ആറാടി ജലജ് സക്സേന!! കേരളം വിജയത്തിനരികെ..

തിരുവനന്തപുരം: കേരളത്തിനും വിജയത്തിനുമിടക്ക് ഇനി വെറും 126 റൺസ് മാത്രം! രണ്ടാം ഇന്നിംഗ്സിലും മാരക ഫോം തുടർന്ന ജലജ് സ്കസേനയുടെ 6 വിക്കറ്റ് പ്രകടനത്തിന് മുന്നിൽ ഛത്തീസ്‌ഗഢ് 287 റൺസിന് തകർന്നടിഞ്ഞു. ഒരു ഇന്നിംഗ്സ് വിജയം വരെ സ്വപനം കണ്ട കേരളത്തിന് മുന്നിൽ ഛത്തീസ്‌ഗഢ് ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്ടിയ അവതരിച്ചു. തന്റെ കരിയറിലെ പതിനഞ്ചാം സെഞ്ച്വറി, താരം തുമ്പ സെൻറ്  സേവ്യർ കോളേജിൽ കുറിച്ചു. 228 പന്തിൽ നിന്ന് 12 ഫോറുകളും 3 സിക്സറുകളുടേയും ബലത്തിൽ 152 റൺസാണ് ഹർപ്രീത് നേടിയത്.

ഛത്തീസ്‌ഗഢ് ക്യാപ്റ്റൻ ഹർപ്രീത് സിങ്

10/2 എന്ന നിലയിൽ കളി പുനരാരംഭിച്ച സന്ദർശകർക്ക് 55 റൺസിൽ‌ നിൽക്കെ തന്നെ അമന്ദീപ് ഖാരെയെ (30 റൺസ്) നഷ്ടമായി. തുടർന്ന് വന്ന ശശാങ്ക് സിങ്ങും (16 റൺസ്) അജയ് മണ്ഡലും‌ (22 റൺസ്) വലിയ സ്കോറുകൾ നേടിയില്ലെങ്കിൽ കൂടെ ഹർപ്രീതിന് മികച്ച പിന്തുണ നൽകി. വാലറ്റത്ത് ഷാനവാസ് ഹുസൈനും(20 റൺസ്), സുമിത് കുമാറും(13 റൺസ്) കൂടി ചേർന്നതോടെയാണ് ഛത്തീസ്‌ഗഢ് സ്കോർ 287 റൺസ് എത്തിയത്.

വിക്കറ്റ് ആഘോഷിക്കുന്ന കേരള രഞ്ജി ടീം ©KCA

മൂന്നാം ദിനവും കേരളത്തിന്റെ വജ്രായുധം ജലജ് സക്സേന തന്നെയായിരുന്നു. 37.4 ഓവർ എറിഞ്ഞ വലം കയ്യൻ ഓഫ് സ്പിന്നർ ഛത്തീസ്‌ഗഢിന്റെ 6 താരങ്ങളെയാണ് പുറത്താക്കിയത്. അതിൽ അഞ്ചും ഇന്നത്തെ ടോപ് സ്കോർമാർ! നേരത്തെ ആദ്യ ഇന്നിംഗ്സിലും 5 വിക്കറ്റ് വീഴ്ത്തി ജലജ് സക്സേന മികച്ചു നിന്നിരുന്നു. ഇത് സക്സേനയുടെ 25മത് 5 വിക്കറ്റ് നേട്ടവും, പത്താമത് 6 വിക്കറ്റ്‌ നേട്ടവുമാണ്.

രോഹൻ പ്രേം & സച്ചിൻ ബേബി ©KCA

അവസാന ദിവസമായ നാളെ 126 റൺസ് നേടിയാൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയം സ്വന്തമാക്കാം. മികച്ച ഫോമിലുള്ള രോഹൻ പ്രേം, രോഹൻ കുന്നുമൽ, സച്ചിൻ ബേബി എന്നിവർക്കൊപ്പം ക്യാപറ്റൻ സംഞ്ജു സാംസൺ, പിന്നെ 11 വിക്കറ്റ്‌ നേടിയ 36കാരൻ‌ ഓൾ റൗണ്ടർ ജലജ് സക്സേന കൂടെ ചേരുമ്പോൾ കേരളം വിജയത്തിൽ കുറഞ്ഞതൊന്നും അവസാന ദിനം പ്രതീക്ഷിക്കുന്നില്ല എന്നത് ഉറപ്പ്.

16 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; പരമ്പര നേടി ഓസ്‌ട്രേലിയ

അങ്ങനെ നീണ്ട 16 കൊല്ലത്തെ കാത്തിരിപ്പിന് ശേഷം ആഫ്രിക്കക്കെതിരെ സ്വന്തം നാട്ടിൽ ഓസ്‌ട്രേലിയക്ക് ഒരു പരമ്പര വിജയം! ബോക്സിങ് ഡേ‌ ടെസ്റ്റിൽ സൗത്ത് ആഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 189 റൺസിനെതിരെ 575/8 എന്ന് പടുകൂറ്റൻ ലീഡ് നേടിയ ഓസ്ട്രേലിയ, രണ്ടാം ഇന്നിംഗ്സിൽ ആഫ്രിക്കയെ 204 റൺസിന് ചുരുട്ടികെട്ടിയാണ് ഇന്നിംഗ്സിന്റെയും 182 റൺസിന്റെയും തകർപ്പൻ വിജയം കരസ്ഥമാക്കിയത്.

15/1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ആഫ്രിക്കക്ക് ടീം സ്കോർ 47ൽ നിൽക്കെ സാരെൽ എർവിയെ (21 റൺസ്) നഷ്ടമായി. മുറിവേറ്റ വിരലുമായി പന്തെറിഞ്ഞ മിച്ചൽ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുടുക്കിയാണ് ആഫ്രിക്കൻ ഓപ്പണറെ പവലിയനിലേക്ക് മടക്കിയത്. ടീം സ്കോർ 57ൽ ഡി‌ ബ്ര്യൂൺ (28 റൺസ്) ബോലന്റിന്റെ പന്തിൽ സെക്കന്റ് സ്ലിപ്പിൽ സ്മിത്തിന് പിടികൊടുത്ത് മടങ്ങി. തുടർന്ന് വന്ന ഖായ സോണ്ടു ഒരു റണ്ണിന് റണ്ണൗട്ടായി മടങ്ങുമ്പോൾ ടീം സ്കോർ 65/4. പിന്നീട് ടെമ്പ ബാവുമയും വിക്കറ്റ് കീപ്പർ കയിൽ വെറീൻ ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

ഈ കൂട്ടുകെട്ട് മാത്രമാണ് ആഫ്രിക്കയുടെ ഇന്നിംഗ്സിലെ ഏക ഹൈലൈറ്റ്.‌ 33 റൺസെടുത്ത വെറീൻ ബോലന്റിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്തായി. തുടർന്ന് വന്ന മർകോ ജാൻസനും ലിയോണിന് വിക്കറ്റ് നൽകി മടങ്ങി.‌ പിന്നീട് വന്ന് കേശവ് മഹാരാജ് മികച്ച ഷോട്ടുകൾ കളിച്ച് മുന്നേറുന്നിതിനിടെ ബാവുമയുടെ പിഴവ് കാരണം റണ്ണൗട്ട് ആയി. തൊട്ടടുത്ത ഓവറിൽ തന്നെ ബാവുമയും അനാവിശ്യ ഷോട്ടിന് ശ്രമിച്ച് ലിയോണിനെ വിക്കറ്റ് നൽകി‌ പുറത്തായി. 65 റൺസ് ബാവുമ പുറത്താവുമ്പോൾ ടീം സ്കോർ 176/8. രബാഡയേയും നഖിഡിയേയും അടുത്ത ഏഴോവറിൽ തന്നെ എറിഞ്ഞിട്ട് ഓസ്ട്രേലിയ വിജയം സ്വന്തമാക്കി.

2005-06 പരമ്പരക്ക് ശേഷം ആദ്യമായണ് ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കക്ക് എതിരെ നാട്ടിൽ ഒരു പരമ്പര വിജയിക്കുന്നത്. ഓസ്ട്രേലിയൻ മണ്ണിൽ തുടർച്ചയായ മൂന്ന് പരമ്പര വിജയവുമായെത്തിയെ സൗത്ത് ആഫ്രിക്കൻ റെക്കോർഡ് ഇവിടെ അവസാനിച്ചു.  ഇനി സിഡ്നിയിലെ അവസാന ടെസ്റ്റിൽ ഒരു വിജയത്തിൽ കുറഞ്ഞതൊന്നും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാനുള്ള ആഫ്രിക്കൻ പ്രതീക്ഷകളക്ക് ഫലമേകില്ല. ജനുവരി നാലിനാണ് പരമ്പരയിലെ അടുത്ത മത്സരം.

റെക്കോർഡോടെ ഓപ്പണർമാർ; ന്യൂസിലാൻഡ് തിരിച്ചടിക്കുന്നു

കറാച്ചി: വേർപിരിയാത്ത ഓപ്പണിംഗ് കൂട്ടുക്കെട്ടുമായി ഡെവോൺ കോൺവേയും ടോം ലാതവും ന്യൂസിലാന്റിനെ മുന്നോട്ട് നയിക്കുന്നു. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ പാകിസ്ഥാന്റെ 438 എന്ന ആദ്യ ഇന്നിംഗ്സ് സ്കോറിന് മറുപടിയായി 165/0 എന്ന നിലയിലാണ് ന്യൂസിലാൻഡ്.

പാക് ബൗളർമാർക്ക് ഒരു അവസരം പോലും നൽകാതെ, തീർത്തും പഴുതടച്ച ബാറ്റിംഗുമായി കോൺവേയും ലാതവും കളി മുന്നോട്ട് നയിച്ചപ്പോൾ പിറന്നത് കിടിലൻ റെക്കോഡുകൾ. ഈ 165* റൺസ് കൂട്ടുകെട്ട്, ന്യൂസിലാന്റ് ടീമിന്റെ പാകിസ്ഥാനിലെ ടെസ്റ്റിലെ ഏറ്റവും ഉയർന്ന ഓപ്പണിങ്ങ് സ്കോറാണ്. അതോടൊപ്പം തന്നെ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ന്യൂസിലൻഡ് താരം എന്ന റെക്കോർഡും കോൺവേ സ്വന്തമാക്കി. വെറും 19 ഇന്നിംഗ്സ് മാത്രമാണ് കോൺവേ ആയിരം റൺസെന്ന നാഴികക്കല്ല് താണ്ടാൻ എടുത്തത്.

മാറി മാറി എറിഞ്ഞ നിയുക്ത പാക് ബൗളർമാർക്ക് പുറമെ, ക്യാപ്റ്റൻ ബാബർ അസം തന്നെ പന്തെറിഞ്ഞു നോക്കിയെങ്കിലും ഈ കിവി കൂട്ടുക്കെട്ട്‌ തകർക്കാനായില്ല. 156 പന്തിൽ 12 ഫോറുകളുമായി കോൺവേ 82* റൺസ് നേടി. 126 പന്തിൽ 8 ഫോറുകളുമായാണ് ലാതം 78* റൺസ് നേടിയത്. ഇതോടെ 438 റൺസ് നേടിയ‌ പാകിസ്ഥാൻ ലീഡ് 273 റൺസ് മാത്രായി‌ കുറഞ്ഞു.

പാക് ഇന്നിങ്‌സ് ഇവിടെ വായിക്കാം : സൽമാനും സെഞ്ച്വറി, പാകിസ്താന് ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ

വാർണർ ഷോ! ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക്

മെൽബൺ : വിമർശകരുടെ വായയടപ്പിച്ച ഒരു‌ ഒന്നൊന്നര വാർണർ ഷോ! 254 പന്തിൽ രണ്ട്‌ സിക്സറും, 16 ഫോറുകളും ചേർന്ന 200 റൺസ്. അതായിരിന്നു ഇന്ന് 40° ചൂടിലും മെൽബണിൽ കാണികളെ പിടിച്ചിരുത്തിയത്. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 386 റൺസോടെ 197 റൺസ് ലീഡിലാണ് ഓസ്ട്രേലിയ.

തന്റെ ടീമിലെ‌‌ സ്ഥാനത്തിനെ ചോദ്യം ചെയ്തവർക്കും, വിമർശനങ്ങൾക്കുമുള്ള വാർണർ സ്റ്റൈൽ മറുപടിയായിരുന്നു ഈ ഇന്നിങ്സ്. നൂറാം ടെസ്റ്റ് കളിക്കുന്ന താരം,ഇരട്ട സെഞ്ച്വറി പൂർത്തിയാക്കി പേശി വലിവ് മൂലം വാർണർ റിട്ടയർ ചെയ്ത് തിരിച്ചു കയറിയെങ്കിലും, സ്റ്റീവ് സ്മിത്തിനൊപ്പം 239 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയിരിന്നു.‌നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് വാർണർ.

ടീം സ്കോർ 75ൽ നിൽക്കെ മാർനസ് ലബുഷൈന് റണൗട്ടായ ശേഷം ഒത്തുചേർന്ന വാർണർ സ്മിത് സഖ്യം ആഫ്രിക്ക് എതിരെ ഓസ്ട്രേലിയയുടെ രണ്ടാമത്തെ മികച്ച‌ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കൂടെ നേടിയാണ് പിരിഞ്ഞത്. സെഞ്ച്വറിയിലേക്ക് കുതിക്കുയായിരുന്ന സ്മിത്ത്, 85 റൺസിൽ നിൽക്കേ ഡി ബ്രൂണിന്റെ ഒരു ഷോർട്ട് ബോൾ അപ്പർ കട്ടിന്‌ ശ്രമിച്ച് പുറത്തായി. ഇന്നലെ മികച്ച ബൗളിങ് പ്രകടനം (27/5) കാഴ്ച്ചവെച്ച് ആഫ്രിക്കൻ‌ ബാറ്റിംഗിനെ തകർത്തെറിഞ്ഞ ഒസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡിനൊപ്പം ചേർന്നെങ്കിലും റിട്ടയേർഡ് ഹർട്ട് ആയി തിരികെ പോയി.‌ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ 48* റൺസുമായി ട്രാവിസ് ഹെഡും, 9* റൺസുമായി വിക്കറ്റ് കീപ്പർ അലകസ് കാരിയുമാണ് ക്രീസിൽ.

ബൗളർമാർക്ക് ഏറ്റ പരിക്ക് ഒരു വെല്ലുവിളിയായേക്കാവുന്ന ഒസീസ് പരമാവധി ബാറ്റ് ചെയ്ത്, സ്കോർ ഉയർത്താനാവും മൂന്നാം ദിനവും ശ്രമിക്കുക. ഫീൽഡിങിനിടെ വിരലിന് പരിക്കേറ്റ്‌ ഫാസ്റ്റ്‌ ബൗളർ മിച്ചൽ സ്റ്റാർക്കും, ഇന്ന് വിരലിന് പരിക്കേറ്റ കാമറൂൺ ഗ്രീനും രണ്ടാം ഇന്നിംഗ്സിൽ പന്തെറിഞ്ഞില്ലെങ്കിൽ പാറ്റ് കമ്മിൻസ്, സ്കോട്ട് ‌ബോലന്റ്, നാഥാൻ ലിയോൺ എന്നിവരെ മാത്രം വെച്ച് ഒസീസ് മത്സരം പൂർത്തിയാക്കേണ്ടി വരും.

മൂന്ന് ദിവസം കൂടി ബാക്കിയുള്ള ഈ‌ ടെസ്റ്റിൽ ഫലം ഉറപ്പാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023 ലെ ഫൈനലിലേക്ക് ഓസ്ട്രേലിയക്കെതിര അവസരം കാത്തിരിക്കുന്ന സൗത്ത് ആഫ്രിക്കക്കും, ഇന്ത്യയ്ക്കും ഒരുപോലെ നിർണായകാണ് ഈ പരമ്പര. നേരത്തെ ബംഗ്ലാദേശിനെ രണ്ട് കളിയും തോൽപ്പിച്ച് ടീം ഇന്ത്യ, മുഴുവൻ പോയിന്റും കരസ്ഥമാക്കിയിരിന്നു.

കുൽദീപിനെ പുറത്തിരുത്തി ഇന്ത്യ; ആദ്യം ബാറ്റ് ചെയ്യാൻ ബംഗ്ലാദേശ്

ധാക്ക : രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ബംഗ്ലാദേശ് ‌ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മണിക്കൂർ ബാറ്റിംഗ് ചിലപ്പോ വെല്ലുവിളിയാകുമെങ്കിലും മികച്ച സ്കോർ നേടാൻ ആവുമെന്നണ് പ്രതീക്ഷ എന്നും ഷാക്കിബ് കൂട്ടിച്ചേർത്തു.

ആദ്യ മത്സരം ജയിച്ച ടീം ഇന്ത്യ, തൻറെ കരിയറിലെ തന്നെ  മികച്ച പ്രകടനം നടത്തിയ, കളിയിലെ താരം കുൽദീപ് യാദവിനെ പുറത്തിരുത്തിയാണ് ഇന്ന് ഇറങ്ങുന്നത്.‌ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ, ജയദേവ് ഉനാദ്കട്ട് 12 വർഷങ്ങൾക്ക് ശേഷം, ഇന്ത്യക്കായി പന്തെറിയും. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി കളിയിൽ പിടിമുറക്കാനാണ് ശ്രമിക്കുക എന്ന ഇന്ത്യൻ നായകൻ കെ എൽ രാഹുലും‌ പറഞ്ഞു.

ടീം :

ബംഗ്ലാദേശ്:  Najmul Hossain Shanto, Zakir Hasan, Mominul Haque, Litton Das, Mushfiqur Rahim, Shakib Al Hasan(c), Nurul Hasan(w), Mehidy Hasan Miraz, Taijul Islam, Khaled Ahmed, Taskin Ahmed

ഇന്ത്യ: KL Rahul(c), Shubman Gill, Cheteshwar Pujara, Virat Kohli, Rishabh Pant(w), Shreyas Iyer, Axar Patel, Ravichandran Ashwin, Jaydev Unadkat, Umesh Yadav, Mohammed Siraj

ലോകചാമ്പ്യൻമാരായി വീണ്ടും ഇന്ത്യൻ അന്ധ ക്രിക്കറ്റ് ടീം

മൂന്നാമത് അന്ധ ക്രിക്കറ്റ് ടി-20 ലോകകപ്പും നേടി ടീം ഇന്ത്യ. ബെങ്ലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 120 റൺസിന് തകർത്താണ് ഇന്ത്യ തുടർച്ചയായ മൂന്നാം‌ കിരീടം നേടിയത്. ക്യാപ്റ്റൻ അജയ് കുമാർ ഇല്ലൂരിയും, ബാറ്റർ സുനിൽ രമേഷും നേടിയ സെഞ്ച്വറികളുടെ‌ ബലത്തിൽ ഇന്ത്യ 277/2 എന്ന സ്കോറിലേക്കെത്തി.‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 157/3 റൺസ് നേടാനേ കഴിഞ്ഞൊള്ളു.

ഫൈനലിലേയും, ബി 3 വിഭാഗത്തിലെ ടൂർണമെന്റിലെ മികച്ച താരമായും സുനിൽ രമേഷ് തിരഞ്ഞെടുക്കപ്പെട്ടു. ബി 2 വിഭാഗത്തിലെ മികച്ച താരം ഇന്ത്യൻ നായകൻ അജയ് കുമാർ തന്നെയാണ്. മൂന്ന്‌‌ ടി-20 ലോകകപ്പും രണ്ട് ഏകദിന ലോകകപ്പും ഒരു‌ ഏഷ്യാ കപ്പും ഇന്ത്യൻ അന്ധ ക്രിക്കറ്റ് ടീം ഇതുവരെ നേടിയിട്ടുണ്ട്.

എറിഞ്ഞിട്ട് ഇംഗ്ലണ്ട് സ്പിന്നർമാർ; തിരിച്ചടിച്ച് പാകിസ്ഥാൻ

കറാച്ചി : ആശ്വാസ ജയം തേടിയിറങ്ങിയ പാകിസ്താൻ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടും ആദ്യ ദിനം തന്നെ 304 റൺസിന് പുറത്ത്. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്‌ ആദ്യ ഓവറിൽ തന്നെ വിക്കറ്റ്‌ നഷ്ടമായി. നേരത്തെ ആദ്യ രണ്ട്‌ മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരിന്നു.

ബൗളർമാർക്ക് യാതൊരു പിന്തുണയും നൽകാത്ത വരണ്ട പിച്ചിൽ, കൂറ്റൻ സ്കോർ ലക്ഷ്യം വെച്ചു തന്നെയാണ് ബാബർ അസം ബാറ്റിങ് തിരഞ്ഞെടുത്തത്. എന്നാൽ, ബാസ്-ബോൾ ക്രിക്കറ്റ് കളിക്കുന്ന ബെൻ സ്റ്റോക്സിൻ്റെ ഇംഗ്ലണ്ടിന് വ്യക്തമായ പ്ലാനുണ്ടായിരിന്നു. 1921ന് ശേഷം ഇംഗ്ലീഷ്‌ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി‌ ന്യൂ ബോൾ തന്നെ സ്പിന്നർ ജാക്ക് ലീഷിനെ ഏൽപ്പിച്ചു ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. അത് തുടക്കത്തിൽ തന്നെ ഫലം കണ്ടു. മത്സരത്തിൻ്റെ  ആറാം ഓവറിൽ തന്നെ അബ്ദുള്ള ഷഫീഖിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ജാക് ലീഷ്. ശേഷം പതിമൂന്നാം ഓവറിൽ ഷാൻ മസൂദിനേയും പുറത്താക്കി മാർക്ക് വുഡിലൂടെ ഇംഗ്ലണ്ട് പാക് ഓപ്പണർമാർ രണ്ട് പേരേയും പവലിയനിൽ എത്തിച്ചു.

പിന്നീട് കരുതലോടെ കളിച്ച പാകിസ്ഥാൻ, അവസാന ടെസ്റ്റ് കളിക്കുന്ന അസ്ഹർ അലിയുടെയും ക്യാപ്റ്റൻ ബാബർ അസത്തിൻ്റെയും മികവിൽ 71 റൺസ് കൂടെ സ്കോർ ബോർഡിൽ ചേർത്ത് ആദ്യ സെഷൻ കൂടുതൽ പരിക്കില്ലാതെ അവസാനിപ്പിച്ചു. ഒലി റോബിൻസണിന് വിക്കറ്റ് നൽകി മടങ്ങിയ അസ്ഹർ അലിക്ക്, ശേഷം ബാബറിന് കൂട്ടായി സൌദ് ഷക്കീൽ എത്തി. ഇരുവരും 45 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ആദ്യ മത്സരം മാത്രം‌ കളിക്കുന്ന പതിനെട്ടുകാരൻ രെഹാൻ അഹമ്മദ് ഷക്കീലിനെ പുറത്താക്കി തന്റെ ആദ്യ വിക്കറ്റ്‌ നേടി. തുടർന്ന് വന്ന് മുഹമ്മദ് റിസ്വാനും കാര്യമായൊന്നും ചെയ്യാനാവാതെ പുറത്തായി. ജോ റൂട്ടിൻ്റെ ഒരു ഫുൾ ടോസ് മിഡ് ഓണിൽ ബെൻ സ്റ്റോക്സിന്റെ കയ്യിലേക്ക് അടിച്ചു നൽകിയായിരിന്നു മടക്കം.

പിന്നീട് ഒത്തുചേർന്ന അഘാ സൽമാനും ബാബർ അസവും 23 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഇല്ലാത്ത സിംഗിളിനായി ശ്രമിച്ച ബാബർറൺ ഔട്ട് ആയി. 78 റൺസ് നേടിയ ബാബറാണ് പാകിസ്ഥാൻ നിരയിലെ ടോപ് സ്കോറർ.‌ അർധ ശതകം പൂർത്തിയാക്കിയ അഘാ സൽമാനൊപ്പം നൗമാൻ അലി മാത്രമാണ് പിന്നീട് ചെറുത്ത് നിന്നത്. 79 ഓവറിൽ‌ 304 റൺസിന് പാകിസ്ഥാൻ പുറത്താകുമ്പോൾ, മത്സരത്തിന്റെ 56 ഓവറുകളും ബൗൾ ചെയ്തത് സ്പിന്നർമാർ മാത്രമായിരുന്നു. നാൽ വിക്കറ്റ് നേടിയ ജാക്ക് ലീഷിനൊപ്പം തന്നെ, അരങ്ങേറ്റത്തിൽ തന്നെ ഇരട്ട വിക്കറ്റ് നേട്ടം സ്വന്തമാക്കിയ രെഹാൻ അഹമ്മദും മികച്ചു നിന്നു.

ആദ്യ ദിനത്തിനെ ബാക്കി പതിനൊന്ന് ഓവർ മാത്രം കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിനെ വരവേറ്റത് സ്പിന്നർ അബ്റാർ അഹമ്മദാണ്. അഞ്ചാം പന്തിൽ തന്നെ സാക് ക്രാളിയെ വിക്കറ്റിനു മുന്നിൽ കുടുക്കി പാകിസ്ഥാൻ തിരിച്ചടിച്ചു. വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് സ്കോർ 3 ഓവറിൽ 7/1 എന്ന നിലയിലാണ്.‌ ഇതോടെ ഈ ടെസ്റ്റിലും റിസൾട്ട് ഉണ്ടാവുമെന്ന് ഉറപ്പായി. ഇംഗ്ലണ്ടും പാകിസ്താനും നേരെത്തെ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായിരുന്നു.

ആദ്യ ടെസ്റ്റ് : ബംഗ്ലാദേശ് പൊരുതുന്നു; ഇന്ത്യൻ വിജയത്തിലേക്ക് ഇനി 4 വിക്കറ്റ് ദൂരം

513 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശ് 272/6 എന്ന നിലയിലാണ് നാലാം ദിനം കളി അവസാനിക്കുമ്പോൾ. മികച്ച തുടക്കം നൽകിയ ഷാന്റോയും സാക്കിർ ഹസനും ആദ്യ‌ വിക്കറ്റിൽ 124 റൺസ് കൂട്ടിച്ചേർത്തു. കരുതലോടെ കളിച്ച ഇരുവരും ഇന്ത്യൻ ബൗളർമാർക്ക് ഒരു അവസരം പോലും നൽകാതെ ശ്രദ്ധാപൂർവം ബാറ്റു വീശി.‌ ഷാന്റോ 67 റൺസ് നേടിയപ്പോൾ, ആദ്യ ടെസ്റ്റ് കളിക്കുന്ന സാക്കിർ സെഞ്ചുറി പൂർത്തിയാക്കി നാലാമനായി പുറത്താകുമ്പോൾ സ്കോർബോർഡിൽ 208 റൺസ് ഉണ്ടായിരിന്നു.‌

ആദ്യ വിക്കറ്റിനായി ഏറേനേരം വിയർപ്പൊഴുക്കേണ്ടി വന്ന ഇന്ത്യൻ ബൗളർമാർ, പിന്നീട് വന്ന യാസിർ അലിയേയും (5 റൺസ്) ലിറ്റൺ ദാസിനേയും (19 റൺസ്) നിലയുറപ്പിക്കും മുൻപ് തിരിച്ചയച്ച് ആധിപത്യം ഉറപ്പിച്ചു. മുഷ്ഫിഖുർ റഹ്മാനും (23 റൺസ്) കൂട്ടുകെട്ട് പടുത്ത് ഉയർത്താനാവതെ മടങ്ങി.

ഇന്ത്യക്കായി അക്സർ പട്ടേൽ 3 വിക്കറ്റ് നേടിയപ്പോൾ, കുൽദീപ് യാദവ്, ആർ ആശ്വിൻ, ഉമേഷ് യാദവ് എന്നിവർ ഒരോ വിക്കറ്റ് വീതം നേടി. ആദ്യ ഇന്നിങ്സിൽ മികച്ച് നിന്ന സിറാജിന് ഇത് വരെ വിക്കറ്റൊന്നും ലഭിച്ചില്ല.‌

കളി അവസാനിക്കുമ്പോൾ 40 റൺസുമായി‌ ഷാക്കിബ് അൽ ഹസനും,9 റൺസുമായി മെഹദി ഹസനുമാണ് ക്രീസിൽ. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ വിജയം അനിവാര്യമായ ഇന്ത്യ, ആദ്യ സെഷനിൽ തന്നെ നാലു വിക്കറ്റും വീഴ്ത്തി വിജയിക്കാനാവും ശ്രമിക്കുക.

ഇന്ന് ഐ പി എല്ലിൽ ഹൈദരബാദ് കൊൽക്കത്ത പോരാട്ടം, Match Preview

സൺറൈസേർസ് ഹൈദരാബാദ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.‌ ബാറ്റിങ്ങിനെ പിന്തുണക്കുന്ന മുബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം.

അവസാന രണ്ട് മത്സരങ്ങൾ വിജയിച്ച് വരുന്ന വില്യംസണും സംഘത്തിനും പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന്റെ അഭാവും തിരിച്ചടിയാവും. മറുവശത്ത്, ഡെൽഹിയോട് നേരിട്ട തോൽവിയിൽ നിന്നും മികച്ചൊരു വിജയത്തോടെ തിരിച്ചുവരുവാനാവും ശ്രേയസ് അയ്യരുടെ കൊൽക്കത്തയുടെ ശ്രമം.

സ്റ്റാറ്റ്സ് :

നേർക്കുനേർ വന്ന അവസാന അഞ്ച് മത്സരങ്ങളിൽ നാലും വിജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം.

കഴിഞ്ഞ സീസൺ
KKR 119/4 SRH 115/8
KKR 187/6 SRH 177/5

കീ പ്ലേയേർസ്

1. കെയ്ൻ വില്യംസൺ

തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കുന്ന വില്യംസണിൽ തന്നെയാവും‌ ഹൈദരാബാദിന്റെ പ്രതീക്ഷ. കമ്മിൻസ്, ഉമേഷ്, നരൈൻ, ചക്രവർത്തി എന്നിവരടങ്ങുന്ന ബൗളിങ് നിരക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗവും കെയിന്റെ ശൈലി തന്നെയാവും.

2. സുനിൽ നരൈൻ

കഴിഞ്ഞ സീസൺ മുതൽ മികച്ച എക്കണോമിയിൽ ബൗൾ ചെയ്യുന്ന നരൈൻ, ഇടംകയ്യന്മാർക്ക് എതിരെയും വലംകയ്യന്മാർക്കെതിരെയും ഒരേ പോലെ അപകടകാരിയാണ്. സ്പിന്നർമാർക്ക് എതിരെ 116.6 മാത്രം സ്ട്രൈക്ക് റേറ്റുള്ള ഹൈദരാബാദിന് ഏറ്റവും വലിയ വെല്ലുവിളി നരൈന്റെ 4 ഓവറുകൾ തന്നെയാവും.

3. ടി. നടരാജൻ

പരിക്കിൽ നിന്ന് മുക്തനയി തിരിച്ച് വന്ന നട്ടു, 16.6 ശാരാശരിയിൽ 8.3 എക്കണോമി റേറ്റുമായി ഇത് വരെ 8 നേടിക്കഴിഞ്ഞു. കഴിഞ്ഞ നാലുകളികളിൽ മൂന്നിലും ആറാം ഓവർ ചെയ്ത് നടരാജൻ, ഈ സീസണിൽ ഡെത്ത് ഓവറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറും കൂടെയാണ്. 2020 സീസൺ മുതൽ അവസാന ഓവറുകളിൽ 50 യോർക്കർ എറിഞ്ഞ നടരാജന് ഈ കണക്കിൽ മുന്നിൽ ഉള്ളത് ബുമ്ര മാത്രമാണ്. കമ്മിൻസ്, റസൽ പോലുള്ള കൂറ്റനടിക്കാർക്ക് എതിരെ കൃത്യതയാർന്ന യോർക്കർ എറിയുക എന്നുള്ള ഒരു വെല്ലിവിളി കൂടെ നടരാജൻ ഇന്ന് നേരിടും.

4. ഭുവനേശ്വർ കുമാർ

മികച്ച ഫോമിൽ അല്ലെങ്കിൽ കൂടെ അപകടം വിതക്കാൻ കെല്പുള്ള താരം തന്നെയാണ് ഭുവി. ഇരുവശത്തേക്കും പന്ത് ചലിപ്പിക്കാൻ കഴിവുള്ള ഭുവിയെ നേരിടാൻ ഫലപ്രദമായ ഒരു ബാറ്റർ കൊൽക്കത്തൻ മുൻനിരയിലില്ല. ഇന്ന് ടീമിൽ സ്ഥാനം ഉറപ്പില്ലാത്ത രഹാനെക്കെതിരെയും, നായകൻ ശ്രേയസ് അയ്യർക്കെതിരെയും മികച്ച റെക്കോഡാണ് ഭുവിക്കുള്ളത്. യഥാക്രമം 6, 3 തവണ് ഇതുവരെ ഭുവിക്ക് മുന്നിൽ ഇരുവരും കീഴടങ്ങിയിട്ടുണ്ട്.

ശ്രെയസിന് തല പുകക്കേണ്ടി വരുന്ന ഒരു ഘടകമാണ് കൊൽക്കത്തയുടെ ഓപ്പണർമാരുടെ മെല്ലെപ്പോക്ക്. കഴിഞ്ഞ സീസൺ വെടിക്കെട്ട് തുടക്കം നൽകിയുരന്ന വെങ്കിടേഷ് അയ്യർ ഇത്തവണ 121 സ്ട്രൈക്ക് റേറ്റിലാണ് കളിക്കുന്നത്. പങ്കാളി അജിങ്ക്യ രാഹനെയാവട്ടെ ആദ്യ മത്സരം മാത്രമാണ് മോശമല്ലാത്ത പ്രകടനം നടത്തിയത്.

രാഹാനെ ഈ സീസൺ ഇതുവരെ
– 8 (14) vs DC
– 7 (11) vs MI
– 12 (11) vs PBKS
– 9 (10) vs RCB
– 44 (34) vs CSK

അതു കൊണ്ട് തന്നെ രഹാനെ ഇല്ലാത്ത ഒരു കൊൽക്കത്തൻ ഇലവൻ കണ്ടാലും അതിശയിക്കേണ്ട. ടീം കോമ്പിനേഷനിലും ബാറ്റിങ്ങ് ക്രമത്തിലും പരീക്ഷണം നടത്താൻ മാത്രം ശക്തമാണ് കൊൽക്കത്തൻ സ്ക്വാഡ്.

ശക്തമായ കൊൽക്കത്തൻ ബാറ്റിങ്ങ് നിരയെ തകർക്കാൻ മാർക്കോ ജേസൺ, ഉമ്രാൻ മാലിക്ക് എന്നിവരുടെ മികച്ച സ്പീഡിലുള്ള ഷോർട്ട് ബോളുകളും ബൗൺസറുകളും തന്നെയാവും ആശ്രയിക്കേണ്ടി വരുന്നത്. മറുവശത്ത്, വരുൺ ചക്രവർത്തിയുടെ വേഗമേറിയ ഗുഗ്ലിക്ക് പൊതുവേ സ്പിന്നിനെ കളിക്കാൻ ബുദ്ധിമുട്ടാറുള്ള ഹൈദരാബാദ് ബാറ്റിങ് നിര മറുപടി കണ്ടത്തേണ്ടി വരും.

പരസ്പരം 21 തവണ ഏറ്റുമുട്ടിയപ്പോൾ 14 തവണയും പരാജയം രുചിച്ച ഹൈദരാബാദിന് ആ മോശം റെക്കോർഡ് പതിയെങ്കിലും തിരുത്തുക എന്നൊരു ലക്ഷ്യം കൂടെ ഇന്ന് കാണും.

അയ്യരേയോ സഞ്ജുവിനേയോ പുറത്തിരുത്തി പന്ത് പകരം കളിക്കണം എന്ന് ബ്രാഡ് ഹോഗ്

ഋഷഭ് പന്ത് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിദ്ധ്യം അർഹിക്കുന്നുവെന്ന് എന്ന് മുൻ ഒസീസ് സ്പിന്നർ ബ്രാഡ് ഹോഗ്. ഏകദിന ടീമിൽ ശ്രേയസ് അയ്യർക്ക് പകരവും ട്വന്റി-ട്വന്റി ടീമിൽ സഞ്ജുവിനോ അയ്യർക്കോ പകരം ആക്രമണോത്സകതയും ആത്മവിശ്വാസവും കൈമുതലായുള്ള ഋഷഭ് പന്ത് കളിക്കണമെന്നും ഓസ്ട്രേലിയൻ മണ്ണിൽ രണ്ട് മാച്ച് വിന്നിങ്ങ് ഇന്നിങ്സ് കളിച്ച് ഋഷഭ് തന്റെ കഴിവ് തെളിയിച്ചതാണെന്നും ഹോഗ് പറഞ്ഞു.

അസാധാരണമായ കുറേയേറേ ഷോട്ടുകൾ കൈവശവുള്ള പന്ത് അപകടകാരിയായ ബാറ്റ്സമാനാണെന്നും, അത് പന്തിനെതിരെയുള്ള‌ ബൗളിങ് ദുഷ്കരമാക്കുന്നുവെന്നും ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു. തന്റെ യൂടൂബ് ചാനലിൽ ഇന്ത്യൻ ആരാധകന്റെ ചോദ്യത്തിന് മറുപടി‌ പറയുകയായിരുന്നു താരം.‌

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് തിരികെയെത്തുന്നു

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ക്രിക്കറ്റ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. നിലവിൽ ശ്രീലങ്കൻ പര്യടനം നടത്തുന്ന ഇംഗ്ലണ്ടാണ് എതിരാളികൾ‌.

4 ടെസ്റ്റും 3 ഏകദിനവും 5 ട്വന്റി ട്വന്റിയും അടങ്ങുന്നതാണ് ഈ പരമ്പര. ചെന്നൈയിലേ ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്ന ആദ്യ‌ രണ്ട് ടെസ്റ്റിലെ ആദ്യ മത്സരം ഫെബ്രുവരി 5നും രണ്ടാം മത്സരം ഫെബ്രുവരി 13നുമാണ് നിശ്ചയിച്ചിട്ടുള്ളത്.

50% കാണികൾക്ക് പ്രവേശനാനുമതി ഗവണ്മെന്റ് നൽകിയിട്ടുണ്ടെങ്കിലും, അടച്ചിട്ട സ്റ്റേഡിയത്തിലാവും ആദ്യ രണ്ട് മത്സരങ്ങളും.‌

അവസാന രണ്ട് ടെസ്റ്റുകൾക്ക് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം വേദിയാകും. പിങ്ക് ബോളിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് ഫെബ്രുവരി 24നും നാലാം ടെസ്റ്റ് മാർച്ച് എട്ടിനുമാണ് തുടങ്ങുക. ഇതേ സ്റ്റേഡിയത്തിൽ തന്നെ അഞ്ച് ട്വന്റി ട്വന്റി മത്സരങ്ങളും അരങ്ങേറും.‌ മാർച്ച് 12, 14, 16, 18, 20 തീയ്യതികളിൽ വൈകീട്ട് ഏഴിനാവും മത്സരങ്ങൾ.

ഡേ-നൈറ്റ് മത്സരങ്ങളായി ക്രമീകച്ചിരിക്കുന്ന 3 ഏകദിനങ്ങൾക്ക് പൂനെയാണ് വേദി. ആദ്യ ഏകദിനം മാർച്ച് 23നും ബാക്കി മത്സരങ്ങൾ 26, 28 തീയ്യതികളിലും നടക്കും.

ട്വന്റി ട്വന്റി, ഏകദിന മത്സരങ്ങൾക്ക് പകുതി സീറ്റുകളിലേക്ക് കാണികൾക്ക് പ്രവേശനം അനുവദിക്കാൻ ബിസിസിഐക്ക് താല്പര്യമുണ്ടെങ്കിലും അവസാന തീരുമാനം ഗവണ്മെന്റുമായുള്ള കൂടിയാലോചനക്ക് ശേഷം മാത്രമാകും.

കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ഉണ്ട്, മറക്കേണ്ട

പ്രീമിയർ ലീഗിൽ എല്ലാവരും ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും സാധ്യതകൾ കല്പിച്ചു കൊണ്ടിരിക്കുക ആയിരുന്നു രണ്ടാഴ്ച മുമ്പ് വരെ. പക്ഷെ ശ്രദ്ധ ആ ഗ്ലാമർ ക്ലബുകളിൽ ആയിരിക്കെ പതിയെ അധികം ബഹളം ഇല്ലാതെ മാഞ്ചസ്റ്റർ സിറ്റിയും പെപും ടേബിളിന് മുകളിലേക്ക് കയറുകയാണ്. സീസൺ തുടക്കം മുതൽ ഒരു സ്‌ട്രൈക്കർ പോലുമില്ലാതെ കഷ്ടപ്പെടുകയായിരുന്ന സിറ്റി പക്ഷെ ആ കുറവ് പല വിധത്തിലും മറികടന്ന് മുകളിലേക്ക് കയറിവരികയാണ്.

സീസണിലെ രണ്ടാം മത്സരത്തിൽ ലെസിസ്റ്ററിനോടുള്ള കനത്ത പരാജയവും ലീഡ്സിനോടുള്ള സമനില ഒക്കെയായി പതിഞ്ഞ താളത്തിൽ തുടങ്ങിയ സിറ്റി, താളം വീണ്ടെടുത്തുവെന്ന് തോന്നിപ്പിച്ചപ്പോഴായിരിന്നു ജോസെ മൊറീനോയുടെ സ്പർസിനോട് തോൽവി വഴങ്ങിയത്. ആ വീഴ്ചയിൽ നിന്ന് കരകയറിയ സിറ്റിയിൽ നിന്ന് പിന്നീട് പ്രീമിയർ ലീഗ് കണ്ടത് പക്വതയാർന്ന പതറാത്ത ഫുട്ബോൾ ആണ്‌.

പരിക്കേറ്റ മുന്നേറ്റനിരയോ ഏതാണ്ട് പകുതി താരങ്ങൾക്ക് പിടിപെട്ട കൊറോണയോ സിറ്റിയെ ഒരു തരിപോലും തളർത്തിയില്ല. അവസരത്തിനൊത്തുയർന്ന ഫെറാൻ ടോറസും ഫോഡനുമടക്കമുള്ള യുവതാരങ്ങളും, മുപ്പത്തിയഞ്ചാം വയസ്സിലും ടീമിന്റെ നെടുംതൂണായി മാറുന്ന ഫെർണാണ്ടിനോയും റൂബൻ ഡയസിനൊപ്പം ഭേദിക്കാനാവാത്ത പ്രതിരോധകോട്ട തീർക്കുന്ന ജോൺ സ്റ്റോൺസും തുടങ്ങി സിറ്റി പെപ് ഗാർഡിയോളക്ക് കീഴിലെ അവരുടെ പ്രതാപത്തിലേക്ക് തന്നെ തിരിച്ചുവരിക ആണ്‌.

ഈ സീസണിൽ ഇതുവരെ സിറ്റി ആകെ തോൽവിയറിഞ്ഞത് രണ്ട് തവണയാണ്. അവസാന പത്ത് മത്സരങ്ങളിൽ ഒമ്പതിലും ആധികാരിക ജയം. 18 കളികളിൽ നിന്ന് 38 പോയന്റുകളുമായി ഇപ്പോൾ ലീഗിൽ രണ്ടാമത്. ഒന്നാമതുള്ള യുണൈറ്റഡിനു രണ്ടു പോയിന്റ് മാത്രം പിന്നിൽ. കയ്യിൽ ഒരു കളി ബാക്കിയിരിക്കെ ശരിയായ ഒന്നാം സ്ഥാനം സിറ്റിയുടെ കയ്യിലേക്ക് വരാൻ താമസമുണ്ടായേക്കില്ല.

എല്ലാ മത്സരത്തിലും സമ്പൂർണ്ണ ആധിപത്യം ലക്ഷ്യമാക്കി കളിമെനയുന്ന പെപിൻറെ തുറുപ്പ്ചീട്ട് സിറ്റി മധ്യനിരയുടെ കരുത്തും ആഴവും തന്നെയാണ്. എതിർ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന ഡിഫൻസീവ് മിഡ് റോഡ്രിയും ഫെർണാണ്ടിനോയും കളത്തിലെവിടെയും പന്തെത്തിച്ച് കൊടുക്കാൻ കഴിവുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിയേറ്റീവ് മിഡ്‌ഫീൽഡർ കെവിൻ ഡി ബ്രിയുനും കൃത്യതയാർന്ന ഫിനിഷും വേഗവും കൈമുതലായുള്ള ഗുണ്ടോഗണും ഗ്രൗണ്ടിൽ ഒഴുകി നീങ്ങുന്ന ബെർണാഡോ സിൽവ, ചെറുപ്രായത്തിൽ തന്നെ കേളീമികവുകൊണ്ട് വിസ്മയിപ്പിക്കുന്ന ഫിൽ ഫോഡൻ എന്നിവരും കളം നിറയുമ്പോൾ എതിരാളികൾ പലപ്പോഴും നിസ്സഹായരായി മാറുന്നു.

റൂബൻ ഡയസിന്റെ വരവ് അവസാന വർഷങ്ങളിൽ സിറ്റിയുടെ ഡിഫൻസിൽ ഉണ്ടായിരുന്ന അസ്ഥിരത കൂടെ ഇല്ലാതാക്കി‌. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിലും ക്ലീൻഷീറ്റോടെ ആയിരുന്നു സിറ്റിയുടെ വിജയം. ലീഗിൽ പകുതി മത്സരങ്ങളും കഴിയുമ്പോൾ സിറ്റി ആകെ വഴങ്ങിയത് വെറും 13 ഗോളുകളാണ്‌

താളം വീണ്ടെടുത്ത ഈ സിറ്റിയെ തോൽപ്പിക്കാൻ പ്രീമിയർ ലീഗ് ടീമുകൾ ഇനിയൊന്ന് വിയർക്കും എ‌ന്ന് തന്നെ പറയാം. കിരീടങ്ങൾ തിരികെ നേടാനായി വീണ്ടും ഗാർഡിയോളയിൽ വിശ്വാസമർപ്പിച്ച് കരാർ നീട്ടിയ മാഞ്ചസ്റ്റർ സിറ്റി മാനേജ്മെന്റിന് തെറ്റിയില്ലന്ന് ആണ് സിറ്റിയുടെ ഈ പുതിയ മുഖം തെളിയിക്കുന്നത്‌

Exit mobile version