ഫിഞ്ചിന്റെ തുടര്‍ച്ചയായ രണ്ടാം ശതകം, ഓസ്ട്രേലിയയ്ക്ക് തുടര്‍ച്ചയായ അഞ്ചാം ജയം
പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിലും വിജയം കരസ്ഥമാക്കിയ ഓസ്ട്രേലിയയ്ക്ക് ഏകദിനത്തില്‍ തുടര്‍ച്ചയായ അഞ്ചാം ജയം. ഇന്ത്യയ്ക്കെതിരെ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് പരമ്പര സ്വന്തമാക്കി യുഎഇയിലേക്ക് എത്തിയ ടീമിനു പാക്കിസ്ഥാനെതിരെയും വിജയം തുടര്‍ക്കഥയാക്കുവാന്‍ സാധിച്ചു. ഇന്നലെ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തില്‍ 13 പന്തുകള്‍ അവശേഷിക്കെയാണ് വിജയം കരസ്ഥമാക്കിയത്. ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖവാജയും ഒന്നാം വിക്കറ്റില്‍ നേടിയ 209 റണ്‍സാണ് ടീമിനു അടിത്തറ പാകിയത്.
തന്റെ ശതകം നേടുവാന്‍ ഖവാജയ്ക്ക് സാധിക്കാതെ 88 റണ്‍സ് നേടി താരം പുറത്തായെങ്കിലും ആരോണ്‍ ഫിഞ്ച് തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ശതകം നേടി ലോകകപ്പിലേക്കുള്ള തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. 143 പന്തില്‍ നിന്ന് പുറത്താകാതെ 153 റണ്‍സാണ് ഫിഞ്ച് നേടിയത്. 11 ഫോറും 6 സിക്സും അടക്കമായിരുന്നു ഫിഞ്ചിന്റെ ഇന്നിംഗ്സ്.
ഗ്ലെന്‍ മാക്സ്വെല്‍(19) ആണ് പുറത്തായ മറ്റൊരു താരം. ഓസ്ട്രേലിയയ്ക്കായി വിജയ സമയത്ത് 11 റണ്‍സുമായി ഷോണ്‍ മാര്‍ഷ് ക്യാപ്റ്റന്‍ ഫിഞ്ചിനൊപ്പം ക്രീസിലുണ്ടായിരുന്നു.