Champions LeagueFeatured

ഹാട്രിക്കുമായി നെയ്മർ, ബസക്സെഹിറിനെ തകർത്ത് പിഎസ്ജി

ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്കുമായി നെയ്മർ. ഇസ്താംബുൾ ബസക്സെഹിറിനെ തകർത്ത് പിഎസ്ജി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്ജിയുടെ വമ്പൻ ജയം. നെയ്മർ ഹാട്രിക്ക് നേടിയപ്പോൾ ഇരട്ട ഗോളുകൾ നേടി എംബപ്പെയും പിഎസ്ജിയുടെ ജയത്തിന് ചുക്കാൻ പിടിച്ചു‌. മെഹ്മത് ടൊപലാണ് തുർക്കി ടീമിന്റെ ആശ്വാസ ഗോൾ നേടിയത്. യൂറോപ്യൻ ഫുട്ബോളിന് തന്നെ നാണക്കേടായ വംശീയാധിക്ഷേപം മൂലം ഉപേക്ഷിച്ച മത്സരമാണ് ഇന്ന് നടന്നത്‌.

ബെസക്സെഹിർ സഹ പരിശീലകനെതിരെ ഫോർത്ത് ഒഫീഷ്യൽ വംശീയാധിക്ഷേപം നടത്തിയതിന് പിന്നാലെ ഇരു ടീമുകളും ഇന്നലെ കളം വിട്ടിരുന്നു. ആ മത്സരമാണ് ഇന്ന് നടന്നത്. ചാമ്പ്യൻസ് ലീഗിൽ കൈലിയൻ എംബപ്പെയുടെ ശക്തമായ തിരിച്ച് വരവിനും ഇന്നത്തെ മത്സരം സാക്ഷ്യം വഹിച്ചു. ഇന്ന് ചാമ്പ്യൻസ് ലീഗിൽ നെയ്മറും എംബപ്പെയും പുതിയ റെക്കോർഡുകൾ കുറിക്കുകയും ചെയ്തു. എംബപ്പെ മെസ്സിയുടെ ഗോൾ സ്കോറിംഗ് റെക്കോർഡ് തിരുത്തിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ രണ്ട് ടീമുകൾക്ക് വേണ്ടി 20 ഗോളുകൾ വീതമടിച്ച് പുതു ചരിത്രമെഴുതാൻ നെയ്മർക്ക് സാധിച്ചു.