ഹ്യൂസ്ക്കക്കെതിരായ ലാ ലീഗ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ബാഴ്‌സലോണക്ക് ഉജ്ജ്വല ജയം. ഒന്നിനെതിരെ നാല് ഗോളുകളായിരുന്നു ബാഴ്‌സലോണയുടെ ജയം. ജയത്തോടെ ലാ ലീഗ കിരീട പോരാട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനെക്കാൾ നാല് പോയിന്റ് പുറകിലെത്താനും ബാഴ്‌സലോണക്കായി.
ബാഴ്‌സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച സാവിയുടെ റെക്കോർഡിനൊപ്പമെത്തിയ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ മെസ്സിയാണ് ബാഴ്‌സലോണക്ക് ജയം അനായാസമാക്കിയത്. ബാഴ്‌സലോണ ജേഴ്സിയിൽ മെസ്സിയുടെ 767മത്തെ മത്സരമായിരുന്നു ഇത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പെനാൽറ്റി ബോക്സിനു പുറത്തുനിന്നുള്ള മികച്ചൊരു ഷോട്ടിലൂടെയാണ് മെസ്സി ബാഴ്‌സലോണയുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് മെസ്സിയുടെ ഗോളിന് സമാനമായ രീതിയിൽ തന്നെ അന്റോണിയോ ഗ്രീസ്മനും ഗോൾ നേടി ബാഴ്‌സലോണയുടെ ലീഡ് ഇരട്ടിയാക്കി.
എന്നാൽ ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ പെനാൽറ്റിയിലൂടെ റഫ മിർ ഒരു ഗോൾ മടക്കി ഹ്യൂസ്കക്ക് പ്രതീക്ഷ നൽകിയെങ്കിലും മെസ്സിയുടെ പാസിൽ നിന്ന് ഓസ്കാർ മിൻഗൂസ മൂന്നാമത്തെ ഗോളും നേടിയതോടെ ബാഴ്‌സലോണ ജയം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഇഞ്ചുറി ടൈമിൽ മെസ്സി മത്സരത്തിൽ തന്റെ രണ്ടാമത്തെ ഗോളും നേടിയതോടെ ബാഴ്‌സലോണ വിജയം പൂർത്തിയാക്കുകയായിരുന്നു.