തകർപ്പൻ ജയങ്ങളോടെ ആഫ്രിക്കയെ തകർത്ത് 16 വർഷങ്ങൾക്ക് ശേഷം പരമ്പര സ്വന്തമാക്കിയെങ്കിലും ഓസ്ട്രേലിയൻ ക്യാമ്പിനെ പരിക്കുകൾ അലട്ടുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള അവസാന ടെസ്റ്റ്, 4 ടെസ്റ്റുകൾ അടങ്ങിയ ഇന്ത്യൻ പര്യടനം തുടങ്ങിയവക്ക് ശേഷം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കൂടി ഓസ്ട്രേലിയക്ക് ഇനി കളിക്കാനുള്ള ടെസ്റ്റ് മത്സരങ്ങളാണ്.
സാരമായ പരിക്കേറ്റ് ഫീൽഡിൽ നിന്ന് മാറേണ്ടി വന്നിട്ടും, പെയിൻ കില്ലറുകളുടെ സഹായത്തോടെ വീണ്ടും ബാറ്റിംഗിനിറങ്ങി നിർണായക കൂട്ടുകെട്ടിൽ പങ്കാളിയാകുകയും, തന്റെ അഭാവം ടീമിന്റെ ബൗളിങിനെ ബാധിക്കുമെന്ന് മനസ്സിലാക്കി പരിക്കേറ്റ വിരലും വെച്ച് ബൗളിങ് ഓപ്പണിംഗ് തന്നെ ചെയ്ത മിച്ചൽ സ്റ്റാർക്കിന് സോഷ്യൽ മീഡിയ നിറയെ അഭിനന്ദന പ്രവാഹമാണ്. എന്നിരുന്നാലും, ആറാഴ്ച്ചയോളം വിശ്രമം ആവിശ്യമായ സ്റ്റാർക്കിന്റെ സേവനം ഇന്ത്യൻ പര്യടത്തിന് ഓസ്ട്രേലിയക്ക് ലഭിച്ചേക്കില്ല. ടീമിലെ ഏറ്റവും അപകടകാരിയായ സ്റ്റാർക്കിന്റെ അഭാവം, ഓസ്ട്രേലിയൻ ബൗളിങ്ങിന്റെ ആക്രമണത്തിന്റെ മൂർച്ച കുറക്കുമെന്നത് ഉറപ്പ്.
ഇന്നലെ പരിക്കേറ്റ അവസ്ഥയിലും, ആഫ്രിക്കൻ ബാറ്റർമാരെ ഏറ്റവും കൂടുതൽ അസ്വസ്ഥരാക്കിയത് സ്റ്റാർക്ക് തന്നെയായിരുന്നു. ക്രീസ് വിട്ടിറങ്ങിയ ആഫ്രിക്കൻ താരം ഡി ബ്ര്യൂണിന് രണ്ട് തവണ താക്കീത് നൽകി വാക്കുകൾ കൊണ്ടും താരം തന്റെ ആക്രമണോത്സുകത കാഴ്ച്ചവെച്ചിരുന്നു.
നാലു ടെസ്റ്റുകളടങ്ങിയ ഇന്ത്യൻ പരമ്പരയാവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിൽ നിർണ്ണായകമാവുക. വിജയ ശതമാനം 78.57% ഉള്ള ഓസ്ട്രേലിയ ഫൈനൽ ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞു. ഇന്ത്യക്ക് 4 ടെസ്റ്റിൽ മൂന്ന് ജയമെങ്കിലും വേണ്ടി വരും, മറ്റുള്ളവരുടെ ഫലങ്ങളെ ആശ്രയിക്കാതെ ഫൈനൽ ഉറപ്പിക്കാൻ.