ആന്‍ഡ്രേ ടൈയുടെയും ഖൈസ് അഹമ്മദിന്റെയും കരാറുകള്‍ റദ്ദാക്കി ഗ്ലൗസ്റ്റര്‍ഷയര്‍

കരാര്‍ റദ്ദാക്കപ്പെട്ട താരങ്ങളുടെ പട്ടികയിലേക്ക് ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈയും അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ ഖൈസ് അഹമ്മദും. ഇരു താരങ്ങളും ഗ്ലൗസ്റ്റര്‍ഷയറില്‍ ടി20 ബ്ലാസ്റ്റിനായി കളിക്കാനിരുന്നിരുന്നവരാണ്. എന്നാല്‍ കൊറോണ വ്യാപനം മൂലം ലീഗ് തന്നെ അനിശ്ചിതത്വത്തിലായപ്പോള്‍ താരങ്ങളുടെ കരാര്‍ റദ്ദാക്കി.

നേരത്തെ ക്ലബ് ഇന്ത്യന്‍ താരം പുജാരയുടെ കൗണ്ടി കരാര്‍ റദ്ദാക്കിയിരുന്നു. ജൂലൈ ഒന്ന് വരെ ഇംഗ്ലണ്ടില്‍ യാതൊരുവിധ ക്രിക്കറ്റും നടക്കില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് കൗണ്ടിയ്ക്ക് പുറമേ ടി20 ചാമ്പ്യന്‍ഷിപ്പിലെ കരാറുകളും ക്ലബുകള്‍ റദ്ദാക്കുവാന്‍ തുടങ്ങിയത്.

ഇരു താരങ്ങളെയും അടുത്ത വര്‍ഷം ടീമിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ലബ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. നേരത്തെ ഇംഗ്ലണ്ട് ബോര്‍ഡ് ഏറ്റവും പുതിയ ഫോര്‍മാറ്റായ ദി ഹണ്ട്രഡും അടുത്ത വര്‍ഷത്തേക്ക് നീട്ടിയിരുന്നു.