ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ കളിക്കും, തമീം കളിച്ചേക്കില്ല

സിംബാബ്‍‍വേയ്ക്കെതിരെയുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ റഹീം കളിക്കും. അതേ സമയം തമീം ഇക്ബാല്‍ കളിക്കുമെന്നത് ഉറപ്പില്ല. ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു താരങ്ങളും പരിക്കിന്റെ പിടിയലാണ്. ഇതിൽ മുഷ്ഫിക്കുര്‍ ജൂലൈ ഏഴിന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുമ്പ് ഫിറ്റായി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

സന്നാഹ മത്സരങ്ങളിലും ഇരു താരങ്ങളെയും ബംഗ്ലാദേശ് ടീം മാനേജ്മെന്റ് കളിപ്പിച്ചിരുന്നില്ല. പരിക്ക് കാരണം ഇരു താരങ്ങളും ധാക്ക പ്രീമിയര്‍ ലീഗിലെ അവസാന റൗണ്ട് മത്സരത്തിലും പങ്കെടുത്തില്ല. തമീമിനോട് ദൈര്‍ഘ്യമേറിയ വിശ്രമമാണ് ഓസ്ട്രേലിയക്കാരന്‍ കൺസള്‍ട്ടന്റ് ഡേവിഡ് യംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. താരത്തിന്റെ മുട്ടിനും മുഷ്ഫിക്കുറിന്റെ വിരലുകള്‍ക്കുമാണ് പരിക്ക്.

മുഷ്ഫിക്കുര്‍ കളിക്കുമെന്ന് ഉറപ്പാണെങ്കിലും തമീമിന്റെ കാര്യത്തിൽ നൂറ് ശതമാനം ഉറപ്പ് പറയാനാകില്ലെന്നും റസ്സൽ ഡൊമിംഗോ വ്യക്തമാക്കി.

Previous articleയുവ ഗോൾ കീപ്പർ ആര്യൻ നീരജ് ലംബ കേരള യുണൈറ്റഡിൽ
Next articleഗോഫിന്റെ സമയം ആയിട്ടില്ല, കൊക്കോയെ വീഴ്‌ത്തി കെർബർ വിംബിൾഡൺ ക്വാർട്ടറിൽ