തീപ്പൊരി ഫൈനൽ; വമ്പൻ തിരിച്ചുവരവിലൂടെ ലോകകപ്പ് നേടി ജർമ്മനി

ഒഡീഷ: തീപ്പൊരി ഫൈനലോടെ 2023 ഹോക്കി ലോകകപ്പിന് പര്യവസാനം. ബെൽജിയത്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് 17 വർഷത്തിന് ശേഷം ജർമനി ലോകകിരീടം ചൂടിയത്. ഒരു ലോകകപ്പ് ഫൈനലിന് വേണ്ട എല്ലാ ചേരുവകളും ഒത്തുചേർന്ന ആവേശമേറിയ ഫൈനലിനാണ് ബുബനേശ്വർ സാക്ഷ്യം വഹിച്ചത്.

നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തെ നേരിട്ട ജർമനി, രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം, ഒരു വമ്പൻ തിരിച്ച് വരവിലൂടെയാണ് കിരീടം സ്വന്തമാക്കിയത്. ആദ്യ ക്വാർട്ടറിൽ തന്നെ 2-0 എന്ന നിലയിൽ ലീഡിലായിരിന്നു ബെൽജിയം. രണ്ടാം  ക്വാർട്ടറിൽ ഒരു ഗോൾ മടക്കിയ ജർമനി സ്‌കോർ 2-1 എന്നാക്കി.  മൂന്നാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി മടക്കി സ്‌കോർ ഒപ്പത്തിനൊപ്പം എത്തിച്ചു. സ്‌കോർ 2-2. പിന്നീടായിരിന്നു മത്സരം നാടകീയ നിമിഷങ്ങളിലേക്ക് നീങ്ങിയത്. അവസാന ക്വാർട്ടറിൽ തുടക്കത്തിൽ തന്നെ ഗോൾ നേടി ജർമനി മത്സരത്തിലാദ്യമായി ലീഡ് നേടി. തുടർന്നങ്ങോട്ട് മത്സരം കടുത്തു.സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിക്കുന്ന ബെൽജിയവും, ലീഡ് നിലനിർത്തി മത്സരം അവസാനിപ്പിക്കുവാൻ ശ്രമിക്കുന്ന ജർമനിയും ആരാധകരെയും കാണികളെയും ആവേശം കൊള്ളിച്ചു. ഒടുക്കം, ടോം ബൂൺസിൻറെ ഗോളിലൂടെ ബെൽജിയം സ്‌കോർ വീണ്ടും സമനിലയിലേക്ക് മാറ്റി. നിശ്ചിത സമയം അവസാനിക്കുമ്പോൾ 3-3 നിന്ന സ്‌കോർ മത്സരത്തെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നയിച്ചു.

പെനാൽറ്റി ഷൂട്ടൗട്ടിലെ ആദ്യ നാല് ഷോട്ടുകളും ഇരു ടീമുകളും ലക്ഷ്യത്തിലേക്ക് എത്തിച്ചു. ജർമനിയുടെ അഞ്ചാം ഷോട്ടെടുത്ത പ്രിൻസും ലക്ഷ്യം കണ്ടു. നിർണ്ണായകമായ അഞ്ചാം കിക്കെടുത്ത ബെല്ജിയത്തിന്റെ ടാംഗുയ് കോസിൻസിന് പിഴച്ചതോടെ ജർമനി കിരീടം ചൂടി. 2006ലാണ് ജർമനി ഇതിന് മുൻപ് കിരീടം ചൂടിയത്. ഇന്ന് കിരീടം നേടിയിരുന്നെങ്കിൽ ബെൽജിയും ഹോക്കി ലോക കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമായി മാറിയേനെ. ഈ കിരീടത്തോടെ മൂന്ന് ലോകകപ്പ്  നേടുന്ന നാലാമത്തെ ടീമായി  പാകിസ്ഥാൻ, ഹോളണ്ട്, ഓസ്ട്രേലിയ എന്നിവരോടൊപ്പം ചേർന്നു ജർമ്മനി.

കിരീടം!! ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ!!

ഏറേ കാലത്തെ ഇന്ത്യൻ വനിത ക്രിക്കറ്റ്  ടീമിന്റെ ആ കാത്തിരിപ്പിന് വിരാമം! അദ്യ അണ്ടർ 19 ടി20 ലോകകപ്പ് നേടി ഇന്ത്യൻ പെൺകുട്ടികൾ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടീമിനെ 68 റൺസിന് ചുരുട്ടുക്കൂട്ടി, 36 പന്തുകൾ ബാക്കി നിൽക്കെ 7 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യൻ പെൺപട നേടിയത്.

വനിതാ ക്രിക്കറ്റ് ടീമിന്റെ വെടിക്കെട്ട് ഓപ്പണർ ഷെഫാലി വർമ്മയുടെ നേതൃത്വത്തിൽ ഇറങ്ങിയ ടീം, കളിയിലിന്ന് സർവാധിപത്യം പുലർത്തി.‌ മികച്ച ഫീൽഡിങിലൂടെയും കൃത്യതയാർന്ന ബൗളിങിലൂടെയും ഇംഗ്ലീഷ് ടീമിനെ വരിഞ്ഞ് മുറുക്കിയ ടീം, പിന്നെ ശ്രദ്ധതയാർന്ന ബാറ്റിങ്ങിലൂടെ വിജയം പിടിച്ചടക്കി.


പന്തെറിഞ്ഞ ആറു പേരും വിക്കറ്റ് നേടിയപ്പോൾ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ടിടാസ് സധു, അർച്ചനാ ദേവി, പർശവി ചോപ്ര എന്നിവർ മികച്ച് നിന്നു. ബാറ്റിങിൽ ക്യാപ്റ്റൻ ഷഫാലി വർമ 15 റൺസ് നേടിയെങ്കിലും, 24 റൺസ് വീതം നേടിയ സൗമ്യ തിവാരിയും, ജി. ട്രിഷയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഏറേക്കാലമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് കാത്തിരുന്ന ഒരു കിരീടം എന്ന സ്വപനമാണ് ഈ പെൺപുലികൾ സാക്ഷാതകരിച്ചത്. വനിതാ ഐ പി എൽ കൂടെ പ്രഖാപിച്ച ഇന്ത്യൻ ക്രിക്കറ്റിന് ഒരു പുത്തനുണർവ്വ്‌ തന്നെയാകും ഈ വിജയം നൽകുക.

കിവീസിനെതിരെ ടോസ് നേടി‌ ഇന്ത്യ; ടീമിൽ 3 മാറ്റങ്ങൾ

ഹൈദരാബാദ്: ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടി‌ ബാറ്റിംഗ് ‌തിരഞ്ഞെടുത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരിയ രോഹിതും സംഘവും, റെക്കോർഡ് വിജയം സ്വന്തമാക്കിയ ഗ്രീൻഫീൽഡ് ഏകദിനത്തിൽ നിന്നും ടീമിൽ 3 മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

സ്വന്തം നിലയിൽ ടീമിൽ‌ നിന്ന് വിട്ടുനിൽക്കുന്ന കെ എൽ രാഹുലിന് പകരം ഇടംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും, കഴിഞ്ഞ പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഓൾ റൗണ്ടർ അക്സർ പട്ടേലിന്‌ പകരം വാഷിംഗ്ടൺ സുന്ദറും കളിക്കും.‌ മുതുക് വേദനയാൽ ടീം വിട്ട ശ്രേയസ് ആയ്യരുടെ സ്ഥാനത്തേക്ക് സൂര്യകുമാർ യാദവി‌ന് അവസരം ലഭിക്കും, പകരക്കാരനായി ഓൾ റൗണ്ടർ ശ്രദ്ധുൽ താക്കൂറും ഇന്നിറങ്ങും.

മറുവശത്ത്, പരിക്കിനാൽ വലയുകയാണ് ടീം ന്യൂസിലൻഡ്. കെയ്ൻ വില്യംസണ്, ഉപനായകൻ ടീം സൗത്തി എന്നിവരില്ലാതെ അണിനിരക്കുന്ന ന്യൂസിലൻഡിനെ നയിക്കുന്നത് വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലാതമാണ്. സ്പിന്നർ ഇഷ് സോധിയുടെ പരിക്കാണ് ഒടുവിൽ‌ ന്യൂസിലാൻഡിനെ അലട്ടുന്നത്.

ടീം‌ ഇന്ത്യ : Rohit Sharma(c), Shubman Gill, Virat Kohli, Ishan Kishan(w), Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Kuldeep Yadav, Mohammed Siraj, Mohammed Shami

ടീം ന്യൂസിലൻഡ് : Finn Allen, Devon Conway, Henry Nicholls, Daryl Mitchell, Tom Latham(w/c), Glenn Phillips, Michael Bracewell, Mitchell Santner, Henry Shipley, Lockie Ferguson, Blair Tickner

ഏകദിനത്തിലെ ഒന്നാം നമ്പർ ടീമായ ന്യൂസിലാന്റിനെതിരെ 3 ഏകദിനങ്ങളുടെ പരമ്പരയാണ് കളിക്കുന്നത്.‌ മൂന്നും വിജയിച്ചാൽ റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഇന്ത്യയെ‌ കാത്തിരിക്കുന്നുണ്ട്.

കേരളത്തിന് വമ്പൻ ബാറ്റിംഗ് ‌തകർച്ച, കർണാടകക്ക് മേൽക്കൈ

തിരുവനന്തപുരം ‌: കർണാടകക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് വീണ്ടും ബാറ്റിങ് തകർച്ച!! മൂന്നോവറിൽ തന്നെ ആദ്യ മൂന്ന് വിക്കറ്റും നഷ്ടമായ കേരളം പതറുന്നു. 4 ഓവർ അവസാനിക്കുമ്പോൾ 3 – 10 എന്ന നിലയിലാണ്‌ കേരളം. നേരത്തെ ഇതുപോലെ സർവീസസിനോടും കേരളത്തിന്റെ മുൻ നിര തകർന്നടിഞ്ഞിരുന്നു.‌

തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൌണ്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ കേരളത്തിന് ആദ്യ തിരിച്ചടി‌ നേരിട്ടു. ഓപ്പണർ രാഹുൽ പൊന്നൻ രണ്ടാം പന്തിൽ തന്നെ കൗശികിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. സ്കോർ 1-0. തുടർന്ന വന്ന രോഹൻ പ്രേമും റൺസ് എടുക്കുമുമ്പേ കൂടാരം കയറി. വൈശാഖിന്റെ പന്തിൽ ദവ്ദത്ത് പടിക്കലിനായിരിന്നു ക്യാച്ച്. പിന്നീട് ഒത്തുച്ചേർന്ന സച്ചിൻ ബേബിയും രോഹൻ കുന്നമ്മലും ഒരു കൂട്ടുകെട്ടുയുർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും വിഫലമായി. മൂന്നാം ഓവറിൽ തന്നെ കുന്നുമ്മലും പുറത്തായി. കൌശിഖിന്റെ പന്തിൽ നിഖിൻ ജോസാൺ ക്യാച്ചെടുത്തത്.

കേരളത്തെ സംബന്ധിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ശക്തരായ എതിരാളികളാണ് കർണാടക. മായങ്ക് അഗർവാളിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കർണാടക ടീമിൽ ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ഡേ, കൃഷണപ്പ ഗൗതം, ശ്രേയസ് ഗോപാൽ എന്നീ പരിചിത മുഖങ്ങളുണ്ട്. സിജോമോൻ ജോസഫ് നയിക്കുന്ന കേരള ടീമിലേക്ക് ഓപ്പണർ രോഹൻ കുന്നുമ്മൽ തിരിച്ചെത്തി. മികച്ച ഫോമിലുള്ള സച്ചിൻ ബേബിയിലും ജലജ്‌ സക്സേനയിലുമാണ് കേരളാ പ്രതീക്ഷകൾ.

ഗ്രൂപ്പ് സി യിലെ ഒന്നാം സ്ഥാനക്കാരായ കർണ്ണാടകക്ക് ഇതുവരെ 26 പോയിന്റും‌, രണ്ടാം സ്ഥാനക്കാരായ കേരളത്തിന് 19 പോയിന്റുമാണുള്ളത്.

കേരളം : Akshay Chandran, Jalaj Saxena, Nidheesh M D, Rahul P (WK), Rohan Prem, Rohan S Kunnummal, Sachin Baby, Salman Nizar, Sijomon Joseph (C), Vaisakh Chandran, Vathsal G

കർണാടക: BR Sharath (Wk), Devdutt Padikkal, Gowtham K, Koushik V, Manish Pandey, Mayank Agarwal (C), SJ Nikin Jose, Samarth R, Shreyas Gopal, Shubhang Hegde, V Vyshak

സക്സേനയുടെ ചിറകിലേറി കേരളം, സർവീസസിനെ തകർത്തെറിഞ്ഞ ജയം!!

തുമ്പ : മാന്ത്രിക വിരലുകളുമായി ജലജ് സക്സേന, രണ്ടാം ഇന്നിംഗ്സിൽ മാത്രം 8 വിക്കറ്റ്!! 341 ലക്ഷ്യം പിന്തുടർന്ന സർവീസസിനെ 136 റൺസിന് ചുരുട്ടിക്കൂട്ടി കേരളം 204 റൺസിന്റെ വിജയം സ്വന്തമാക്കി.

കരുതലോടെ ബാറ്റിങ് തുടങ്ങിയ സർവീസിന് ആദ്യ വിക്കറ്റ് ടീം സ്കോർ 61ൽ നിൽക്കെ നഷ്ടമായി. വൈശാഖ് ചന്ദ്രന്റെ പന്തിൽ സബ് ഫീൽഡറായ യുവതാരം ഷോൺ റോജർ ക്യാച്ച് എടുത്ത് സർവീസസ് ഓപ്പണർ എസ്‌ ജി രോഹില്ലയെ (28 റൺസ്) പുറത്താക്കി.

പിന്നീടങ്ങോട്ട് സർവ്വം ജലജ് ജാലവിദ്യ! രവി ചൌഹാനെയും (7 റൺസ്) തുടർന്ന് വന്ന രാഹുൽ‌ സിങിനെയും (7 റൺസ്) വിക്കറ്റിന് മുന്നിൽ കുടുക്കിയ ജലജ് സക്സേന, സർവീസസ് ക്യാപ്റ്റൻ രജത് പലിവാളിനെ റൺസൊന്നും എടുക്കും മുൻപേ തന്നെ സൽമാൻ നിസാറിന്റെ കൈകളിലേക്ക് എത്തിച്ചു. പിന്നീട്, കേരള ബൗളർമാരെ സമർത്ഥമായി നേരിട്ട് അർധ ശതകം പൂർത്തിയാക്കി സർവീസസിനെ മുന്നോട്ട് നയിച്ച സുഫിയാൻ അലത്തെ (52 റൺസ്) റണ്ണൗട്ടാക്കിയതും ജലജ് സക്സേന തന്നെ. സുഫിയാൻ പുറത്താകുമ്പോൾ 5-98 എന്ന നിലയിൽ നിന്ന സർവീസസിനെ തന്റെ പന്ത്രാണ്ടാം ഓവറിൽ 2 വിക്കറ്റ് കൂടി വീഴത്തി സക്സേന 110/7 എന്ന നിലയിലേക്ക് താഴ്ത്തി. വിക്കറ്റ് കീപ്പർ എൽ എസ്‌ കുമാറിന്റെ (5 റൺസ്) കുറ്റി തെറിപ്പിച്ച ശേഷം, പുൽകിത് നാരംഗിനെ (6 റൺസ്) സൽമാൻ നിസാറിന്റെ കൈകളിലേക്ക് എത്തിച്ച് തന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ഇരുപത്തിയേഴാം 5 വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

കേരള ടീം ©KCA

110/7 എന്ന നിലയിൽ ലഞ്ചിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച സർവീസസിന് മൂന്നാം ഓവറിൽ തന്നെ എം എസ്‌ രതി (1 റൺസ്) നഷ്ടമായി. ജലജ് സക്സേനയുടെ പന്തിൽ, കേരള ക്യാപ്റ്റൻ സിജോമോൻ ജോസഫിനായിരുന്നു ക്യാച്ച്. ശേഷം, അർപിത് ഗുലേറിയയെ (1 റൺസ്) രോഹൻ പ്രേമിന്റെ കൈകളിലേക്കും എത്തിച്ച സക്സേന, കൂറ്റനടികൾക്ക് ശ്രമിച്ചിരുന്ന പി എസ്‌ പൂനിയയുടെ (18 റൺസ്) വിക്കറ്റ് തെറിപ്പിച്ച് കേരള വിജയം പൂർത്തിയാക്കി.

ആദ്യ ഇന്നിംഗ്സിൽ 4/19 എന്ന നിലയിൽ ബാറ്റിംഗ് തകർന്ന കേരളത്തിനെ 327 റൺസിലേക്ക് എത്തിച്ചത്, 159 റൺസ് നേടിയ‌ സച്ചിൻ ബേബിയാണ്. അർധ ശതകം നേടിയ സിജോമോൻ ജോസഫും (55 റൺസ്) മധ്യനിര ബാറ്റർ സൽമാൻ നിസാറും (42 റൺസ്) മികച്ച പിന്തുണ നൽകി. പിന്നീട്, സ്കസേനയും സിജോമോൻ ജോസഫും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി 229 റൺസിന് സർവീസസിനെ പുറത്താക്കി 98 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. കേരള രണ്ടാം ഇന്നിംഗ്സിലും 93 റൺസോടെ സച്ചിൻ ബേബിയാണ് മികച്ച് നിന്നത്. 48 റൺസോടെ‌ ഗോവിന്ദ് വത്സലും, 40 റൺസോടെ സൽമാൻ നിസാറും നല്ല പിന്തുണ നൽകി.

രണ്ട് ഇന്നിംസിലുമായി 11 വിക്കറ്റ് നേടിയ ജലജ് സക്സേനയും 252 റൺസ് നേടിയ സച്ചിൻ ബേബിയുമാണ് ഈ മത്സരത്തിലെ വിജയശില്പികൾ. കളിയിലെ താരമായി സച്ചിൻ ബേബിയെ തിരഞ്ഞെടുത്തു. ഇനി കർണാടകയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം‌.

ജലജ് ജാലവിദ്യ!! കേരളം വിജയത്തിന് തൊട്ടരികെ

രണ്ടാം ഇന്നിംഗ്സിലും സർവീസസിന്റെ ബാറ്റിങ് തകർത്ത് ജലജ് സക്സേന. 341 ലക്ഷ്യം പിന്തുടരുന്ന സർവീസസ് 20/0 എന്ന നിലയിലാണ് ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ലഞ്ചിന് പിരിയുമ്പോൾ 110/7 എന്ന നിലയിൽ പതറുകയാണ്. ഇനി മൂന്ന് വിക്കറ്റുകൾ കൂടെയേ വിജയത്തിന് ആവശ്യമുള്ളൂ.

കരുതലോടെ ബാറ്റിങ് തുടങ്ങിയ സർവീസസിന് ആദ്യ വിക്കറ്റ് ടീം സ്കോർ 61ൽ നിൽക്കെ നഷ്ടമായി. വൈശാഖ് ചന്ദ്രന്റെ പന്തിൽ സബ് ഫീൽഡറായ യുവതാരം ഷോൺ റോജർ ക്യാച്ച് എടുത്ത് ഓപ്പണർ എസ്‌ ജി രോഹില്ലയെ (28 റൺസ്) പുറത്താക്കി.

പിന്നീടങ്ങോട്ട് സർവ്വം ജലജ് ജാലവിദ്യ! രവി ചൌഹാനെയും (7 റൺസ്) തുടർന്ന് വന്ന രാഹുൽ‌ സിങിനെയും (7 റൺസ്) വിക്കറ്റിന് മുന്നിൽ കുടുക്കിയ ജലജ് സക്സേന, സർവീസസ് ക്യാപ്റ്റൻ രജത് പലിവാളിനെ റൺസൊന്നും എടുക്കും മുൻപേ തന്നെ സൽമാൻ നിസാറിന്റെ കൈകളിലേക്ക് എത്തിച്ചു. പിന്നീട്, കേരള ബൗളർമാരെ സമർത്ഥമായി നേരിട്ട്, അർധ ശതകം പൂർത്തിയാക്കി സർവീസസിനെ മുന്നോട്ട് നയിച്ച സുഫിയാൻ അലത്തെ (52 റൺസ്) റണ്ണൗട്ടാക്കിയതും ജലജ് സക്സേന തന്നെ. സുഫിയാൻ പുറത്താകുമ്പോൾ 5-98 എന്ന നിലയിൽ നിന്ന സർവീസസിനെ തന്റെ പന്ത്രാണ്ടാം ഓവറിൽ 2 വിക്കറ്റ് കൂടി വീഴത്തി സക്സേന 110/7 എന്ന നിലയിലേക്ക് താഴ്ത്തി. വിക്കറ്റ് കീപ്പർ എൽ എസ്‌ കുമാറിന്റെ (5 റൺസ്) കുറ്റി തെറിപ്പിച്ച ശേഷം, പുൽകിത് നാരംഗിനെ (6 റൺസ്) സൽമാൻ നിസാറിന്റെ കൈകളിലേക്ക് എത്തിച്ച് തന്റെ 5 വിക്കറ്റ് നേട്ടവും, ഇതുവരെ വീണ ഏഴു വിക്കറ്റിൽ ആറിലും തന്റെ പേര് കുറിച്ചു.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സക്സേനയുടെ 27മത് 5 വിക്കറ്റ് നേട്ടമാണിത്.‌

ഇനി രണ്ട് സെഷൻ കൂടെ ബാക്കി നിൽക്കെ കേരളത്തിന് മൂന്ന് വിക്കറ്റ് കൂടെ നേടിയാൽ വിജയം സ്വന്തമാക്കാം.

സക്സേനയുടെ ചിറകിലേറി കേരളം, സർവീസസിനെ തകർത്തെറിഞ്ഞ ജയം!!

വീണ്ടും സച്ചിൻ ബേബി!!! ജയം തേടി കേരളം..

തിരുവനന്തപുരം: വീണ്ടും കേരളത്തിന്റെ നെടുംതൂണായി സച്ചിൻ ബേബി! 242/7 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത കേരളത്തിനായി‌ 93 റൺസ് നേടിയത് സച്ചിൻ ബേബിയാണ്. 6 ഫോറുകളും 2 സിക്സറുകളും അടക്കം 109 പന്തിൽ നിന്നായിരിന്നു ഈ കിടിലൻ ഇന്നിംഗ്സ്. ഈ ഇന്നിംഗ്സിന്റെ ബലത്തിൽ 341 റൺസ് വിജയലക്ഷ്യം സർവീസസിന്റെ മുന്നിൽ വെക്കാനും കേരളത്തിനായി.

ആദ്യ ഇന്നിംഗ്സിൽ തകർന്നടിഞ്ഞ കേരള ഇന്നിംഗ്സിനെ 308 പന്തിൽ നിന്ന് 159 റൺസ് നേടി ടീമിന്റെ നെടുംതൂണായിരിന്നതും സച്ചിൻ ബേബിയായിരുന്നു. അന്ന് കണ്ടത് ആങ്ക്രിങ് ചെയ്യുന്ന സച്ചിൻ ബേബിയേ ആയിരുന്നെങ്കിൽ ഇന്ന് കണ്ടത് ഏകദിന ശൈലിയിൽ അടിച്ച് കളിച്ച് ടീമിന്റെ സ്കോർ ഉയർത്തുന്ന സച്ചിനെയാണ്. കേരളത്തിനായി ഇന്ന് ഓപ്പണിങ്ങ് ഇറങ്ങിയ ഗോവിന്ദ് വത്സലും (48 റൺസും) പിന്നിട്, സൽമാൻ നിസാറും (40 റൺസ്) മികച്ച സ്കോർ നേടി. ടീം സ്കോർ 242 റൺസിൽ സച്ചിൻ ബേബി പുറത്തായ ശേഷം വന്ന ക്യാപ്റ്റൻ സിജോമോൻ ജോസഫ് ഗോൾഡൻ ഡക്കായതും കേരളം ഡിക്ലയർ ചെയ്യുകയായിരിന്നു.

മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ 20/0 എന്ന നിലയിലാണ് സർവീസസ്. നാളെ മുഴവൻ ദിവസം കളി ബാക്കി നിൽക്കെ, സർവീസസിനെ പുറത്താക്കി കളി ജയിക്കാനാവും കേരളത്തിന്റെ ശ്രമം.

എറിഞ്ഞിട്ട്‌ ക്യാപ്റ്റനും കൂട്ടരം, കേരളത്തിന് 98 റൺസ് ലീഡ്

തിരുവനന്തപുരം : സർവീസസിനെ 229 റൺസിന് പുറത്താക്കി 98 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നേടി കേരളം. മൂന്ന് വീതം വിക്കറ്റ് നേടിയ ക്യാപ്റ്റൻ സിജോമോൻ ജോസഫും, ജലജ് സക്സേനയും കേരള നിരയിൽ മികച്ചു നിന്നു.

167/6 എന്ന നിലയിൽ ബാറ്റിംഗ് ‌തുടർന്ന സർവീസസിന്റെ എം എസ്‌ രതിയെ (20 റൺസ്) പുറത്താക്കി നിധീഷ് എം ഡി കേരളത്തിനെ ഇന്നത്തെ ആദ്യ ബ്രേക്ക് നൽകി. തുടർന്ന്, ലെഗ് സ്ലിപ്പിൽ സച്ചിൻ ബേബി മികച്ചൊരു ക്യാച്ചിലൂടെ ദിവേഷ് പതാനിയയെ (8 റൺസ്) ജലജ് സക്സേനയുടെ ആദ്യ ഓവറിൽ തന്നെ മടക്കി സർവീസസിന്റെ പതനം വേഗത്തിലാക്കി. പുൽകിത് നരംഗിനേയും (36 റൺസ്) പി. എസ് പൂനിയയെയും ഒരു റൺസ് വ്യത്യാസത്തിൽ പുറത്താക്കി ക്യാപ്റ്റൻ സിജോമോൻ സർവീസസ് ആദ്യ ഇന്നിങ്സിന് തിരശ്ശീലയിട്ടു.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളം, ഇന്ന് രോഹൻ പ്രേമിന് കൂട്ടാളിയായി ഗോവിന്ദ് വത്സലിനെയാണ് ഓപ്പണിംഗ് ഇറക്കിയത്. ആദ്യ ഇന്നിങ്സിൽ ഓൾ റൗണ്ടർ ജലജ് സക്സേനയായിരുന്നു രോഹന്റെ പങ്കാളി. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ കേരളം 35/0 എന്ന നിലയിലാണ്

അടിച്ച് തകർത്ത് ഓപ്പണർമാർ; 7 വിക്കറ്റ് ജയവുമായി സഞ്ജുവിന്റെ കേരളം!!

ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ ഛത്തീസ്‌ഗഢിനെ 7 വിക്കറ്റിന് തോൽപ്പിച്ച് സഞ്ജുവും കൂട്ടരും. 126 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കേരളം വെറും 19.1 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു.

കേരള രഞ്ജി ടീം ©KCA

ഏകദിന ശൈലിയിൽ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഓപ്പണർമാരായ പൊന്നൻ രാഹുലും, രോഹൻ കുന്നുമ്മലും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ‌ വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ഛത്തീസ്‌ഗഢ് ബൗളർമാരെ കടന്നാക്രമിച്ചു. കേവലം 27 പന്തിൽ, 2 സിക്സറും, 5 ഫോറുകളുമടക്കമാണ് രോഹൻ 40 റൺസ് നേടിയത്. അജയ് മണ്ഡലിന്റെ പന്തിൽ ഷാനവാസ് ഹുസൈൻ സ്റ്റമ്പ് ചെയ്താണ് രോഹൻ പുറത്തായത്.

രോഹൻ പ്രേം & സച്ചിൻ ബേബി ©KCA

തൊട്ടടുത്ത ഓവറിൽ തന്നെ, ഒരു റണ്ണിന് സച്ചിൻ ബേബിയെ നഷ്ടമായ കേരളത്തിനായി അക്ഷയ് ചന്ദ്രൻ ക്രീസിലേക്കെത്തിയെങ്കിലും 10 റൺസ് കൂട്ടിച്ചേർക്കാനെ താരത്തിന് ആയൊള്ളു. സന്ദർശകർക്കായി ഈ രണ്ട് വിക്കറ്റുകളും നേടിയത് സുമിത് റുയികറാണ്.

സഞ്ജു സാംസൺ & ജലജ് സക്സേന ©KCA

തുടർന്ന് ഈ മത്സരത്തിലെ കേരളത്തിന്റെ വിജയശില്പി ജലജ് സക്സേന രാഹുലിന് കൂട്ടായെത്തി‌. ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റും, രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റുമടക്കം 11 വിക്കറ്റ് നേടിയ സക്സേനയാണ് ഛത്തീസ്‌ഗഢ് ബാറ്റിംഗിനെ ചുരുട്ടി കൂട്ടിയത്. ഇന്ന് അഞ്ച് പന്തുകൾ മാത്രം നേരിട്ട സക്സേനയെ സാക്ഷി നിർത്തി, രാഹുൽ കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. 58 പന്തിൽ 3 സിക്സറുകളും, 5 ഫോറുകളും അടക്കമാണ് പൊന്നൻ രാഹുൽ 66* റൺസ് നേടിയത്.

ആദ്യ മത്സരം ജാർഖണ്ഡിനെ തോൽപ്പിച്ചെങ്കിലും, കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോട് ലീഡ് വഴങ്ങിയ കേരളം സമനില മാത്രമാണ് നേടിയത്. ഇനി ഗോവയും, പിന്നീട്‌ കർണ്ണാടകയുമാണ് കേരളത്തിന്റെ എതിരാളികൾ. ശ്രീലങ്കൻ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്റെ സേവനം അടുത്ത മത്സരത്തിൽ കേരളത്തിന് ലഭിക്കില്ല. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കരായ ഛത്തീസ്‌ഗഢിനെതിരായ ഈ വിജയം കേരളത്തിന്റെ സാധ്യതകളേയും, ആത്മവിശ്വാസത്തെയും ഉയർത്തുമെന്ന് തീർച്ച.

അലട്ടുന്ന പരിക്കുകൾ, ഓസ്‌ട്രേലിയ ആശങ്കയിൽ; സ്റ്റാർക്ക് ഇന്ത്യയിലേക്കും കാണില്ല!!

തകർപ്പൻ ജയങ്ങളോടെ ആഫ്രിക്കയെ തകർത്ത് 16 വർഷങ്ങൾക്ക് ശേഷം പരമ്പര സ്വന്തമാക്കിയെങ്കിലും ഓസ്ട്രേലിയൻ ക്യാമ്പിനെ പരിക്കുകൾ അലട്ടുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള അവസാന ടെസ്റ്റ്, 4 ടെസ്റ്റുകൾ അടങ്ങിയ ഇന്ത്യൻ പര്യടനം തുടങ്ങിയവക്ക് ശേഷം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കൂടി ഓസ്ട്രേലിയക്ക് ഇനി കളിക്കാനുള്ള ടെസ്റ്റ് മത്സരങ്ങളാണ്.

രണ്ടാം ടെസ്റ്റിനിടെ തന്നെ ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ, ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് എന്നിവർക്ക് കാര്യമായി പരിക്കേറ്റിരിന്നു.‌ പരിക്കേറ്റ ശേഷവും ഇരുവരും ബാറ്റ് ചെയ്തിരിന്നെങ്കിലും, ചൂണ്ട് വിരൽ ഒടിഞ്ഞ കാമറൂൺ ഗ്രീൻ പിന്നീട് ഫീൽഡ് ചെയ്യാനോ പന്തെറിയാനോ എത്തിയില്ല. സിഡ്നി ടെസ്റ്റ് എന്തായാലും കളിക്കാൻ കഴിയില്ല എന്നുറപ്പുള്ള താരം ഇന്നലെ തന്നെ‌ ടീം വിട്ടിരിന്നു. റെക്കോർഡ് തുകയ്ക്ക് ഐപിഎൽ കരാർ വരെ ലഭിച്ച കാമറൂൺ ഗ്രീൻ, ആദ്യ ഇന്നിംഗ്സിൽ മികച്ച പ്രകടനം‌ നടത്തി ടീമിലെ തന്റെ സ്ഥാനം ഏറേക്കുറേ ഉറപ്പിച്ചതായിരിന്നു. ഏതായാലും ഫെബ്രുവരിയിലെ ഇന്ത്യൻ പരമ്പരക്ക് മുന്നേ തന്നെ ഓൾ റൗണ്ടറായ ഗ്രീൻ തിരിച്ച് വരുമെന്നാണ് ഓസ്ട്രേലിയൻ ക്യാമ്പിലെ പ്രതീക്ഷ.

സാരമായ പരിക്കേറ്റ് ഫീൽഡിൽ നിന്ന് മാറേണ്ടി വന്നിട്ടും, പെയിൻ കില്ലറുകളുടെ സഹായത്തോടെ വീണ്ടും ബാറ്റിംഗിനിറങ്ങി നിർണായക കൂട്ടുകെട്ടിൽ പങ്കാളിയാകുകയും, തന്റെ അഭാവം ടീമിന്റെ ബൗളിങിനെ ബാധിക്കുമെന്ന് മനസ്സിലാക്കി പരിക്കേറ്റ വിരലും വെച്ച് ബൗളിങ് ഓപ്പണിംഗ് തന്നെ ചെയ്ത മിച്ചൽ സ്റ്റാർക്കിന് സോഷ്യൽ മീഡിയ നിറയെ അഭിനന്ദന പ്രവാഹമാണ്. എന്നിരുന്നാലും, ആറാഴ്ച്ചയോളം വിശ്രമം ആവിശ്യമായ സ്റ്റാർക്കിന്റെ സേവനം ഇന്ത്യൻ പര്യടത്തിന്‌ ഓസ്ട്രേലിയക്ക് ലഭിച്ചേക്കില്ല. ടീമിലെ ഏറ്റവും അപകടകാരിയായ സ്റ്റാർക്കിന്റെ അഭാവം, ഓസ്ട്രേലിയൻ ബൗളിങ്ങിന്റെ ആക്രമണത്തിന്റെ മൂർച്ച കുറക്കുമെന്നത് ഉറപ്പ്.

ഇന്നലെ പരിക്കേറ്റ അവസ്ഥയിലും, ആഫ്രിക്കൻ ബാറ്റർമാരെ ഏറ്റവും കൂടുതൽ അസ്വസ്ഥരാക്കിയത് സ്റ്റാർക്ക് തന്നെയായിരുന്നു. ക്രീസ് വിട്ടിറങ്ങിയ ആഫ്രിക്കൻ താരം ഡി ബ്ര്യൂണിന് രണ്ട് തവണ താക്കീത് നൽകി വാക്കുകൾ കൊണ്ടും താരം തന്റെ ആക്രമണോത്സുകത കാഴ്ച്ചവെച്ചിരുന്നു.

നാലു ടെസ്റ്റുകളടങ്ങിയ ഇന്ത്യൻ പരമ്പരയാവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിൽ നിർണ്ണായകമാവുക. വിജയ ശതമാനം 78.57% ഉള്ള ഓസ്ട്രേലിയ ഫൈനൽ ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞു. ഇന്ത്യക്ക് 4 ടെസ്റ്റിൽ മൂന്ന് ജയമെങ്കിലും വേണ്ടി വരും, മറ്റുള്ളവരുടെ ഫലങ്ങളെ ആശ്രയിക്കാതെ‌ ഫൈനൽ ഉറപ്പിക്കാൻ.

പെലെ ഇനിയില്ല, ഒരു ഇതിഹാസം കൂടെ വിടവാങ്ങി!!!

ബ്രസീൽ : ഫുഡ്ബോൾ പ്രേമികളെ എല്ലാം സങ്കടത്തിലാഴ്ത്തുന്ന വാർത്തയാണ് സാവോ പോളൊയിൽ നിന്നും വരുന്നത്.

ഏറേ നാളായി കാൻസർ ചികിത്സയിലായിരുന്ന ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരിന്നു. ഏതാണ്ട് ഒരു മാസത്തോളമായി ആശുപത്രി വാസത്തിലായിരുന്നു പെലെ‌. കഴിഞ്ഞ ദിവസങ്ങളിൽ കുടുംബാംഗങ്ങൾ പുറത്ത് വിട്ട വാർത്തകൾ ഒന്നും ശുഭകരമായിരുന്നില്ല. പ്രാർത്ഥനകളുമായി ബ്രസീലും, മുഴുവൻ ഫുട്ബോൾ പ്രേമികളും കാത്തിരുന്നത് പെലെയുടെ തിരിച്ചുവരവിനായിരുന്നു.

മൂന്ന് തവണ ലോക കിരീടം നേടിയ പെലെയുടെ പേരിലുള്ള റെക്കോർഡുകൾ നിരവധിയാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച‌ കായിക താരങ്ങളിലൊരാളായ പെലെയുടെ വിയോഗം ലോകത്തെയാകെ വിങ്ങലിലാക്കിയിരിക്കുകയാണ്.

ഇതിഹാസത്തിന് ആദരാഞ്ജലികൾ !!

റാഷിദ് ഖാൻ വീണ്ടും അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ!

അഫ്ഗാനിസ്ഥാൻ ടി-20  ക്രിക്കറ്റ് ടീം ക്യാപ്റ്റനായി റാഷിദ് ഖാനെ വീണ്ടും നിയമിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്. നിലവിലെ ക്യാപ്റ്റൻ മുഹമ്മദ് നബി, ഈ കഴിഞ്ഞ ലോകകപ്പോടെ കളി മതിയാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് റാഷിദ് ഖാന് ടീമിനെ നയിക്കാനുള്ള അവസരം ലഭിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ, ലോകകപ്പിലേക്കുള്ള അഫ്ഗാൻ ക്യാപ്ടനായി പ്രഖ്യാപിച്ചിരുന്നെങ്കിലും ടീം സെലക്ഷനിലെ അതൃപ്തി മൂലം ലോകകപ്പിന് ഒരുമാസം മുൻപ് റഷീദ് പിൻവാങ്ങുകയായിരുന്നു. തുടർന്നായിരുന്നു നബി ചുമതലയേറ്റത്.

റാഷിദ് ഖാൻ അഫ്ഗാനിസ്ഥാനിലെ സൂപ്പർ സ്റ്റാറാണെന്നും, ലോകമെമ്പാടുമുള്ള വിവിധ ടി-20 ലീഗ് കളിക്കുന്ന റാഷിദിന്റെ മത്സര പരിജയയവും, അനുഭവസമ്പത്തും ടീമിന് മുതൽകൂട്ടാവുമെന്നും അത് അഫ്ഗാൻ ക്രിക്കറ്റ്‌ ടീമിനെ അടുത്ത തലത്തിലേക്ക് ഉയർത്താൻ സഹായകമാവുമെന്നും എസിബി ചെയർമാൻ മിർവൈസ് അഷറഫ് അഭിപ്രായപ്പെട്ടു.

“ക്യാപ്റ്റൻസി ഒരു വലിയ ഉത്തരവാദിത്തമാണ്. ഇതിന് മുൻപും ഞാൻ ഈ ടീമിനെ നയിച്ചിട്ടുണ്ട്. ഞങ്ങൾ പരസ്പര ധാരണയോടെയും ഒത്തിണക്കത്തോടെയും കളിക്കുന്ന ഒരു മികച്ച കൂട്ടം തന്നെയാണ്. രാജ്യത്തിന്റെ അഭിമാനം ഉയർത്താനും, കൂടുതൽ സന്തോഷം നൽകാനും ഞങ്ങളൊരുമിച്ച് നിന്ന് പ്രയത്നിക്കും” എന്ന് റാഷിദ് ഖാൻ പ്രതികരിച്ചു. ടെസ്റ്റ്, ഏകദിനം, ടി-20 എന്നീ മൂന്നു ഫോർമാറ്റിൽ മുൻപും അഫ്ഗാനെ നയിച്ചിട്ടുള്ള റാഷിദ് ഖാന്റെ‌ ആദ്യ ദൗത്യം അടുത്ത വർഷം നടക്കുന്ന  ഫെബ്രുവരിയിലെ യു എ ഇ പര്യടനമാണ്.

Exit mobile version