വിംബിൾഡൺ പുരുഷ ഡബിൾസ് കിരീടം നേടുന്ന ക്രൊയേഷ്യൻ താരങ്ങൾ മാത്രം അടങ്ങുന്ന ആദ്യ ടീമായി ഒന്നാം സീഡ് ആയ മറ്റെ പാവിച്, നിക്കോള മെക്റ്റിച് സഖ്യം. നാലാം സീഡ് ആയ സ്പാനിഷ്, അർജന്റീനൻ സഖ്യമായ മാർസൽ ഗ്രനോലേർസ്, ഹോറാസിയോ സെബലോസ് സഖ്യത്തെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് ക്രൊയേഷ്യൻ സഖ്യം വീഴ്ത്തിയത്. ആദ്യ സെറ്റിൽ നിർണായകമായ ആദ്യ ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു നേടിയ ക്രൊയേഷ്യൻ സഖ്യം മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ ഇരു ടീമുകളും സർവീസ് വിട്ട് കൊടുക്കാൻ തയ്യാറാവാതിരുന്നപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക്.
ടൈബ്രേക്കറിൽ മികച്ച പോരാട്ടം തന്നെയാണ് ഇരു ടീമുകളും പുറത്ത് എടുത്തത്. ഒടുവിൽ ജയം പിടിച്ച് എടുത്ത ക്രൊയേഷ്യൻ സഖ്യം സെറ്റ് സ്വന്തമാക്കി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. എന്നാൽ മൂന്നാം സെറ്റിൽ ഇരട്ട ബ്രൈക്കുകൾ കണ്ടത്തിയ സ്പാനിഷ്, അർജന്റീനൻ സഖ്യം സെറ്റ് 6-2 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. കടുത്ത പോരാട്ടം ആണ് നാലാം സെറ്റിൽ കണ്ടത്. ഇരു ടീമുകളും സർവീസ് വിട്ട് കൊടുക്കാതെ അതിശക്തമായി പൊരുതി. എന്നാൽ ഒടുവിൽ നിർണായക ബ്രൈക്ക് എതിരാളികളുടെ അവസാന സർവീസിൽ കണ്ടത്തിയ ക്രൊയേഷ്യൻ സഖ്യം സെറ്റ് 7-5 നു നേടി തങ്ങളുടെ ആദ്യ വിംബിൾഡൺ കിരീടം സ്വന്തമാക്കി. സീസണിൽ ഉജ്ജ്വല ഫോമിലുള്ള ക്രൊയേഷ്യൻ സഖ്യത്തിന് മറ്റൊരു കിരീട നേട്ടം കൂടിയായി വിംബിൾഡൺ.