിംഗ്സ്, ഈ വര്‍ഷം ടെസ്റ്റിലെ ടോപ് സ്കോററായി സ്റ്റീവ് സ്മിത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആഷസിന് തൊട്ട് മുമ്പാണ് ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്കായി എത്തുന്നത്. അതിന് ശേഷം ഈ ആഷസിലെ നാല് മത്സരങ്ങളില്‍ താരം മൂന്ന് മത്സരങ്ങളില്‍ കളിച്ചു. ലീഡ്സിലെ ടെസ്റ്റില്‍ താരം കളിച്ചില്ല, ലോര്‍ഡ്സില്‍ കണ്‍കഷന്‍ കാരണം റിട്ടയര്‍ ചെയ്ത ശേഷം കരുതലെന്ന നിലയ്ക്ക് ഓസ്ട്രേലിയ താരത്തിനെ മത്സരത്തിനുപയോഗിച്ചിരുന്നില്ല.

ഈ മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് ഇന്നിംഗ്സുകളിലാണ് ഇന്നത്തെ ഇന്നിംഗ്സ് ഉള്‍പ്പെടെ താരം കളിച്ചത്. അതില്‍ നിന്നായി 589 റണ്‍സ് അടിച്ച് ഈ വര്‍ഷത്തെ ടോപ് ടെസ്റ്റ് റണ്‍ സ്കോറര്‍ എന്ന പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് സ്റ്റീവ് സ്മിത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്നുള്ള 12 ഇന്നിംഗ്സുകളിലായി 513 റണ്‍സ് നേടിയ ഇംഗ്ലണ്ട് ഇതിഹാസം ബെന്‍ സ്റ്റോക്സ് ആണ് പട്ടികയില്‍ രണ്ടാമത്.

ഇന്ന് 211 റണ്‍സ് നേടിയാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള ട്രാവിസ് ഹെഡ് 503 റണ്‍സാണ് നേടിയിരിക്കുന്നത്. നാലാം സ്ഥാനത്ത് 428 റണ്‍സുമായാി ക്വിന്റണ്‍ ഡി കോക്കും അഞ്ചാം സ്ഥാനത്ത് ഒരു റണ്‍സ് പിറകിലായി ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേയുമാണ് നിലകൊള്ളുന്നത്.

പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള ഇന്ത്യന്‍ താരം 11ാം സ്ഥാനത്തുള്ള ഹനുമ വിഹാരിയാണ്. അഞ്ച് ഇന്നിംഗ്സില്‍ നിന്ന് 331 റണ്‍സാണ് വിഹാരിയുടെ നേട്ടം.