തുടര്‍ച്ചയായ മൂന്ന് ആഷസ് പരമ്പരയിലും അഞ്ഞൂറിലധികം റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്ത്

ആഷസിലെ തുടര്‍ച്ചയായ മൂന്നാം പരമ്പരയിലും 500ലധികം റണ്‍സ് നേടുന്ന താരമായി മാറി സ്റ്റീവ് സ്മിത്ത്. ഇന്ന് മാഞ്ചസ്റ്ററില്‍ തന്റെ ഇരട്ട ശതകം നേടി കളം നിറഞ്ഞ് സ്മിത്ത് കളിച്ചപ്പോള്‍ താരം തുടര്‍ച്ചയായ മൂന്നാം ആഷസ് പരമ്പരയിലാണ് 500ലധികം റണ്‍സ് നേടിയത്. 2015ല്‍ ഇംഗ്ലണ്ടില്‍ അന്ന് സ്റ്റീവ് സ്മിത്ത് 508 റണ്‍സാണ് നേടിയതെങ്കിലു‍ം 2017-18 പരമ്പരയില്‍ ഓസ്ട്രേലിയയില്‍ വെച്ച് 687 റണ്‍സാണ് നേടിയത്.

ഈ ആഷസില്‍ മൂന്ന് മത്സരങ്ങളിലായി നാല് ഇന്നിംഗ്സുകളില്‍ നിന്ന് 589 റണ്‍സാണ് സ്റ്റീവന്‍ സ്മിത്ത് നേടിയിട്ടുള്ളത്. എഡ്ജ്ബാസ്റ്റണില്‍ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയ സ്മിത്ത്. ലോര്‍ഡ്സിലെ ആദ്യ ഇന്നിംഗ്സില്‍ 92 റണ്‍സ് നേടി പുറത്തായി. ആ ഇന്നിംഗ്സില്‍ ജോഫ്രയുടെ പന്തില്‍ പരിക്കേറ്റ താരം രണ്ടാം ഇന്നിംഗ്സില്‍ കളിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ലീഡ്സ് ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്ത് കളിച്ചതുമില്ല. ഈ ഇടവേളയ്ക്ക് ശേഷം ശക്തമായ ഇരട്ട ശതകം നേടിയാണ് സ്റ്റീവന്‍ സ്മിത്ത് തന്റെ മടങ്ങി വരവ് ആഘോഷിച്ചത്.