ചെന്നൈ നിരയില്‍ കളിക്കാന്‍ തുടങ്ങിയ ശേഷം തന്റെ കളി വളരെ അധികം മെച്ചപ്പെട്ടു – സാം കറന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ കളിക്കുവാന്‍ തുടങ്ങിയതോട് കൂടി തന്റെ കളി ഏറെ മെച്ചപ്പെട്ടുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് യുവ ഓള്‍റൗണ്ടര്‍ സാം കറന്‍. ഫ്രാഞ്ചൈസിയ്ക്ക് വളര മോശം സീസണായിരുന്നുവെങ്കിലും സാം കറന്‍ ഈ സീസണില്‍ ചെന്നൈ നിരയിലെ മികവുറ്റ പ്രകടനം പുറത്തെടുത്ത ചുരുക്കം താരങ്ങളില്‍ ഒരാളായിരുന്നു.

ചെന്നൈയ്ക്ക് വേണ്ടി സീസണില്‍ 14 മത്സരങ്ങളിലും കളിച്ച താരം അതിന് അവസരം കിട്ടിയ നാല് താരങ്ങളില്‍ ഒരാളായിരുന്നു. താരം 13 വിക്കറ്റും 320ലധികം റണ്‍സും ടൂര്‍ണ്ണമെന്റില്‍ നേടിയിരുന്നു. ഓപ്പണിംഗും പിഞ്ച് ഹിറ്ററും ഫിനിഷറെന്ന നിലയിലും ബാറ്റിംഗില്‍ ചെന്നൈ താത്തെ ഉപയോഗിച്ചു. അത് പോലെ ബൗളിംഗില്‍ ന്യൂ ബോളും ഡെത്ത് ഓവറില്‍ പന്തെറിയുവാനും താരത്തിന് അവസരം ലഭിച്ചു.

അടുത്തിടെ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനും സാം കറന്റെ കളി മികവ് ഐപിഎലിന് ശേഷം മെച്ചപ്പെട്ടിട്ടുണ്ടെന്നും താരം ഇപ്പോള്‍ വലിയ ആത്മവിശ്വാസം കാണിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. തന്റെ ഐപിഎലിലെ പാഠങ്ങളില്‍ നിന്ന് താന്‍ തന്റെ കളി മികവ് അടുത്ത തലത്തിലേക്ക് ഉയര്‍ത്തിയെന്ന് വിശ്വസിക്കുന്നുവെന്നാണ് സാം കറന്‍ വ്യക്തമാക്കിയത്.