മറഡോണയോട് ആദരമർപ്പിച്ച് നാപ്പോളി

സെരി എയിൽ രോമക്കെതിരെയുള്ള മത്സരത്തിനിടെ മറഡോണയോട് ആദരമർപ്പിച്ച് നാപ്പോളി താരങ്ങൾ. അർജന്റീന ഇതിഹാസത്തിന്റെ പേരാണിഞ്ഞ ജേഴ്സിയുമിട്ടാണ് നാപ്പോളി താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങിയത്. അർജന്റീന ദേശീയ ടീമിന്റെ ജേഴ്സിയുമായി സാമ്യമുള്ള ജേഴ്സിയാണ് നാപ്പോളി താരങ്ങൾ അണിഞ്ഞത്.

മത്സരത്തിന് ഇറങ്ങിയ താരങ്ങൾ കറുത്ത ബാൻഡ് അണിയുകയും മത്സരത്തിന് മുൻപ് മറഡോണയുടെ മരണത്തിൽ അനുശോചിച്ച് ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. മറഡോണയുടെ മികവിലാണ് നാപ്പോളി ഇതുവരെ നേടിയ രണ്ട് ലീഗ് കിരീടങ്ങളും നേടിയത്. 1987ലും 1990ലും നാപ്പോളിയെ ലീഗ് കിരീടത്തിലേക്ക് നയിച്ച മറഡോണ 1989ൽ യുവേഫ കപ്പും നാപ്പോളിക്ക് നേടി കൊടുത്തിരുന്നു.

ഏകപക്ഷീയമായ നാല് ഗോളുകൾക്ക് നാപ്പോളി റോമയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. നാപ്പോളിക്ക് വേണ്ടി ലോറെൻസോ ഇൻസൈൻ, ഫാബിയാൻ റൂയിസ്, മെർറ്റൻസ്, മറ്റേയ പോളിറ്റനോ എന്നിവരാണ് ഗോളുകൾ നേടിയത്.