വിംബിൾഡണിൽ ഫെഡറർ മുന്നോട്ടു, മാരിൻ സിലിച്ചിനെ അട്ടിമറിച്ച് സോസ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ മത്സരത്തിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ച് വന്നായിരുന്നു ജയമെങ്കിൽ ഇത്തവണ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാണ് റോജർ ഫെഡറർ വിംബിൾഡൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. വൈൾഡ്‌ കാർഡ്‌ പ്രവേശനമായി വിംബിൾഡനിൽ എത്തിയ ബ്രിട്ടീഷ്കാരനായ 20 വയസ്സ്കാരൻ ജെയ് ക്ലാർക്കായിരുന്നു ഫെഡററിന്റെ രണ്ടാം റൗണ്ട് എതിരാളി. ആന്റി മറെയല്ലാതെ വിംബിൾഡനിൽ മറ്റൊരു ബ്രിട്ടീഷ് താരത്തോടും ഒരിക്കലും തോറ്റിട്ടില്ലാത്ത ഫെഡറർ ക്ലാർക്കിന്റെ ആദ്യ സർവ്വീസ് തന്നെ ബ്രൈക്ക് ചെയ്ത് തന്റെ നയം വ്യക്തമാക്കി. ആദ്യ സെറ്റിൽ ഫെഡററുറെ സർവീസ് ഭേദിക്കാൻ ക്ലാർക്ക് അവസരം ഉണ്ടാക്കിയെങ്കിലും അത് മുതലാക്കാൻ ക്ലാർക്കിനായില്ല. 6-1 നു ആദ്യ സെറ്റ് ഫെഡറർ സ്വന്തമാക്കി.

രണ്ടാം സെറ്റിൽ കുറച്ച് കൂടി നന്നായി കളിച്ച ക്ലാർക്ക് തന്റെ സകല കഴിവും മത്സരത്തിൽ പ്രകടമാക്കി. നന്നായി പൊരുതിയ ക്ലാർക്കിന് എതിരെ ഇത്തവണ ടൈബ്രേക്ക് വരെ നീണ്ട പോരാട്ടത്തിൽ ഒടുവിലാണ് ഫെഡറർ സെറ്റ് സ്വന്തമാക്കിയത്. സ്‌കോർ 7-6. എന്നാൽ മൂന്നാം സെറ്റിൽ ക്ലാർക്കിന് വലിയ അവസരങ്ങൾ ഒന്നും നൽകാതിരുന്ന ഫെഡറർ 6-2 നു മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി. ആദ്യ മത്സരത്തിലെ രണ്ടാം സെറ്റ് മുതൽ മികച്ച പ്രകടനം പുറത്തെടുത്ത ഫെഡററെയാണ് ഇന്ന് മത്സരത്തിൽ ഉടനീളം കണ്ടത്. വിംബിൾഡനിൽ 100 ജയമെന്ന ചരിത്രനേട്ടം പിന്തുടരുന്ന ഫെഡറർ അതിനു ഇനി 3 ജയം മാത്രം അകലെയാണ്. എതിരാളികൾക്ക് വലിയ മുന്നറിയിപ്പാണ് ഈ പ്രകടനത്തിലൂടെ ഫെഡറർ നൽകിയത്.

എന്നാൽ 13 സീഡും 2017 വിംബിൾഡൺ ഫൈനലിൽ ഫെഡററിന്റെ എതിരാളിയുമായ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിന്റെ പരാജയം അപ്രതീക്ഷിതമായി. സീഡ് ചെയ്യപ്പെടാത്ത പോർച്ചുഗീസ് താരം ജോ സോസക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിലിച്ച് പരാജയം ഏറ്റുവാങ്ങിയത്. ഓരോ സെറ്റിലും സിലിച്ചിന്റെ ഓരോ സർവ്വീസ് വീതം ബ്രൈക്ക് ചെയ്ത പോർച്ചുഗീസ് താരം 6-4,6-4,6-4 എന്ന സ്കോറിന് ജയിച്ച് സിലിച്ചിനെ നാട്ടിലേക്ക് പറഞ്ഞയച്ചു. അതേസമയം വലിയ സർവീസ്കൾക്ക് പേരുകേട്ട 9 സീഡ് അമേരിക്കൻ താരം ജോൺ ഇസ്‌നറും വിംബിൾഡനിൽ നിന്ന് പുറത്തായി. 5 സെറ്റ്(6-4,6-7,4-6,6-1,6-4) നീണ്ട പോരാട്ടത്തിന് ഒടുവിൽ മിഖായേൽ ആണ്‌ ഇസ്‌നെറെ അട്ടിമറിച്ചത്. മത്സരത്തിൽ 35 ഏസുകൾ ഉതിർത്തതെങ്കിലും അത് പോലും ഇസ്‌നർക്ക് ജയിക്കാൻ മതിയായിരുന്നില്ല. മറ്റ് മത്സരങ്ങളിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച് ഫ്രഞ്ച് താരമായ മുൻ ഗ്രാന്റ്‌ സ്‌ലാം ജേതാവായ സോങയും നാട്ടുകാരൻ തന്നെയായ പോളിയും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.