പതിനേഴുകാരിയായ അമേരിക്കൻ യുവ താരവും 20 സീഡുമായ കൊക്കോ ഗോഫിന് മേൽ ഏകപക്ഷീയ ജയം നേടി മുൻ വിംബിൾഡൺ ജേതാവ് ആഞ്ചലി കെർബർ വിംബിൾഡൺ അവസാന എട്ടിൽ. 2018 ലെ ജേതാവ് ആയ കെർബർ പുൽ മൈതാനത്ത് താൻ ഇന്നും അപകടകാരിയാണ് എന്ന വ്യക്തമായ സൂചന ഇന്ന് നൽകി. 25 സീഡ് ആയ കെർബർക്ക് എതിരെ ജയം പ്രതീക്ഷിച്ചു തന്നെയാണ് ഗോഫ് കളത്തിൽ ഇറങ്ങിയത്. എന്നാൽ തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം നേടുന്ന കെർബറിനെയാണ് മത്സരത്തിൽ കണ്ടത്. ആദ്യ സെറ്റിൽ 6-4 നു ജയം കണ്ട കെർബർ മത്സരത്തിൽ മുൻതൂക്കം കണ്ടത്തി.
രണ്ടാം സെറ്റിൽ സെന്റർ കോർട്ട് കാണികളുടെ പൂർണ പിന്തുണയോടെ മത്സരത്തിൽ തുടരാൻ ഗോഫ് സകല ശ്രമവും നടത്തി. എന്നാൽ കെർബർ തന്റെ അനുഭവസമ്പത്ത് മത്സരത്തിൽ കൊണ്ടു വന്നപ്പോൾ ഒരിക്കൽ കൂടി സെറ്റ് 6-4 നു വഴങ്ങി ഗോഫ് മത്സരം കൈവിട്ടു. മത്സരത്തിൽ 2 തവണ കെർബറിനെ ബ്രൈക്ക് ചെയ്യാൻ സാധിച്ച ഗോഫ് പക്ഷെ 4 തവണ ബ്രൈക്ക് വഴങ്ങി. 6 തവണ ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ച ഗോഫിന് രണ്ടണ്ണം മാത്രമാണ് നേടാൻ ആയതെങ്കിൽ 5 ബ്രൈക്ക് പോയിന്റുകളിൽ 4 എണ്ണവും കെർബർ നേടി. വീണ്ടുമൊരു വിംബിൾഡൺ കിരീടം ലക്ഷ്യമിട്ട് കെർബർ ക്വാർട്ടർ ഫൈനലിലേക്ക് പോവുമ്പോൾ വീണ്ടും ഒരു ഗ്രാന്റ് സ്ലാമിലെ വലിയ നേട്ടത്തിന് ഗോഫ് ഇനിയും കാത്തിരിക്കേണ്ടി വരും.