ടെന്നീസിലും വേൾഡ്കപ്പ് ട്രെന്റ് !

വന്മരങ്ങൾ കട പുഴകി വീഴുന്ന ഫുട്‌ബോൾ വേൾഡ് കപ്പ് ട്രെന്റ് വിംബിൾഡൺ ടെന്നീസിനേയും ബാധിച്ചെന്ന് വേണം കരുതാൻ. വനിതാ വിഭാഗത്തിൽ ആദ്യ പത്ത് സീഡുകളിൽ അവശേഷിക്കുന്നത് വെറും ഒരേയൊരു താരമാണ്! ഏഴാം സീഡ് പ്ലിസ്ക്കോവ. പുരുഷന്മാരിലും സ്ഥിതി വ്യത്യസ്തമല്ല. ആദ്യ പത്തിൽ നിന്ന് ഇതുവരെ കൊഴിഞ്ഞത് ആറ് താരങ്ങളാണ്. ടൂർണമെന്റ് ഇപ്പോഴും പ്രീ ക്വാർട്ടർ മത്സരങ്ങളോളം മാത്രം ചെറുപ്പമാണെന്ന് ഓർക്കണം.

വർഷത്തിലെ ആകെ നാലു ഗ്രാൻഡ്സ്ലാമുകളിൽ മൂന്നിൽ നിന്നും വ്യത്യസ്തമാണ് വിംബിൾഡണിലെ സീഡിംഗ് സിസ്റ്റം. ആദ്യ ഗ്രാൻഡ്സ്ലാമായ ഓസ്‌ട്രേലിയൻ ഓപ്പൺ, രണ്ടാമത്തെ ഫ്രഞ്ച് ഓപ്പൺ, നാലാമത്തേതും അവസാനത്തേതുമായ യുഎസ് ഓപ്പൺ എന്നിവയിലൊക്കെ യഥാക്രമം എടിപി, ഡബ്ള്യുടിഎ റാങ്കിങ് അനുസരിച്ച് പുരുഷൻമാരുടെയും, വനിതകളുടെയും സീഡിംഗ് തീരുമാനിക്കുമ്പോൾ വിംബിൾൺ പിന്തുടരുന്നത് വേറിട്ട രീതിയാണ്. വിംബിൾഡണിന് മുന്നോടിയായി നടക്കുന്ന ടൂർണമെന്റിലെ ഫോം വരെ ഇവിടെ കണക്കിലെടുക്കും എന്നതാണ് പ്രത്യേകത. ഏറ്റവും പഴക്കമുള്ള പുൽകോർട്ടിലെ ഏക ഗ്രാൻഡ്സ്ലാമിന് അതിന്റെതായ ചില പാരമ്പര്യ സമ്പ്രദായങ്ങളുണ്ട്. ഫ്രഞ്ച് ഓപ്പൺ ജയിച്ച് ചരിത്രം സൃഷ്ടിച്ച് നിൽക്കുന്ന ഒന്നാം നമ്പറായ റാഫേൽ നദാൽ ടൂർണമെന്റിൽ രണ്ടാം സീഡ് ആയതും, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റോജർ ഫെഡറർ ഒന്നാം സീഡായതും, പ്രൊഫഷണൽ മത്സരങ്ങളിലേക്ക് തിരികെ എത്തിയ റാങ്കിങ്ങിൽ പുറകെ സെറീനയ്ക്ക് 25 സീഡ് നൽകിയതും പിന്തുടരുന്ന രീതിയിലെ പ്രത്യേകത കൊണ്ടാണ്.

ഒരു ടൂർണമെന്റിൽ ആകെ നൽകുന്ന 32 സീഡുകളിൽ സെറീനയെ ഉൾപ്പെടുത്തിയത് മൂലം സീഡില്ലാ താരമായി കളിക്കേണ്ടി വന്ന സിബുൽക്കോവയെ പോലുള്ള താരങ്ങൾ ഈ വേറിട്ട സീഡിങ്ങിനെതിരെ ശബ്ദമുയർത്തി കഴിഞ്ഞു. പരിക്കിൽ നിന്ന് മുക്തരായി എത്തിയ നല്ല കളിക്കാരെ ആദ്യ റൗണ്ടിൽ ഇപ്പഴത്തെ റാങ്കിങ്ങിന് മുന്നിൽ നിൽക്കുന്ന കളിക്കാരെ നൽകിയ ഡ്രോക്കെതിരെ ആദ്യ റൗണ്ടിൽ പുറത്തായ ദിമിത്രോവും നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ച് കാലങ്ങൾക്ക് മുന്നേ വെള്ള വസ്ത്രമെന്ന ചിട്ടയായ രീതിക്കെതിരെ അഭിപ്രായ വ്യത്യാസം അറിയിച്ച റോജർ ഫെഡററെ പോലുള്ള കളിക്കാരെ പോലും അവഗണിച്ച പാരമ്പര്യമുള്ള വിംബിൾഡണിൽ ഒന്നും മാറാൻ പോകുന്നില്ല എന്നതാണ് സത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial