ഹോക്കി ലോകകപ്പ്, Hockey worldcup 2023, Germany Hockey Team

തീപ്പൊരി ഫൈനൽ; വമ്പൻ തിരിച്ചുവരവിലൂടെ ലോകകപ്പ് നേടി ജർമ്മനി

ഒഡീഷ: തീപ്പൊരി ഫൈനലോടെ 2023 ഹോക്കി ലോകകപ്പിന് പര്യവസാനം. ബെൽജിയത്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് 17 വർഷത്തിന് ശേഷം ജർമനി ലോകകിരീടം ചൂടിയത്. ഒരു ലോകകപ്പ് ഫൈനലിന് വേണ്ട എല്ലാ ചേരുവകളും ഒത്തുചേർന്ന ആവേശമേറിയ ഫൈനലിനാണ് ബുബനേശ്വർ സാക്ഷ്യം വഹിച്ചത്.

നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തെ നേരിട്ട ജർമനി, രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം, ഒരു വമ്പൻ തിരിച്ച് വരവിലൂടെയാണ് കിരീടം സ്വന്തമാക്കിയത്. ആദ്യ ക്വാർട്ടറിൽ തന്നെ 2-0 എന്ന നിലയിൽ ലീഡിലായിരിന്നു ബെൽജിയം. രണ്ടാം  ക്വാർട്ടറിൽ ഒരു ഗോൾ മടക്കിയ ജർമനി സ്‌കോർ 2-1 എന്നാക്കി.  മൂന്നാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി മടക്കി സ്‌കോർ ഒപ്പത്തിനൊപ്പം എത്തിച്ചു. സ്‌കോർ 2-2. പിന്നീടായിരിന്നു മത്സരം നാടകീയ നിമിഷങ്ങളിലേക്ക് നീങ്ങിയത്. അവസാന ക്വാർട്ടറിൽ തുടക്കത്തിൽ തന്നെ ഗോൾ നേടി ജർമനി മത്സരത്തിലാദ്യമായി ലീഡ് നേടി. തുടർന്നങ്ങോട്ട് മത്സരം കടുത്തു.സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിക്കുന്ന ബെൽജിയവും, ലീഡ് നിലനിർത്തി മത്സരം അവസാനിപ്പിക്കുവാൻ ശ്രമിക്കുന്ന ജർമനിയും ആരാധകരെയും കാണികളെയും ആവേശം കൊള്ളിച്ചു. ഒടുക്കം, ടോം ബൂൺസിൻറെ ഗോളിലൂടെ ബെൽജിയം സ്‌കോർ വീണ്ടും സമനിലയിലേക്ക് മാറ്റി. നിശ്ചിത സമയം അവസാനിക്കുമ്പോൾ 3-3 നിന്ന സ്‌കോർ മത്സരത്തെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നയിച്ചു.

പെനാൽറ്റി ഷൂട്ടൗട്ടിലെ ആദ്യ നാല് ഷോട്ടുകളും ഇരു ടീമുകളും ലക്ഷ്യത്തിലേക്ക് എത്തിച്ചു. ജർമനിയുടെ അഞ്ചാം ഷോട്ടെടുത്ത പ്രിൻസും ലക്ഷ്യം കണ്ടു. നിർണ്ണായകമായ അഞ്ചാം കിക്കെടുത്ത ബെല്ജിയത്തിന്റെ ടാംഗുയ് കോസിൻസിന് പിഴച്ചതോടെ ജർമനി കിരീടം ചൂടി. 2006ലാണ് ജർമനി ഇതിന് മുൻപ് കിരീടം ചൂടിയത്. ഇന്ന് കിരീടം നേടിയിരുന്നെങ്കിൽ ബെൽജിയും ഹോക്കി ലോക കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമായി മാറിയേനെ. ഈ കിരീടത്തോടെ മൂന്ന് ലോകകപ്പ്  നേടുന്ന നാലാമത്തെ ടീമായി  പാകിസ്ഥാൻ, ഹോളണ്ട്, ഓസ്ട്രേലിയ എന്നിവരോടൊപ്പം ചേർന്നു ജർമ്മനി.

Exit mobile version