യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ഫെഡററും, പ്ലിസ്‌കോവയും

ബ്രിട്ടീഷ് താരം ഡാനിയേൽ എവാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മൂന്നാം സീഡും ടെന്നീസ് ഇതിഹാസവുമായ റോജർ ഫെഡറർ യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ കടന്നു. ആദ്യ രണ്ട് റൗണ്ടുകളിൽ മോശം തുടക്കത്തിന് ശേഷം തിരിച്ചു വന്ന ഫെഡററെയാണ് കണ്ടത് എങ്കിൽ ഇന്ന് തന്റെ മികവിന്റെ പാരമ്യത്തിൽ നിൽക്കുന്ന ഫെഡറർ ആണ് അവതരിച്ചത്. ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ സീഡ് ചെയ്യാത്ത ബ്രിട്ടീഷ് താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു തുടങ്ങിയ ഫെഡറർ പിന്നീട് സെറ്റിലും മത്സരത്തിലും തിരിഞ്ഞു നോക്കിയില്ല. ബ്രൈക്കുകൾക്ക് പിറകെ ബ്രൈക്ക് നേടിയ സ്വിസ് താരം ആദ്യ സെറ്റ് 6-2 നു സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഒന്നാം സെറ്റിന്റെ തനി ആവർത്തനം കണ്ടപ്പോൾ രണ്ടാം സെറ്റും 6-2 ഫെഡറർ സ്വന്തമാക്കി.

മൂന്നാം സെറ്റിൽ ഫെഡററിന്റെ സർവീസ് ആദ്യമായി ബ്രൈക്ക് ചെയ്യാൻ എവാൻസിന് ആയെങ്കിലും ബ്രിട്ടീഷ് താരത്തിന്റെ സർവീസുകൾ ഭേദിച്ച ഫെഡറർ സെറ്റും മത്സരവും 6-1 നു സ്വന്തമാക്കി നാലാം റൗണ്ടിലേക്ക് മുന്നേറി. ഏതാണ്ട് 1 മണിക്കൂർ 15 മിനിറ്റു മാത്രമെ ഈ മത്സരം നീണ്ടുനിന്നുള്ളു. അതേസമയം വനിത വിഭാഗത്തിൽ ചെക് താരവും മൂന്നാം സീഡുമായ കരോളിന പ്ലിസ്കോവയും നാലാം റൗണ്ടിൽ കടന്നു. നന്നായി പൊരുതിയ ടുണീഷ്യൻ താരം ഒൻസ് ജബോറിനെതിരെ മൂന്നു സെറ്റ് പോരാട്ടത്തിന് ശേഷം ആയിരുന്നു പ്ലിസ്കോവയുടെ ജയം. ആദ്യ സെറ്റ് 6-1 നു നേടിയ ചെക് താരത്തിന് രണ്ടാം സെറ്റ് 6-4 നു നേടി നല്ല മറുപടിയാണ് ടുണീഷ്യൻ താരം നൽകിയത്. എന്നാൽ മൂന്നാം സെറ്റ് തുടക്കത്തിൽ തന്നെ ജബോറിന്റെ സർവീസ് ഭേദിച്ച് ആധിപത്യം നേടിയ ചെക് താരം സെറ്റ് 6-4 നു സ്വന്തമാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു.

Previous articleഔദ്യോഗിക പ്രഖ്യാപനം എത്തി, സ്മാളിംഗ് ഇനി റോമയിൽ
Next articleഅനായാസം സെറീന വില്യംസ്‌, ആഷ്ലി ബാർട്ടി