ആദ്യ മത്സരത്തിൽ എന്ന പോലെ ചെറിയൊരു പോരാട്ടത്തിൽ ഒടുവിൽ മാത്രമാണ് സെറീന വില്യംസിന് മൂന്നാം റൗണ്ടിലേക്ക് കടക്കാൻ സാധിച്ചത്. ആദ്യ സെറ്റിൽ സെറീന വില്യംസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് സ്ലോവേനിയാൻ താരം ഖാജ യുവാൻ. പല തവണ ഇരട്ട സർവ്വീസ് പിഴവുകൾ വരെ ആവർത്തിച്ച സെറീന വില്യാസിനെതിരെ 6-2 നു യുവാൻ ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ മത്സരം പുരോഗമിക്കും തോറും കൂടുതൽ കരുത്താർജിക്കുന്ന സെറീന വില്യംസിനെയാണ് പിന്നീട് മത്സരത്തിൽ കണ്ടത്. ഒന്നാം സെറ്റിനു അതേനാണയത്തിൽ തന്നെ മറുപടി നൽകിയ സെറീന രണ്ടാം സെറ്റ് 6-2 നു കൈക്കലാക്കി. രണ്ടാം സെറ്റിൽ എന്ന പോലെ പിഴവുകൾ ആവർത്തിച്ച യുവാന്റെ സർവ്വീസുകൾ സെറീന തുടർച്ചയായി ബ്രൈക്ക് ചെയ്തു. എന്നാൽ വീണ്ടുമൊരു ഇരട്ട സർവീസ് പിഴവ് വരുത്തിയ സെറീന യുവാന് നേരിയ പ്രതീക്ഷ നൽകി. എന്നാൽ അവസാന സർവ്വീസിൽ ഒരവസരവും യുവാനു നൽകാതിരുന്ന സെറീന സെറ്റ് 6-4 നു സ്വന്തമാക്കി മൂന്നാം റൗണ്ട് പ്രവേശനം ഉറപ്പാക്കി. ഓരോ മത്സരശേഷവും കൂടുതൽ കരുത്ത് നേടുന്ന സെറീന തന്റെ മികച്ച പ്രകടനത്തിലേക്കു പടി പടിയായി അടുക്കുകയാണ്.
അമേരിക്കയുടെ സീഡ് ചെയ്യാത്ത ലോറൻ ഡേവിസാണ് നിലവിലെ വിംബിൾഡൺ ജേതാവും 5 സീഡുമായ ജർമ്മൻ താരം ആഞ്ചലി കെർബറെ ഞെട്ടിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ ഡേവിസിന് മുന്നിൽ കെർബർ അടിയറവ് പറഞ്ഞു. ആദ്യ സെറ്റ് 6-2 നു നേടിയ ഡേവിസിന് എതിരെ രണ്ടാം സെറ്റ് 6-2 നു തന്നെ തിരിച്ച് പിടിച്ച് പോരാട്ട വീര്യം കാണിച്ച കെർബറിന് പക്ഷെ മൂന്നാം സെറ്റിൽ ഒരു മറുപടിയും ഉണ്ടായില്ല. 6-1 നു മൂന്നാം സെറ്റും മത്സരവും അമേരിക്കൻ താരതത്തിനു സ്വന്തം. ആദ്യ എട്ടിൽ എങ്കിലും എത്തും എന്ന് പ്രതീക്ഷിച്ച കെർബറിന് ഇത് വലിയ തിരിച്ചടിയായി. മറ്റ് മത്സരങ്ങളിൽ ബ്രിട്ടീഷ് താരം ജൊഹാന കോന്റ നേരിട്ടുള്ള സെറ്റുകൾക്ക് സിനിക്കോവയെ തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ എത്തി. സ്‌കോർ – 6-3,6-4. എന്നാൽ അമേരിക്കയുടെ ടെയിലർ തൗസന്റിനെതിരെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനു ഒടുവിലായിരുന്നു നാലാം സീഡ് കിക്കി ബെർട്ടൻസിന്റെ രണ്ടാം റൗണ്ടിലെ ജയം. സ്‌കോർ – 6-3,7-6,6-2.