യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി എട്ടാം സീഡ് തന്റെ 24 ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസ്. അപകടകാരിയായ ചെക് താരം കരോളിന മുക്കോവക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അമേരിക്കൻ താരം ജയം കണ്ടത്. തന്റെ മികച്ച ഫോമിൽ കളിച്ച സെറീന നന്നായി സർവീസ് ചെയ്തു ഒപ്പം മുക്കോവയുടെ സർവീസുകളിലെ പിഴവുകൾ മുതലെടുക്കുകയും ചെയ്തു. ആദ്യ സെറ്റിൽ 6-3 നു സ്വന്തമാക്കിയ സെറീന തന്റെ മികച്ച ടെന്നീസ് ആണ് മത്സരത്തിൽ പുറത്തെടുത്തത്. രണ്ടാം സെറ്റിൽ 6-2 നു ജയം കണ്ട സെറീന അനായാസം നാലാം റൗണ്ടിലേക്ക് മുന്നേറി. തന്റെ റെക്കോർഡ് 24 മത്തെ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന സെറീനക്കു ഈ ഫോമിൽ അത് അസാധ്യമല്ല എന്നതാണ് സത്യം.
അതേസമയം 30 സീഡ് ജർമ്മനിയുടെ മരിയ സിക്കാരിക്ക് എതിരെ കരുത്തുറ്റ പ്രകടനം ആണ് രണ്ടാം സീഡ് ആഷ്ലി ബാർട്ടിയിൽ നിന്നുണ്ടായത്. നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട് നാലാം റൗണ്ടിലേക്ക് മുന്നേറിയ ഓസ്‌ട്രേലിയൻ താരം തന്റെ മികവ് മത്സരത്തിൽ വ്യക്തമാക്കി. ആദ്യ സെറ്റിൽ ബാർട്ടിക്ക് അൽപ്പം ബുദ്ധിമുട്ട് ജർമ്മൻ താരം ഉണ്ടാക്കിയപ്പോൾ 7-5 നാണ് ഓസ്‌ട്രേലിയൻ താരം ആദ്യ സെറ്റ് നേടിയത്. എന്നാൽ രണ്ടാണ് സെറ്റിൽ തുടക്കത്തിൽ തന്നെ ജർമ്മൻ താരത്തിന്റെ സർവീസ് ഭേദിച്ച ബാർട്ടി ആ ഫോമിൽ തുടർന്നപ്പോൾ 6-3 നു രണ്ടാം സെറ്റും മത്സരവും ഓസ്‌ട്രേലിയൻ താരത്തിനു സ്വന്തം.