പകിടയെറിഞ്ഞുള്ള ക്രിക്കറ്റ് കളി

ലോകത്ത് മറ്റൊരു ടീമും പോകാത്ത വഴികളിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ആറു മാസമായി പോയി കൊണ്ടിരുന്നത് എന്നു ഇവിടെ ഒരിക്കൽ പറഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചു. ഇന്ന് അത് വഴി ടീം ഏകദേശം ഏഷ്യ കപ്പിൽ നിന്നും പുറത്തായപ്പോൾ അവരും ആ പറഞ്ഞതിനോട് സമ്മതിക്കുന്നുണ്ടാകും. ഇനി നമുക്ക് ഫൈനലിലേക്ക് കടക്കണമെങ്കിൽ കണക്കുകളുടെ കളിയുടെ സഹായം വേണ്ടി വരും, നമ്മുടെ പ്രകടനത്തിലേക്കാൾ മറ്റ്‌ ടീമുകൾ തമ്മിലുള്ള കളികളിലെ കണക്കുകളുടെ സഹായം.

വേൾഡ് കപ്പിന് ഒന്നര മാസം മാത്രം ബാക്കി നിൽക്കെയാണ് ഇത് എന്നതാണ് ഇതിന്റെ സങ്കടകരമായ വശം. ഇത്രയും സമയമുണ്ടായിട്ടും, കുറഞ്ഞത് നാല് പരമ്പരകൾ എങ്കിലും കിട്ടിയിട്ടും നമുക്ക് വേൾഡ് കപ്പ് ജയിക്കാൻ തയ്യാറായ ഒരു ടീമിനെ ഇതു വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നത് കഷ്ടമാണ്. ടീം കോമ്പിനേഷൻ മാറ്റിയും മറിച്ചും കളിക്കാരിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച നടപടികൾ ഒരു ഗുണവും ചെയ്തില്ല എന്നു ഇന്ത്യൻ ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനെ ആരു പറഞ്ഞു മനസ്സിലാക്കും? സൗത്ത് ആഫ്രിക്ക ഇന്ന് ടീമിനെ അനൗൺസ് ചെയ്തു കഴിഞ്ഞു എന്നോർക്കണം. പാക്കിസ്ഥാന്റെ ടീം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു, ശ്രീലങ്കൻ ടീമിലും കാര്യമായ മാറ്റം ഉണ്ടാകില്ല.

ഇന്ത്യയുടെ കാര്യം അങ്ങനെയല്ല, ഇപ്പഴും ബാറ്റിംഗ് ഓർഡറിൽ രാഹുൽ ഉണ്ടാകുമോ, ഡികെയുണ്ടാകുമോ, അഞ്ചാമൻ ആരാകും എന്നൊന്നും ഒരു ഉറപ്പുമില്ല. വിക്കറ്റ് കീപ്പർ ആരാണെന്നു പോലും തീരുമാനമായിട്ടില്ല. ബോളിംഗിൽ ബുംറയും ഷമിയും ഇപ്പോഴും പുറത്താണ്, അവരിൽ ആരൊക്കെ വരും ഇപ്പോഴുള്ള ആരൊക്കെ പോകും എന്നറിയില്ല. പറയാതെ വയ്യ, ദ്രാവിഡ് പകിടയെറിഞ്ഞു കളിക്കുകയാണ്.

വേൾഡ് കപ്പ് ഇത്ര അടുത്തു വന്നു നിൽക്കുമ്പോൾ ഒരു സെറ്റായ ടീമും, ഇത് പോലൊരു ടൂർണമെന്റിലെ വിജയവും എത്രമാത്രം ആത്മവിശ്വാസവും ടീം ഇന്ത്യക്ക് നൽകുമായിരുന്നു എന്ന് ദ്രാവിഡിനെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. പക്ഷെ ഒരു ആഗ്രസീവായ പദ്ധതി തയ്യാറാക്കുന്നതിനെതിരെ കോച്ച് ഒരു ‘മതിൽ’ തീർത്ത പ്രതീതിയാണ് നമുക്ക് കിട്ടുന്നത്.

ഇനിയുള്ള ഒരാഴ്ചക്കുള്ളിൽ സിലക്ടേഴ്‌സും ടീം മാനേജ്‌മെന്റും ഒരുമിച്ചിരുന്നു തുറന്ന മനസ്സോടെ ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കും എന്നു ആശിക്കാൻ മാത്രമേ നമുക്കിപ്പോൾ സാധിക്കൂ. ഇന്ത്യൻ ക്രിക്കറ്റ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നത് കൊണ്ടു പറയുകയാണ്, ഇടപെടലുകൾ ഉണ്ടാകും, അത് കാര്യങ്ങളെ കൂടുതൽ വഷളാക്കാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. ഇല്ലെങ്കിൽ വേൾഡ് കപ്പിലും ഫലം മറിച്ചാകില്ല.

റൗണ്ട് ഓഫ് 16 അഥവാ മരണ പതിനാറ്

സാധാരണ ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ കളികൾക്ക് ആവേശം കൂടുക ക്വാർട്ടറിലാണ്. അതിന് മുൻപ് കൂടി വന്നാൽ ഒരു ‘ഷോക്കിങ് എക്സിറ്റ്’ ഒക്കെ വന്നേക്കും എന്നല്ലാതെ അപ്രതീക്ഷിത ജയങ്ങൾ ഒന്നും കാണാറില്ല. ഇത്തവണ യുഎസ് ഓപ്പണിൽ കാര്യങ്ങളുടെ കിടപ്പ് ആകെ മാറിയിട്ടുണ്ട്.

ക്വാർട്ടറിന് മുൻപുള്ള നാലാം റൗണ്ട് അഥവാ റൗണ്ട് ഓഫ് 16 ലൈനപ്പ് കാണുന്ന ഏതൊരു ടെന്നീസ് ആരാധകനും ഇത് മനസ്സിലാകും. ഇന്ന് രാത്രി ഇന്ത്യൻ സമയം 8.30pm മുതൽ തുടങ്ങുന്ന ടെന്നീസ് കളികൾ അത്യധികം ആവേശകരമാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഡേയ്വിടൊവിച് vs ബെറേറ്റിനി – 8.30pm
മൗടേറ്റ് vs റൂഡ് – 9.30pm
കരേനോ vs ഖാഷ്നോവ് – 11.45pm
മെദ്വദേവ് vs കിരിയോസ് – 4.30am
ഇവഷ്ക vs സിന്നർ – TBD
നോറി vs റുബ്ലേവ് – TBD
ടിയാഫോ vs നദാൽ – TBD
ചിലിച് vs അൽക്കറാസ് – TBD

ഇതിൽ ഏറ്റവും വാശിയേറിയത് ഏതാകും എന്നു പ്രവചിക്കുക അസാധ്യം. എങ്കിലും മെദ്വദേവ് – കിരിയോസ് പോരാട്ടമായിരിക്കും എന്റർടെയിന്മന്റ് വാല്യു കൊണ്ടു കാണികൾക്ക് പ്രിയങ്കരമാവുക എന്നത് ഉറപ്പ്. ഇത്തരം കളികൾക്കെങ്കിലും പഴയ രീതിയിൽ ലൈൻ ജഡ്ജസിനെ തിരികെ കൊണ്ടു വരണം എന്നു മസാല പടങ്ങൾ ഇഷ്ടപ്പെടുന്നവർ അഭിപ്രായപ്പെടുന്നുണ്ട്!

നദാൽ ഈ റൗണ്ടിൽ അമേരിക്കൻ പവർ ഹൗസ് ടിയഫോയെ നേരിടുന്ന കളിയും കാണികളെ ആവേശം കൊള്ളിക്കും. അഞ്ചു സെറ്റിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കേണ്ട എന്നു വിദഗ്ധർ പറയുന്നുണ്ട്. ടിയഫോയെ സംബന്ധിച്ച് ഇത് ഹോം ഗ്രൗണ്ട് ആയത് കൊണ്ട്, കാണികളുടെ പിന്തുണ രണ്ടാൾക്കും ഒരു പോലെയാകും.

അടുത്തടുത്ത സീഡുകാരായ നോറിയും റുബ്‌ലെവും തമ്മിലുള്ള കളിയും വാശിയേറിയതാകും. ബ്രിട്ടീഷ് – റഷ്യൻ കളി എന്ന നിലക്ക് കുറച്ചു രാഷ്ട്രീയ പിരിമുറുക്കവും ഈ കളിക്കുണ്ടാകും. ബ്രിട്ടീഷ്‌കാരുടെ ആകെയുള്ള പ്രതീക്ഷയായത് കൊണ്ട്, നോറിക്ക് കാണികളിൽ കുറച്ചു അധികം ശബ്ദായനമായ പിന്തുണ ലഭിച്ചാൽ അത്ഭുതപ്പെടേണ്ട.

ഈ റൗണ്ടിലെ അവസാന മാച്ചായ ചിലിച് – അൽക്കറാസ് കളി തരള ഹൃദയർക്ക് താങ്ങാവുന്ന ഒന്നാകില്ല. ലോക ടെന്നീസിൽ സ്ഥാനം ഉറപ്പിക്കാൻ ഒരു ജയം ഈ രണ്ട് ചാമ്പ്യൻമാർക്കും അത്യാവശ്യമാണ്. ഇവരുടെ കളിയിൽ കോർട്ടിലെ ഓരോ ഇഞ്ച് സ്ഥലം പോലും ഉപയോഗപ്പെടുത്തുന്ന, അതിമാനുഷമായ അത്ലറ്റിസമാകും കാണാൻ കഴിയുക.

ഇതെല്ലാം കൊണ്ടു തന്നെ ടെന്നീസ് ആരാധകർക്ക് ഇന്ന് ആഘോഷരാവാണ്, യുഎസ് ഓപ്പണിൽ ഓണം നേരത്തെ വന്ന പ്രതീതിയാണ്. നല്ല ടെന്നീസിനായി നമുക്ക് കാത്തിരിക്കാം, ഭാഗ്യം നിറഞ്ഞവർ വിജയിക്കട്ടെ എന്നു ആശംസിക്കാം. കാരണം, ഇന്നത്തെ കളിയിൽ എല്ലാവരും സമൻമാരാണല്ലോ.

വ്രൂം വ്രൂം..സാൻഡ്വൂർട്ട്

വൈകിട്ട് ഇന്ത്യൻ സമയം 6.30ന് നെതർലൻഡ്സിലെ സാൻഡ്വൂർട്ട് സർക്യൂട്ടിൽ പച്ച വെളിച്ചം തെളിയുമ്പോൾ ഏറ്റവും സന്തോഷിക്കുക റെഡ്ബുൾ കാറിലിരിക്കുന്ന മാക്‌സ് വെസ്റ്റാപ്പൻ ആകും. ഇന്നലെ ക്വാളിഫയിങ് റേസിൽ വിജയിച്ചു, ഇന്നത്തെ റേസിൽ പോൾ പൊസിഷൻ നേടിയത് കൊണ്ടു മാത്രമായിരിക്കില്ല ആ സന്തോഷം. തന്റെ സ്വന്തം രാജ്യത്ത് മത്സരിച്ചു ഇക്കൊല്ലത്തെ ചാമ്പ്യൻഷിപ്പ് അരക്കിട്ടുറപ്പിക്കാൻ കിട്ടുന്ന അവസരമാണ് എന്നത് കൊണ്ടാകും. ഇതിന് തയ്യാറായി, ഗാലറികളെ ഓറഞ്ചണിയിക്കാൻ കാണികളും പ്രതീക്ഷയോടെയെത്തും എന്ന കാര്യത്തിൽ സംശയമില്ല.

വെറും .02 സെക്കണ്ടുകളുടെ വ്യത്യാസത്തിനാണ് പോൾ പൊസിഷൻ ലെച്ലെറെക്കിൽ നേടിയതെങ്കിലും, തങ്ങളുടെ ചാമ്പ്യൻ ഡ്രൈവറുടെ മേൽ റെഡ്ബുൾ ടീമിന് തികഞ്ഞ വിശ്വാസമാണ്. പോരാത്തതിന് പോൾ പൊസിഷനിൽ അഞ്ചാം സ്ഥാനത്തു തങ്ങളുടെ രണ്ടാമത്തെ ഡ്രൈവറും സ്ഥാനം പിടിച്ചതിൽ അവർക്ക് ആഹ്ലാദമുണ്ട്. ഇക്കൊല്ലത്തെ ടീം ചാമ്പ്യൻഷിപ്പ് ഉറപ്പിക്കാൻ സാധിക്കും എന്ന വിശ്വാസത്തിൽ തന്നെയാണ് റെഡ്ബുൾ.

1952ൽ ആദ്യമായി ഗ്രാൻഡ്‌പ്രി നടന്ന സാൻഡ്വൂർട്ട് സർ്‌ക്യൂട്ടിൽ റേസുകൾക്കു ഒരു നീണ്ട ഇടവേള വന്നു. 36 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ കൊല്ലമാണ് വീണ്ടും f1 തിരിച്ചു അങ്ങോട്ടെത്തിയത്

4.259കിമി ദൈർഘ്യമുള്ള ഈ ട്രാക്കിൽ 77 ലാപ്പാണ് ഓടിയെത്തേണ്ടതു.

വളരെ വേഗതയേറിയത്, ഓൾഡ് സ്‌കൂൾ, തികച്ചും ഭ്രാന്തമായ എന്നൊക്കെ ഡ്രൈവർമാർ വിശേഷിപ്പിക്കുന്ന ഈ സർക്യൂട്ടിൽ കഴിഞ്ഞ കൊല്ലം മേഴ്‌സിഡിസിൽ ലൂയി ഹാമിൽടൻ നേടിയ 1:11.097 ന്റെ ലാപ് റെക്കോർഡ് ഇത്തവണ ആരെങ്കിലും മറികടക്കുമോ എന്നു കാത്തിരിക്കുകയാണ് f1 ആരാധകർ. മണ്കൂനകൾക്ക് ഇടയിലൂടെ ഇന്ന് കാറുകൾ ചീറി പായുമ്പോൾ, മത്സരം പൊടിപാറും എന്നു ഉറപ്പാണ്.

ലൈൻ ജഡ്ജസ് ഇല്ലാത്ത യു എസ് ഓപ്പൺ

ന്യൂയോർക്കിലെ ബില്ലി ജീൻ ടെന്നീസ് സെന്ററിൽ നടക്കുന്ന വർഷത്തെ അവസാന ഗ്രാൻഡ്സ്ലാം ആയ യുഎസ് ഓപ്പണിൽ ലൈൻ ജഡ്ജസ് അല്ലെങ്കിൽ അമ്പയേഴ്സിനെ കാണാനില്ല. എന്നാൽ ബോൾ ഔട്ട് വിളിക്കുന്നത് കേൾക്കുന്നുമുണ്ട്!

ടെക്‌നോളജിയുടെ കളിയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടർ വന്നാൽ ജോലി പോകും എന്ന ചില നാടുകളിലെ മുദ്രാവാക്യങ്ങളിൽ നിന്ന് നാം ഇന്ന് വളരെ മുന്നോട്ടു പോയിരിക്കുന്നു. എങ്ങനെ ടെക്‌നോളജി ഉപയോഗിച്ചു കാര്യങ്ങൾ എളുപ്പത്തിലാക്കാം, കൃത്യമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇത്.

ടെന്നീസിലെ ആദ്യ ടെക്‌നോളജി മാറ്റം കോർട്ട് സർഫേസ്‌ ആയിരുന്നു. ക്ലേ കോർട്ടിൽ നിന്നും, ഗ്രാസ് കോർട്ടിൽ നിന്നും ഹാർഡ് കോർട്ടിലേക്ക് മാറി. പിന്നീട് റാക്കറ്റിലായി മാറ്റങ്ങളുടെ വിശേഷം. മര റാക്കറ്റിൽ നിന്നു ലാമിനേറ്റഡ് മരത്തിലേക്കും, സ്റ്റീലിലേക്കും, അലുമിനിയത്തിലേക്കും, അവസാനം 1980ൽ ഗ്രഫൈറ്റിലേക്കും റാക്കറ്റുകൾ മാറി. ഇപ്പഴും പുതിയ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അത് കൊണ്ടാണ് മുൻകാലത്തെ ചാമ്പ്യന്മാരുടെ ഷോട്ടുകളുടെ കരുത്തും സ്പീഡും ഇന്നത്തേതുമായി താരതമ്യം ചെയ്യരുത് എന്നു പറയുന്നത്.

കളിയുടെ വേഗത കൂടിയതോടെയാണ് കോർട്ടുകളിലെ തർക്കങ്ങൾ കൂടിയത്. ലൈൻ ജഡ്ജസിന്റെ കോളുകൾ കളിക്കാരും കാണികളും ചോദ്യം ചെയ്തു തുടങ്ങി. ഇതിന് ഒരു പരിധി വരെ ആശ്വാസമായത് 2000 ആണ്ട് കഴിഞ്ഞാണ്. കോർട്ടിലെ ലൈൻ കോളുകൾ കളിക്കാർക്ക് ചോദ്യം ചെയ്യാനും, കൃത്യത ഉറപ്പ് വരുത്താനും ഇത് വഴി സാധിച്ചു. പക്ഷെ എന്നിട്ടും തർക്കങ്ങൾ തുടർന്ന്.

അതേ തുടർന്നാണ് കഴിഞ്ഞ മൂന്നോ നാലോ കൊല്ലങ്ങളായി എല്ലാ ബോളുകളും ഹോക്ക് ഐ വഴി തീരുമാനിക്കാൻ പറ്റുമോ എന്ന ഗവേഷണങ്ങൾ നടന്നത്. അങ്ങനെ 2021 യു എസ് ഓപ്പൺ ടൂർണമെന്റിൽ ആദ്യമായി ലൈൻ ജഡ്ജസിനെ ഒഴിവാക്കി ഹോക്ക് ഐ മാത്രമായി കളികൾ നടത്തി. ബോൾ പുറത്തു ലാൻഡ്‌ ചെയ്യുമ്പോൾ സ്പീക്കറിലൂടെ ഔട്ട് വിളി ഉയരും!

ഹോക്ക് ഐ സംവിധാനത്തിൽ മനുഷ്യ ഇടപെടലുകൾ ഇല്ലാത്തത് കൊണ്ടും, എല്ലാവരോടും ഒരേ നയമാണ് സ്വീകരിക്കുന്നത് എന്നത് കൊണ്ടും കളിക്കാർക്ക് സ്വീകാര്യമായി. കഴിഞ്ഞ കൊല്ലത്തെ വിജയകരമായ ഉപയോഗത്തെ തുടർന്ന് ഇക്കൊല്ലവും യുഎസ് ഓപ്പണിൽ ലൈൻ ജഡ്ജസിനെ ഒഴിവാക്കിയിട്ടുണ്ട്. കോർട്ടിലെ ഡ്രാമകൾ കുറയുമെങ്കിലും കളിയുടെ വിശ്വാസ്യത കൂടും എന്നതിനാൽ ഇത് ഇനി എല്ലാ ടൂർണമെന്റുകളിലും ഒരു സ്ഥിരം ഏർപ്പാടായി ഉടൻ മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഏഷ്യ കപ്പിൽ ഇന്ത്യൻ കളി കാണാൻ കാണികളില്ല!

ഇന്ത്യ – ഹോങ്കോങ് ഏഷ്യ കപ്പ് ഗ്രൂപ്പ് മത്സരം നടക്കുന്ന ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഗാലറികൾ കാലിയാണ്! ഹോങ്കോങ് ആരാധകരെ മറന്നേക്കൂ, ആ ദ്വീപ് രാജ്യത്ത് നിന്ന് എത്ര പേർ വരാനാണ്? അവരുടെ ജനസംഖ്യ 8 മില്യൺ ആണെങ്കിൽ, യുഎഇയിൽ 4 മില്യൺ ഇന്ത്യക്കാർ വസിക്കുന്നുണ്ട്.

ദേശസ്നേഹത്തിന്റെ അളവ്കോൽ സ്റ്റേഡിയത്തിൽ വന്നിരുന്നുള്ള കീ ജയ് വിളികളാണ് എന്നു കരുതുന്നവർക്ക് ഇന്ന് ദേശസ്നേഹമില്ലേ? ഇന്ത്യൻ ടീമിനെ ഗാലറികളിൽ ഇരുന്നു പിന്തുണക്കേണ്ട ചുമതല ഇന്നില്ലേ? അതോ ഇന്ന് കാണികൾ ഇല്ലെങ്കിലും നമ്മുടെ ടീം ജയിക്കും എന്നാണോ?

ഇന്ന് ഹോട്സ്റ്റാറിൽ കളി കാണുന്നത് വെറും 59 ലക്ഷം ആളുകളാണ് ഉള്ളത്. നമ്മുടെ ആദ്യ ഗ്രൂപ്പ്‌ മത്സരം കാണാൻ ഒന്നരക്കോടി കാഴ്ചക്കാർ ഉണ്ടായിരുന്നു എന്നോർക്കണം!

ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം, നാട്ടുകാർ അവിടെ ചെന്നിരുന്നു എതിർ ടീമിനെ തെറി പറയുന്നത് കൊണ്ടൊന്നുമല്ല നമ്മുടെ ടീം ജയിക്കുന്നത്. കളിക്കാർ രാജ്യത്തിന് വേണ്ടി ആവേശത്തോടെ കളിക്കുന്നത് കൊണ്ടാണ്. പക്ഷേ നമ്മൾ കാണികളുടെ സ്വാർത്ഥയാണ് ഗാലറികളെ നിറയ്ക്കുന്നത്. ഒപ്പത്തിനൊപ്പമുള്ള കളി മാത്രം കാണാൻ ആളുകൾ വരുന്നത് അതു കൊണ്ടാണ്. ദേശസ്നേഹമായിരുന്നു കാര്യമെങ്കിൽ നമ്മൾ ഇങ്ങനെ സെലേക്റ്റീവ് ആകുമായിരുന്നില്ലല്ലോ! അതു കൊണ്ടു ഇത്തരം കളികളിലേക്ക് സ്യൂഡോ നാഷണലിസവും, ഉപരിപ്ലവമായ ദേശസ്നേഹവും ചുമന്ന് വരാതിരിക്കുക. കളിയെ സ്നേഹിക്കുക, കളിക്കാരെ എന്നും പ്രോത്സാഹിപ്പിക്കുക, ജയപരാജയങ്ങളെ പോസിറ്റീവ് ആയിട്ടെടുക്കുക.

ഏഷ്യൻ ക്രിക്കറ്റിൽ സ്ഥാനമുറപ്പിച്ച് അഫ്ഘാനിസ്ഥാൻ

ശ്രീലങ്കയെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചു ഏഷ്യ കപ്പിൽ വരവറിയിച്ച അഫ്ഘാനിസ്ഥാൻ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ 9 ബോളുകൾ ബാക്കി നിൽക്കെ അനായാസം മറികടന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ്, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 127 റണ്സ് മാത്രമാണ് ബോർഡിൽ കുറിച്ചത്. അഫ്ഘാനിസ്ഥാൻ 3 വിക്കറ്റ് മാത്രമാണ് കളഞ്ഞത്, അതു കൊണ്ട് തന്നെ അവസാന ഓവറുകളിൽ കൂറ്റനടിക്ക് അവർക്ക് ധൈര്യം കിട്ടി.

രണ്ട് കളികൾ ജയിച്ചു ഗ്രൂപ്പ് ജേതാക്കളായ അഫ്ഘാനിസ്ഥാൻ, ഏഷ്യൻ ക്രിക്കറ്റിൽ തങ്ങൾ ഒട്ടും പുറകിലല്ല എന്നു വിളിച്ചു പറഞ്ഞു. കൂടുതൽ കളികൾ ലഭിച്ചാൽ ഇന്ത്യയെയും പാകിസ്ഥാനെയും അവർ വെല്ലുവിളിക്കാൻ പ്രാപ്തരാകും എന്ന കാര്യത്തിൽ സംശയം വേണ്ട.

രണ്ട് പ്രതികൂല ഘടകങ്ങളാണ് അഫ്ഘാനിസ്ഥാന് മുന്നിലുള്ളത്. ഒന്ന്, അവരെ മറ്റ് ഏഷ്യൻ രാജ്യങ്ങൾ കാര്യമായി എടുക്കുന്നില്ല എന്നതാണ്. കളിയുടെ സാമ്പത്തിക ശാസ്ത്രം വച്ചു നോക്കുമ്പോൾ അവർ ഇപ്പഴും ഒരു നഷ്ടക്കച്ചവടമാണ് എന്നതാണ് പ്രശ്‌നം. അവർക്കായി അതു കൊണ്ടു സമയം മാറ്റി വയ്ക്കാൻ മറ്റ് ടീമുകൾക്ക് മടിയാണ്. ഏഷ്യൻ ടീമുകൾ അതിന് തയ്യാറാകാത്ത കാലത്തോളം മറ്റ് മുൻനിര ടെസ്റ്റ് ടീമുകളും അവരെ തഴയും. ഇനിയും അയർലൻഡ്, സിംബാബ്‌വെ, ഹോങ്കോങ് ടീമുകളുമായി മാത്രം കളിച്ചു നടന്നാൽ അവർ ഇത് വരെ നേടിയ മുന്നേറ്റങ്ങൾ പാഴായി പോകും.

രണ്ടാമത്തെ പ്രശ്നം രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട സുരക്ഷയുമാണ്. ഈ അടുത്ത കാലത്തൊന്നും ഒരു രാജ്യാന്തര ടീമും അഫ്ഘാനിസ്ഥാനിലേക്ക് ചെല്ലും എന്നു കരുതണ്ട. പാകിസ്ഥാൻ പോലും ഈ പ്രശ്‌നം വർഷങ്ങൾക്ക് ശേഷം ഇപ്പഴാണ് ഒന്ന് മറികടന്നത്. രാഷ്ട്രീയ കാലാവസ്‌ഥ ശരിയാകാതെ അന്താരാഷ്ട്ര ടീമുകൾ അങ്ങോട്ട് ചെല്ലുന്നതിനെ കുറിച്ചു ആലോചിക്കുക കൂടിയില്ല. എന്തിന് മറ്റ് ടീമുകളെ പറയുന്നു, അഫ്‌ഗാൻ താരമായ റാഷിദ് ഖാൻ പോലും താലിബാന് കീഴിലുള്ള അഫ്‌ഗാനിസ്ഥാനിൽ കളിക്കാൻ താല്പര്യപ്പെടുന്നില്ല. പിന്നെയുള്ള പോംവഴി അവരുടെ ഹോം ഗ്രൗണ്ടായി ദുബായിയെ പ്രഖ്യാപിച്ചു, ടീമുകളെ അങ്ങോട്ട് കൊണ്ട് വരിക എന്നതാണ്. പാകിസ്ഥാൻ ഇങ്ങനെ ചെയ്തിരിന്നു എന്ന കാര്യം നമ്മൾ ഓർക്കണം. പക്ഷെ ക്രിക്കറ്റിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത അഫ്‌ഗാനിസ്ഥാനിൽ പുതിയ ഇൻഫ്രാസ്‌ട്രക്ചർ ഉണ്ടാക്കിയെടുക്കുന്നതിന് ഈ നീക്കം തടസ്സമാകും.

മറ്റാരേക്കാളും ആവേശത്തോടെയും സന്തോഷത്തോടെയും ക്രിക്കറ്റിനെ സമീപിക്കുന്ന ഈ രാജ്യക്കാർക്ക് ഈ കടമ്പകൾ കടക്കാൻ സാധിക്കട്ടെ എന്നു മാത്രമേ ഇപ്പോൾ നമുക്ക് ആശംസിക്കാൻ സാധിക്കൂ. ഒന്നോർക്കണം, മറ്റുള്ളവരെ പോലെ സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടാണ് അവർ ഈ പ്രകടനം കാഴ്ച വച്ചത്!

ന്യൂ യോർക്കിൽ കൊളംബിയൻ വിപ്ലവം!

ആദ്യ ദിവസം തന്നെ യുഎസ് ഓപ്പണിലിൽ വമ്പൻ അട്ടിമറി, നാലാം സീഡ് സിസിപ്പാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു 94ആം സീഡ് ഡാനിയേൽ ഇലാഹി ഗലാൻ. 6/0, 6/1, 3/6, 7/5 എന്ന സ്കോറിലാണ് ഈ 30കാരനായ കൊളംബിയൻ ഒന്നാം നമ്പർ താരം ലൂയി ആംസ്ട്രോങ് സ്റ്റേഡിയത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം നേടിയത്.

സ്കോറുകൾ സൂചിപ്പിക്കുന്ന പോലെ, ആദ്യ രണ്ട് സെറ്റുകളിൽ അപ്രതീക്ഷിതമായി വന്ന കൊടുങ്കാറ്റിൽ വഴി തെറ്റിയ ഗ്രീക്ക് കപ്പൽ പോലെയായിരിന്നു സിസിപ്പാസ്. മൂന്നാം സെറ്റിൽ പായ വലിച്ചു കെട്ടി തന്റെ യാനത്തെ നേരെയാക്കിയെങ്കിലും, നാലാമത്തെ സെറ്റിൽ ഡാനിയേൽ തന്റെ വിജയം ചുണ്ടിലേക്ക് അടുപ്പിച്ചു.

ഇന്നില്ല വിരമിക്കൽ- സെറീന!

ന്യൂയോർക്കിലെ ഫ്ലഷിങ് മെഡോസിൽ, ആർതർ ആഷേ സ്റ്റേഡിയം ഇന്ന് ആളുകളെ കൊണ്ടു തിങ്ങി നിറഞ്ഞിരുന്നു. യുഎസ് ഓപ്പണിൽ ഒരു ഒന്നാം റൗണ്ട് കളി കാണാൻ ഇത്രയും തിരക്ക് ഇതിന് മുൻപ് അനുഭവപ്പെട്ടിട്ടില്ല.

ഇത് ഒരു സാധാരണ കളിയായിരുന്നില്ല, ലോക ടെന്നീസ് റാണി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു കളിക്കുന്ന യുഎസ് ഓപ്പൺ ടൂർണമെന്റാണ്, പ്രജകൾ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. പക്ഷെ സെറീന നേരിട്ടുള്ള സെറ്റുകൾക്ക് 6/3, 6/3 എന്ന സ്കോറിൽ മോണ്ടിനെഗ്രോയുടെ ഡാങ്ക കോവിനിച്ചിനെ തകർത്തു കൊണ്ടു വിരമിക്കാൻ സമായമായില്ല എന്ന് വിളിച്ചു പറഞ്ഞു. വിരമിക്കൽ മത്സരം കാണാൻ എത്തിയ കാണികളിൽ ആരും അതിൽ നിരാശരായില്ല. അവർക്ക് സെറീന ഇനിയും തുടർന്ന് കളിക്കുന്നത് കാണാനാണ് ഇഷ്ടം.

സെറീനയുടെ മകൾ ഒളിമ്പിയ അടക്കമുള്ള കുടുംബാംഗങ്ങൾ സ്റ്റേഡിയത്തിൽ സന്നിഹതരായിരുന്നു. 23000 ത്തിലേറെ കാണികൾക്ക് എന്ന പോലെ അവർക്കും ഇത് ഒരു വികാരനിർഭരമായ നിമിഷങ്ങളായിരുന്നു. ലക്ഷക്കണക്കിന് ചെറിയ പെണ്കുട്ടികളെ ടെന്നീസ് സ്വപ്നം കാണാൻ പ്രേരിപ്പിച്ച ഈ ലോക ചാമ്പ്യൻ കോർട്ടിനോട് വിട പറയുന്നത് സങ്കടം തന്നെയാണ്. പക്ഷെ ഒരു സെറീന ടെന്നീസിനും, സ്പോർട്സിനും, വനിതകൾക്കും കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി കൊടുത്തു കൊണ്ടിരുന്ന പ്രചോദനം വാക്കുകൾക്ക് അതീതമാണ്. യുഎസ് ഓപ്പൺ കഴിഞ്ഞാലും, വിരമിച്ചു മാറി നിന്നാലും, 23 ഗ്രാൻഡ്സ്ലാം വിജയിച്ച ഈ ക്വീൻ ഇനിയും അത് തുടരും എന്ന് തന്നെ പ്രതീക്ഷിക്കാം.

ആൾ റൗണ്ടർമാരുടെ തോളിലേറി ഇന്ത്യൻ ജയം

ഏഷ്യ കപ്പിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ചു. ഒറ്റ നോട്ടത്തിൽ ഇതാണ് വാർത്ത.

ടോസ് നേടി ഫീല്ഡിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ ബോളിംഗ്‌ ഡിപാർട്മെന്റിൽ തിളങ്ങി. അതും ബുംറ, ഷമി തുടങ്ങിയവർ ഇല്ലാത്ത ഒരു ബോളിംഗ്‌ നിരയാണ് എന്നോർക്കണം. രോഹിത് തന്റെ ബോളർമാരെ നന്നായി ഉപയോഗിക്കുകയും ചെയ്തു. അവരെ വേണ്ട വിധത്തിൽ റോട്ടേറ്റ് ചെയ്യുക വഴി പാകിസ്ഥാനി ബാറ്റേഴ്സിന് സെറ്റിൽ ചെയ്യാൻ സമയം നൽകിയില്ല. ഇനിയുള്ള കളികളിലും ലൈനും ലെങ്തും ഇത് പോലെ സൂക്ഷിക്കാൻ സാധിച്ചാൽ നമ്മൾ ഫൈനലിൽ കടക്കാൻ അധികം ബുദ്ധിമുട്ടില്ല. ഇക്കൊല്ലത്തെ വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യയുടേതാകും ഏറ്റവും ശക്തിയേറിയ ബോളിംഗ്‌ നിര എന്ന സൂചനയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.

ഇത് പോലെയൊക്കെ നമ്മുടെ ബാറ്റേഴ്സിനെ കുറിച്ചും പറയാൻ സാധിക്കില്ല. വിരാട് കോഹ്‌ലി ഫോമിലേക്ക് വന്നോ എന്നു സംശയമുണ്ട്, കാരണം ഫോമായിരുന്നില്ല ആ കളിക്കാരന്റെ പ്രശ്‌നം. പിച്ചിൽ നിൽക്കുമ്പോൾ കോഹ്‌ലിക്ക് ശരിയായ ഷോട് സിലക്ഷൻ സാധിക്കുന്നില്ല എന്നതായിരുന്നു. ഇന്നലെയും തുടക്കത്തിൽ അത് കണ്ടതാണ്, പിന്നീട് താളം ശരിയായി പഴയ കോഹ്‌ലിയുടെ ഒരു മിന്നലാട്ടം നാം കണ്ടു തുടങ്ങിയതും ഒരു സംശയം നിറഞ്ഞ ഷോട്ടിൽ ക്യാച് കൊടുത്ത് പുറത്തായി. പക്ഷെ ആ കളിക്കാരന്റെ 35 റണ്സ് ആശ്വസിക്കാൻ വക നല്കുന്നു.

ഇന്നലെ നമ്മളെ യഥാർത്ഥത്തിൽ ജയിപ്പിച്ചത് ആൾ റൗണ്ടേർസാണ്. ഇത്ര നല്ല രണ്ട് ആൾ റൗണ്ടേർസ് ഒരുമിച്ചു ഇന്ത്യൻ ടീമിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമുണ്ട്. ജഡേജയും, ഹാർദിക്കും ഇന്ത്യയുടെ വേൾഡ് കപ്പ് പ്ലാനിൽ ഇടംപിടിച്ചു കഴിഞ്ഞു എന്ന കാര്യത്തിൽ സംശയം വേണ്ട. ബാറ്റിംഗ് ശക്തമാക്കാൻ ബാറ്റിംഗ് നിരയിലേക്ക് പന്തിനെ തിരികെ കൊണ്ട് വരണം, ദിനേഷിനെ നിലനിറുത്തി കൊണ്ടു തന്നെ.

T20 മത്സരങ്ങൾ ഒരുപാട് മാറിക്കഴിഞ്ഞു. യാഥാസ്ഥിതിക ഗെയിംപ്ലാനുകൾ, ഷോട്ടുകൾ, ബോളിംഗ്‌ ടാക്ടിക്‌സ് കൊണ്ടൊന്നും ഈ ഫോർമാറ്റിൽ കളി ജയിക്കാൻ സാധിക്കില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്റേഴ്സിനെക്കാൾ ഈ കളിയിൽ കൂടുതൽ ഗുണകരം ആൾ റൗണ്ടേർസാകും. 120 ബോളിന്റെ കളിയാണ്, ബാറ്റേഴ്സിൽ തന്നെ പിഞ്ച് ഹിറ്റേഴ്സിനെ തിരഞ്ഞെടുക്കുന്നതാകും ഇനിയുള്ള കാലം നല്ലത്.

ഏഷ്യ കപ്പിൽ ഇന്നിറങ്ങുന്നു, ജന്റിൽമെൻ പ്ലെയേഴ്‌സ്

ഇന്ന് ഏഷ്യ കപ്പിൽ നടക്കുന്ന ഇന്ത്യ പാകിസ്ഥാൻ T20 ഗ്രൂപ്പ് മത്സരം, 40 ഓവറിന്റെ ജീവൻ മരണ പോരാട്ടമാണ് പലർക്കും. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ടിവി ചാനലുകൾക്ക് രണ്ട് ദിവസമായി ചാകരയാണ്.

കളിയെ കുറിച്ചുള്ള ചർച്ചയാണെങ്കിലും, കളിയെ കുറിച്ചു ഒന്നും അറിയാത്തവരാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. 22 കളിക്കാർ ഇടികൂടി തീർക്കാനായി ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങുന്ന പോലെയാണ് ഇവർ പറഞ്ഞു പോകുന്നത്. ഈ കളി തോറ്റാൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ലഡ്ഡുവിനും പടക്കത്തിനും ഏതേലും ഒരു രാജ്യത്ത് ഇന്ന് നല്ല ചിലവായിരിക്കും.

ഈ സംവാദങ്ങളിൽ ആളിക്കത്തിക്കുന്നത് വിദ്വേഷത്തിന്റെ അഗ്നിയാണ്. വെറുപ്പ് വിറ്റ് സ്വന്തം കീശ വീർപ്പിക്കാനുള്ള ഈ ശ്രമത്തിനിടയിൽ ഇരു രാജ്യങ്ങളിലെയും കളിക്കാർ തമ്മിൽ സൗഹൃദം പങ്കിടുന്നത് ഇവർക്ക് സഹിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ദുബായിൽ നിന്ന് വരുന്ന വാർത്തകൾ അവർക്ക് ദഹിക്കുന്നില്ല. കളിക്കാർ പരസ്പരം കൈ കൊടുത്തും, ചിരിച്ചും, പരിക്കിന്റെ സ്ഥിതിയെ കുറിച്ചു ചോദിക്കുന്നതും ഈ ചാനൽ അവതാരകർക്ക് ദേശവിരുദ്ധ പ്രവർത്തിയായിട്ടാണ് തോന്നുന്നത്.

ശരിയാണ്, ഇരു രാജ്യങ്ങളും തമ്മിലുള്ള കളിക്കളത്തിലെ മത്സരങ്ങൾ ചരിത്രപരമായി സംഘർഷം നിറഞ്ഞതാണ്. ഈ കളികൾ ഇരു ടീമിലെയും കളിക്കാരുടെ ഏറ്റവും നല്ല പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്നുമുണ്ട്. അതിനർത്ഥം ഇരു കൂട്ടരും കളിക്കളത്തിൽ കായികമായി ഏറ്റമുട്ടണം എന്നല്ല, സംസ്‌കാര ശൂന്യരായി പെരുമാറണം എന്നല്ല. അങ്ങനെയല്ല ഒരു സ്പോർട്സ്മാൻ പെരുമാറേണ്ടത്, അതല്ല സ്പോർട്സ്മാൻ സ്പിരിറ്റ്.

ജാവലിൻ താരങ്ങളായ നീരജ് ചോപ്രയും, അർഷദ് നദീമും നമുക്കിത് കാട്ടി തന്നതാണ്. അതിന് വിപരീതമായി ചിലർ സംസാരിച്ചപ്പോൾ നീരജ് അതിനെ ഖണ്ഡിക്കുകയും ചെയ്തു. കോലിയുടെ ബാറ്റ് ലഭിക്കുന്നത് അഭിമാനമായി കണ്ട മുഹമ്മദ് അമീറും ഇത് തന്നെയാണ് നമുക്ക് മനസ്സിലാക്കി തന്നത്.

ഇന്ന് കളി വാശിയേറിയതാകും എന്നതിൽ സംശയം വേണ്ട, ഇന്നത്തെ കേമൻമ്മാർ ജയിക്കും. ഒരു ഇന്ത്യക്കാരൻ എന്ന നിലക്ക് രോഹിതും കൂട്ടരും ഗ്രൗണ്ടിൽ നിന്ന് മൊമെന്റോ ആയി സ്റ്റമ്പുകൾ പറിച്ചെടുത്ത് പോകുന്നത് കാണാനാണ് എനിക്കിഷ്ടം. എന്നാൽ കളി കഴിഞ്ഞുള്ള ഗ്രൗണ്ടിലെ സൗഹൃദ കാഴ്ചകൾ മനസ്സ് നിറയ്ക്കും, എന്തെന്നാൽ നമ്മുടെ കളിക്കാർ ജന്റിൽമെൻ പ്ലെയേഴ്‌സാണ്.

ഇറ്റ് ഈസ് സ്പാ ടൈം!

ചെറുതെങ്കിലും, ഫോർമുല വൺ ഭാഷയിൽ ഒരു നീണ്ട വേനൽക്കാല ഇടവേളക്ക് ശേഷം ലോകത്തെ വേഗത കൂടിയ കാറുകളും, അവയുടെ ഡ്രൈവർമാരും വീണ്ടും ഒരു F1 സർക്യൂട്ടിലേക്ക് തിരികെ വരുന്നു. ബെൽജിയം ഗ്രാൻഡ് പ്രിയിൽ പങ്കെടുക്കാൻ ടീമുകൾ നേരത്തെ എത്തിക്കഴിഞ്ഞു. ഇന്ന് ട്രാക്കിൽ പ്രാക്റ്റീസ് സെഷന് ഡ്രൈവർമാർ ഇറങ്ങി. ഓഗസ്റ്റ് 28, ഞായറാഴ്ചയാണ് റേസ്.

ഒരു പാട് ചരിത്രമുള്ള ട്രക്കാണ് സ്പാ-ഫ്രാങ്കോർഷാംപ്സ്‌ ട്രാക്ക്. 1921ൽ ഉണ്ടാക്കിയ ഈ ട്രാക്കിൽ ആദ്യ വര്ഷം ഒരു കാർ മാത്രം പങ്കെടുക്കാൻ എത്തിയത് കൊണ്ട് റേസ് ഉപേക്ഷിക്കേണ്ടി വന്നു. അന്ന് ട്രാക്കിന് 14 കിലോമീറ്റർ നീളം ഉണ്ടായിരിന്നു. പിന്നീട് F1 റേസുകൾക്കായി ഉപയോഗിച്ച് തുടങ്ങിയ ശേഷം പലതവണ മാറ്റങ്ങൾ വരുത്തി ട്രാക്കിൻ്റെ നീളം 1979ൽ 7കിമി ആയി കുറയ്ക്കുകയാണ് ചെയ്തത്. ആദ്യകാലത്തു ട്രാക്കിൻ്റെ ഏറ്റവും താഴ്ന്ന ഭാഗവും ഉയർന്ന ഭാഗവും തമ്മിൽ 100 മീറ്ററിലേറെ ഉയര വ്യത്യാസമുണ്ടായിരുന്നു. അടുത്തുള്ള പട്ടണത്തിലെ നിരത്തുകളും ട്രാക്കിൻ്റെ ഭാഗമായിരുന്നു. അപകടകരമായ ട്രാക്ക് എന്ന് കുര്സിടി നേടിയ ട്രാക്കായി മാറി സ്പാ. 1969ൽ ട്രാക്കിലെ വളവുകൾ അപകടകാരിയാണ് എന്ന് പറഞ്ഞു ഡ്രൈവർമാർ റേസിൽ നിന്ന് മാറി നിന്ന സാഹചര്യം വരെ ഉണ്ടായി.

1950ൽ ഇവിടെ തുടങ്ങിയ F1 ഗ്രാൻഡ്‌പ്രിയുടെ ഇപ്പോഴത്തെ ദൂരം 308.052കിമി, അത് ഓടി തീർക്കുവാൻ 44 ലാപ്പുകൾ എന്നിങ്ങനെയാണ് കണക്ക്. ദീർഘമായ സ്ട്രെയിറ്റ് ട്രാക്കും,വെല്ലുവിളി നിറഞ്ഞ വേഗതയേറിയ വളവുകളും ഇടചേർന്ന സ്പാ ഇന്ന് ഇത് ഡ്രൈവർമാരുടെ ഇഷ്ടപ്പെട്ട ട്രാക്കുകളിൽ ഒന്നാണ്. പക്ഷെ സർക്യൂട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകത കാരണം ചിലപ്പോൾ ട്രാക്കിൻ്റെ ഒരു ഭാഗം തീർത്തും വരണ്ടിരിക്കുമ്പോൾ മറ്റൊരു ഭാഗത്തു മഴ തകർക്കുന്നുണ്ടാകും. ഇത് ഡ്രൈവർമാരെ സംബന്ധിച്ച് വലിയൊരു പരീക്ഷണം തന്നെയാണ്.

2021ലെ ബെൽജിയം ഗ്രാൻഡ് പ്രിയാണ് ചരിത്രത്തിലെ ഏറ്റവും ചെറിയ റേസായി ഇന്ന് അറിയപ്പെടുന്നത്. കഴിഞ്ഞ വര്ഷം പ്രതികൂല കാലാവസ്ഥ കാരണം 3 ലാപ്പുകൾക്ക് ശേഷം റേസ് നിറുത്തി വയ്‌ക്കേണ്ടി വന്നു. അന്ന് ഡ്രൈവർമാർക്ക് നൽകിയ പോയിന്റുകളെ ചൊല്ലി വളരെ അധികം പ്രതിഷേധമുയരുകയും, ചെറുതാക്കപ്പെടുന്ന റേസുകൾക്ക് നൽകേണ്ട പോയിന്റുകളെ സംബന്ധിച്ചു പുതിയ നിയമങ്ങൾ എഴുതി ചേർക്കപ്പെടുകയും ചെയ്തു.

7കിമി ദൈർഘ്യമുള്ള സ്പാ-ഫ്രാങ്കോർഷാംപ്സ്‌ സർക്യൂട്ടിൽ വേഗതയുടെ രാജാക്കന്മാർ ഇറങ്ങുമ്പോൾ, ലോകം ഉറ്റു നോക്കുക റെഡ്ബുൾ കാറുകളെയാകും. വർഷത്തിൻ്റെ ആദ്യ പകുതിയിൽ നേടിയ മുൻകൈ വെസ്റ്റപ്പനും, പെരെസിനും നിലനിറുത്താൻ സാധിക്കുമോ? മെഴ്‌സിഡിസ് വണ്ടിയിൽ ലൂയി ഹാമിൽട്ടൺ തിരികെ മുന്നിലെത്തുമോ? വൈകുന്നേരങ്ങളിൽ നമ്മുടെ വീടുകളിൽ മുഴങ്ങുന്ന പോലെ, അറിയാൻ കാത്തിരിക്കുക, ഞായറാഴ്ച വൈകുന്നേരം 7.30 വരെ!

ഏഷ്യൻ രാജാക്കൻമ്മാരെ കണ്ടെത്താനുള്ള ടൂർണമെന്റിൽ സ്വന്തം രാജാവിനെ തേടി ഇന്ത്യ

ഈ മാസം 27ന് ദുബായിലും ഷാർജയിലും വച്ചു ശ്രീലങ്ക നടത്തുന്ന ടി20 ഏഷ്യ കപ്പ് മത്സരങ്ങൾക്കായി എല്ലാ ടീമുകളും യുഎയിയിൽ എത്തിക്കഴിഞ്ഞു. 2018ലെ ടൂർണമെന്റ് ODI ഫോർമാറ്റിലാണ് കളിച്ചത്. അന്ന് ഇന്ത്യയായിരുന്നു വിജയിച്ചത്.

ഏഷ്യ കപ്പ് ടൂർണമെന്റിൽ എന്നും ഇന്ത്യ-പാകിസ്ഥാൻ കളിയാണ് ശ്രദ്ധാകേന്ദ്രമാകാറ്. ഈ രണ്ട് ടീമുകളും ഒരേ ഗ്രൂപ്പിലാണ് ഇത്തവണ, അതു കൊണ്ടു തമ്മിൽ കൂടുതൽ മാച്ചുകൾ കളിക്കാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് റൗണ്ടുകളിൽ തന്നെ രണ്ട് കളി ഉറപ്പാണ്. പിന്നെയുള്ളത് ഫൈനലും, അത് പ്രവചനാതീതമാണ്.

A ഗ്രൂപ്പ്: ഇന്ത്യ, പാകിസ്ഥാൻ, ഹോങ്കോങ്
B ഗ്രൂപ്പ്: ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഘാനിസ്താൻ

ഏഷ്യൻ ടീമുകളെ സംബന്ധിച്ചു ഈ ടൂർണമെന്റ് ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഐസിസി വേൾഡ് കപ്പിനായി മുന്നൊരുക്കം നടത്താനുള്ള അവസരമാണ്. തങ്ങളുടെ വേൾഡ് കപ്പ് ടീം സിലക്ഷൻ ഏഷ്യ കപ്പ് കഴിഞ്ഞാവും ഇവരെല്ലാം തീരുമാനിക്കുക.

ഇന്ത്യയെ സംബന്ധിച്ച് ഇതു പോലെ തന്നെയാണ് കാര്യങ്ങൾ എങ്കിലും, ഇന്ത്യൻ സിലക്ഷൻ കമ്മിറ്റിയുടെ കൂടുതൽ ശ്രദ്ധയും വിരാട് കോഹ്‌ലിയിലാകും. കഴിഞ്ഞ കുറെ നാളുകളായി മികച്ചൊരു പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന കോഹ്‌ലി, ക്രിക്കറ്റിന് ഇടവേള നൽകി മാറി നിൽക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ നിന്ന് മാറി നിൽക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. ഈ സമയം കോഹ്‌ലി നെറ്റ്സിൽ കൂടുതൽ സമയം ചിലവഴിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദുബായിലും കോഹ്‌ലി മറ്റാരേക്കാളും കൂടുതൽ സമയം നെറ്റ്‌സിൽ ചിലവഴിക്കുന്നുണ്ട് എന്നു അഫ്ഘാനിസ്താന്റെ താരം റാഷിദ് ഖാൻ ഒരു മാധ്യമത്തോട് പറയുകയുണ്ടായി. കോഹ്‌ലിയുടെ മെച്ചപ്പെട്ട പ്രകടനം ഇന്ത്യയുടെ വേൾഡ് കപ്പ് പദ്ധതികളിൽ വളരെ പ്രാധാന്യമുള്ളതാണ്.

വരുന്ന ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോൾ കിംഗ്‌ കോഹ്‌ലിയുടെ തിരിച്ചു വരവിനായി ഇന്ത്യൻ ആരാധകർ പ്രാർത്ഥിക്കുന്നുണ്ടാകും. കോഹ്‌ലിയുടെ ഒരു നല്ല ഇന്നിംഗ്സ് താരത്തിന് മാത്രമല്ല, ടീമിനും വലിയൊരു ഉണർവാകും.

ഗ്രൂപ്പ് തലത്തിലുള്ള ഷെഡ്യൂൾ:

Exit mobile version