വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം ആഷ് ബാർട്ടി. നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവ് ബാർബൊറ ക്രജികോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഓസ്‌ട്രേലിയൻ താരം അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചത്. ആദ്യ സെറ്റിൽ മികച്ച പോരാട്ടം കണ്ടങ്കിലും സെറ്റ് നിർണായക ബ്രൈക്ക് കണ്ടത്തിയ ബാർട്ടി 7-5 നു നേടി. രണ്ടാം സെറ്റിൽ കൂടുതൽ ആധികാരികമായി കളിച്ച ബാർട്ടി 6-3 നു സെറ്റ് നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത ബാർട്ടി 5 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തുകയും 2 തവണ ബ്രൈക്ക് വഴങ്ങുകയും ചെയ്തു. എന്നാൽ എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്ത ബാർട്ടി അനായാസ ജയവുമായി വിംബിൾഡൺ അവസാന എട്ടിലേക്ക് മുന്നേറി.
അതേസമയം റഷ്യൻ താരം ലുഡ്മില സാംസനോവയെ വീഴ്‌ത്തി ചെക് താരവും എട്ടാം സീഡും ആയ കരോലിന പ്ലിസ്കോവയും വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തി. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ചെക് താരം 6-2, 6-3 എന്ന സ്കോറിന് ജയം കണ്ടാണ് കരിയറിലെ ആദ്യ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തിയത്. 2010 ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷമുള്ള താരത്തിന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനൽ കൂടിയാണ് ഇത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത ചെക് താരം ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും ലഭിച്ച 6 ബ്രൈക്ക് പോയിന്റുകളിൽ നാലെണ്ണവും പോയിന്റുകൾ ആക്കി മാറ്റിയാണ് ജയം നേടിയത്.