ഗോകുലത്തിന്റെ ഗോൾ മെഷീനായിരുന്ന മാർക്കസ് ഇനി കൊൽക്കത്തയിൽ കളിക്കും

ഗോകുലം കേരളയുടെ ഡ്യൂറണ്ട് കിരീടത്തിൽ നിർണായക പങ്കുവഹിച്ച സ്ട്രൈക്കർ മാർക്കസ് ജോസഫ് ഇനി കൊൽക്കത്തയിൽ കളിക്കും. മാർക്കസ് ജോസഫിനെ ഐ ലീഗ് ക്ലബായ മൊഹമ്മദൻസ് ആകും സ്വന്തമാക്കുന്നത്. താരം മൊഹമ്മദൻസ് എസ് സിയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സീസൺ ഐ ലീഗിനായി വലിയ സൈനിംഗുകൾ ആണ് മൊഹമ്മദൻസ് നടത്തുന്നത്. മാർക്കസ് ജോസഫിനെ സൈൻ ചെയ്യും മുമ്പ് അവർ മൂന്ന് വിദേശ താരങ്ങളെ സൈൻ ചെയ്തു കഴിഞ്ഞു.

ഗോകുലം കേരളക്കായി 30 മത്സരങ്ങൾ കളിച്ചിട്ടുള്ള മാർക്കസ് 25 ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്. 2019 ഡ്യൂറണ്ട് കപ്പ് ഫൈനലിൽ മാർക്കസിന്റെ ഇരട്ട ഗോളുകൾ ആയിരുന്നു ഗോകുലം കേരളക്ക് കിരീടം നേടിക്കൊടുത്തത്. ഗോകുലം കേരള സീനിയർ ടീമിന്റെ ആദ്യ മേജർ കിരീടം ആയിരുന്നു അത്. ആ ഡ്യൂറണ്ട് കപ്പിൽ 10 ഗോളുകൾ നേടി താരം ഗോൾഡൻ ബൂട്ടും നേടിയിരുന്നു. ഒന്നര വർഷത്തോളം മാർകസ് ഗോകുലത്തിന്റെ ഭാഗമായിരുന്നു. ഇപ്പോൾ ട്രിനിഡാഡ് ടൊബഗോ ദേശീയ ടീമിന്റെ പ്രധാന സ്ട്രൈക്കറുമാണ് മാർക്കസ്.

Previous articleഫെലിപെ ആൻഡേഴ്സൺ ലാസിയോയിലേക്ക് തിരികെയെത്തുന്നു
Next articleഫ്രഞ്ച് ഓപ്പൺ ജേതാവിനെ തകർത്തു ഒന്നാം സീഡ് ആഷ് ബാർട്ടി വിംബിൾഡൺ ക്വാർട്ടറിൽ